തിരുവനന്തപുരം: നിയമസഭാകക്ഷി നേതാവിനെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമസഭയില്‍ കേരള കോണ്‍ഗ്രസ്-എം ന്റെ മുന്‍ നിരയിലെ സീറ്റ് ഒഴിച്ചിടില്ലെന്നും നിയമസഭാ കക്ഷി ഉപനേതാവ് എന്ന നിലയില്‍ മുന്‍ നിരയില്‍ പി.ജെ ജോസഫിനു സീറ്റ് നല്‍കുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
പി.ജെ. ജോസഫിനാണ് നിയമസഭകക്ഷി നേതാവിന്റെ ചുമതലയെന്ന് അവകാശപ്പെട്ടുകൊണ്ട് മോന്‍സ് ജോസഫ് എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെ ഇതിനെ തിരുത്തി റോഷി അഗസ്റ്റിന്‍ എം.എല്‍.എ രംഗത്തെത്തിയിരുന്നു.
പി.ജെ. ജോസഫിന് നിയമസഭകക്ഷി നേതാവിന്റെ ചുമതല നല്‍കിയിട്ടില്ലെന്നും ഡെപ്യൂട്ടി ലീഡറെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി കണക്കാക്കുന്ന കീഴ്വഴക്കം പാര്‍ട്ടിയിലില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ കേരള കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവിനെ സംബന്ധിച്ചുള്ള രണ്ട് കത്തുകള്‍ സ്പീക്കറുടെ മുന്‍പിലെത്തി. ഈ തര്‍ക്കത്തിനാണ് ഒടുവില്‍ സ്പീക്കര്‍ പരിഹാരം കണ്ടത്.
നിയമസഭ കക്ഷി നേതാവായിരുന്ന കെ.എം. മാണിയുടെ ഇരിപ്പിടം പി.ജെ. ജോസഫിന് നല്‍കണമെന്നായിരുന്നു മോന്‍സ് ജോസഫിന്റെ കത്തിലെ ആവശ്യം. ഡെപ്യൂട്ടി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായിരുന്ന പി.ജെ. ജോസഫിനാണ് നിയമസഭ കക്ഷി നേതാവിന്റെ ചുമതല നല്‍കിയിരിക്കുന്നതെന്നും മോന്‍സ് ജോസഫ് കത്തില്‍ വിശദീകരിച്ചിരുന്നു. ഈ കത്ത് സ്പീക്കര്‍ പരിഗണിക്കുന്നതിനിടെയാണ് റോഷി അഗസ്റ്റിന്‍ എം.എല്‍.എയും സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.
അതേസമയം പതിനാലാം നിയമസഭയുടെ 15-ാം സമ്മേളനം ഇന്നാരംഭിക്കും. ആദ്യ ദിനം കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം മാണി അനുസ്മരണം മാത്രമായിരിക്കും ഉണ്ടാവുക. ജൂലൈ അഞ്ച് വരെയാണ് സമ്മേളനം.
ലോക്‌സഭാ തെരഞ്ഞെടുപ്പുഫലപ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യസമ്മേളനമാണിത്. ലോക്‌സഭയിലേക്കു മത്സരിച്ചു വിജയിച്ച കെ. മുരളീധരന്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.എം. ആരിഫ് എന്നിവര്‍ ഈ സമ്മേളനത്തിനിടെ നിയമസഭാംഗത്വം രാജിവയ്ക്കും.