കെ.എസ്.യു ക്യാമ്പില്‍ കൂട്ടത്തല്ല്; വിശദീകരണം ആവശ്യപ്പെട്ട് കെ.പി.സി.സി
Kerala News
കെ.എസ്.യു ക്യാമ്പില്‍ കൂട്ടത്തല്ല്; വിശദീകരണം ആവശ്യപ്പെട്ട് കെ.പി.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2024, 1:08 pm

തിരുവനന്തപുരം: കെ.എസ്.യു ക്യാമ്പില്‍ കൂട്ടത്തല്ല്. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന കെ.എസ്.യുവിന്റെ ക്യാമ്പിലാണ് കൂട്ടത്തല്ല് നടന്നത്. വാക്ക് തര്‍ക്കവും അഭിപ്രായ വ്യത്യാസവുമാണ് സംഘര്‍ഷത്തിനുള്ള കാരണം.

സംഘര്‍ഷത്തില്‍ കെ.എസ്.യു പാറശ്ശാല നിയോജക മണ്ഡലം പ്രസിഡന്റ് സുജിത്തിന് ഗുരുതര പരിക്കേറ്റു. നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്തിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രിയില്‍ മദ്യപിച്ചെത്തിയ നേതാക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും ഏറ്റുമുട്ടലിലേക്കെത്തുകയുമായിരുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കെ.എസ്.യു പ്രവര്‍ത്തകരല്ലാത്ത രണ്ടുപേര്‍ ക്യാമ്പിലേക്ക് എത്തിയെന്നും സൂചനയുണ്ട്. ഇടുക്കിയില്‍ നടന്ന കെ.എസ്.യു നേതൃക്യാമ്പില്‍ കെ.പി.സി.സി നേതൃത്വത്തിനും അധ്യക്ഷനുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും ചിലര്‍ പറഞ്ഞു.

യഥാര്‍ത്ഥ കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നും നേതാക്കള്‍ അറിയിച്ചു. സംഭവത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ വിശദീകരണം ആവശ്യപ്പെട്ടു.

ഇടുക്കി രാമക്കല്‍മേടില്‍ നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവിന് ശേഷം മേഖലാ തലത്തില്‍ ക്യാമ്പുകള്‍ നടത്താന്‍ കെ.എസ്.യു തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെ.എസ്.യു ക്യാമ്പ് നടത്തുന്നത്. ക്യാമ്പ് ഇന്ന് ഉച്ചയോടെ സമീപിക്കും.

Content Highlight: conflict in K.S.U camp