| Monday, 21st January 2019, 2:24 pm

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് സുരേന്ദ്രന്റെ അഭിഭാഷകന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍; ചാനല്‍ ബഹിഷ്‌കരണത്തെച്ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടി.വി ചാനലുകളിലെ പ്രൈം ടൈം ചര്‍ച്ച ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെച്ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത. ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്നത് മണ്ടന്‍ തീരുമാനമാണെന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം.

ബി.ജെ.പി പ്രതിനിധികള്‍ ബഹിഷ്‌കരിക്കുമ്പോള്‍ തന്നെ ബി.ജെ.പിയുടെ ഭാഗം പറയാന്‍ ഹിന്ദു ഐക്യവേദിയുടെയും ശബരിമല കര്‍മ്മസമിതിയുടെയും പ്രവര്‍ത്തകര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ഇതോടെ ബഹിഷ്‌കരണം ഫലത്തില്‍ ഇല്ലാതാവുകയാണന്നും ഇവര്‍ പറയുന്നു.

ALSO READ: അരുണ്‍ജെയ്റ്റ്‌ലിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ വിവരാവകാശ കമ്മീഷണറാക്കി; തെരഞ്ഞെടുക്കപ്പെട്ടത് അപേക്ഷ പോലും നല്‍കാതെ

നേരത്തെ പാര്‍ട്ടി തീരുമാനം വകവയ്ക്കാതെ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പി.കൃഷ്ണദാസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്.

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജനുവരി രണ്ടിന് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജനുവരി മൂന്നിന് ബി.ജെ.പി ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു.

ഈ ഹര്‍ത്താലില്‍ വ്യാപകമായ അക്രമമാണ് സംസ്ഥാനത്തുടനീളം ഉണ്ടായത്. മാധ്യമപ്രവര്‍ത്തകരെയും ആസൂത്രിതമായി ആക്രമിച്ചതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ വാര്‍ത്താസമ്മേളനം തിരുവനന്തപുരത്തും ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം കോഴിക്കോട്ടും മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചിരുന്നു.

ALSO READ: അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ അക്വേറിയത്തിലെ മീനാക്കിയല്ലോ: സന്ദീപാനന്ദഗിരി

ഇതിനെ തുടര്‍ന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ ബി.ജെ.പി പ്രതിനിധികള്‍ പങ്കെടുക്കേണ്ടെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ബി.ജെ.പി അനുകൂല ചാനലൊഴികെയുള്ളവയുടെ ചര്‍ച്ചകളില്‍ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്നുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനാണ് യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയും ബി.ജെ.പി സംസ്ഥാന സമിതി അംഗവും ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമായ പി. കൃഷ്ണദാസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. യാതൊരു വിശദീകരണവും കൂടാതെയാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു.

ALSO READ: അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യം: പിന്നാക്കക്കാരയവരാരും പങ്കെടുത്തില്ല, കണ്ടത് സവര്‍ണ്ണ ഐക്യമെന്നും വെള്ളാപ്പള്ളി

ഒരഭിഭാഷകന്‍ എന്ന നിലയിലാണ് പങ്കെടുത്തതെന്നും അക്കാര്യം അവതാരകന്‍ എടുത്തുപറഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടി നേതൃത്വത്തോട് വ്യക്തമാക്കിയിട്ടും മുന്‍വിധിയോടെ തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് നടപടിയെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിലെ അഭിഭാഷകന്‍ കൂടിയാണ് കൃഷ്ണദാസ്.

ശബരിമല കേസില്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിടച്ചപ്പോള്‍ ജാമ്യമെടുക്കാനും മറ്റും മുന്നില്‍ നിന്നത് കൃഷ്ണദാസായിരുന്നു. ഇതാണ് നടപടി ഗ്രൂപ്പടിസ്ഥാനത്തിലാണ് എന്ന ആരോപണമുയര്‍ത്തിയത്.

ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.രാമന്‍പിള്ള കഴിഞ്ഞ ദിവസം ഇതേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിട്ടും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതും ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ഒരു വിഭാഗം ആയുധമാക്കുന്നുണ്ട്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more