|

ലക്ഷ്യം സുരേന്ദ്രനും മുരളീധരനും; ബി.ജെ.പിയില്‍ പോര് ശക്തമാക്കി മറുപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ നീക്കം ശക്തമാക്കി ബി.ജെ.പിയിലെ മറുവിഭാഗം. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും തന്നിഷ്ടപ്രകാരം സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചുവെന്നാണ് ഔദ്യോഗിക വിരുദ്ധ പക്ഷത്തിന്റെ നിലപാട്.

പിന്തുണയ്ക്കായി ആര്‍.എസ്.എസിനേയും സമീപിച്ചിട്ടുണ്ട്. സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരെ ആര്‍.എസ്.എസിലെ ഒരു വിഭാഗത്തിനും അതൃപ്തിയുണ്ട്.

കൃഷ്ണപ്രസാദ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ നേതൃത്വത്തിനെതിരെ നീക്കം ശക്തമാക്കുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയും ഫിനാന്‍സ് കമ്മിറ്റി രൂപവത്കരിക്കാതെയുമാണിറങ്ങിയതെന്നാണ് സുരേന്ദ്രനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. 140 നിയോജകമണ്ഡലങ്ങളില്‍നിന്നും രണ്ടുപേരുടെ വീതം സാധ്യതാ പട്ടികയാണ് സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനായി തയ്യാറാക്കിയത്.

ഈ പട്ടിക തള്ളിക്കൊണ്ട് വി. മുരളീധരനും കെ. സുരേന്ദ്രനും തങ്ങളുടെ ഗ്രൂപ്പുകാര്‍ക്കും ഇഷ്ടക്കാര്‍ക്കും സ്ഥാനാര്‍ഥിത്വം വീതിച്ചു നല്‍കുകയാണുണ്ടായതെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ തെരഞ്ഞെടുപ്പു കമ്മിറ്റിയില്ലാതെയാണ് ബി.ജെ.പി നേരിട്ടതെന്ന ആക്ഷേപം നേരത്തേ ഉണ്ടായിരുന്നു.

കേന്ദ്ര നേതൃത്വത്തില്‍നിന്ന് ലഭിച്ച ഫണ്ട് വിതരണത്തിന്റെ കാര്യത്തിലും വലിയ വിവേചനം കാണിച്ചെന്നാണ് മറ്റൊരു പരാതി. നേരത്തെ എം.എസ് കുമാര്‍, സുരേന്ദ്രനെതിരെ പരോക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

കെ. സുരേന്ദ്രന്‍ അധ്യക്ഷനായ സംസ്ഥാന സമിതിയില്‍ കുമാറിനെ സംസ്ഥാന വക്താവായി നിയമിച്ചിരുന്നു. എന്നാല്‍ കുമാര്‍ ചുമതലയേറ്റിരുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ 99 സീറ്റില്‍ വിജയിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കിയത്. ബാക്കിയുള്ള 41 സീറ്റില്‍ യു.ഡി.എഫ് ജയിച്ചു. സിറ്റിംഗ് സീറ്റായ നേമം പോലും കൈവിട്ട എന്‍.ഡി.എയ്ക്ക് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനായില്ല.

2016 ല്‍ കിട്ടിയ വോട്ട് കണക്കില്‍ നാല് ശതമാനത്തിന്റെ ഇടിവാണ് ബി.ജെ.പിക്ക് ഉണ്ടായത്.

തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Conflict in BJP K Surendran V Muraleedharan PK Krishnaprasad Sobha Surendran