ലക്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നേരിട്ട തിരിച്ചടിയിൽ പരസ്പരം പഴിചാരി ബി.ജെ.പി നേതാക്കൾ.
തങ്ങളുടെ തോൽവിയെക്കുറിച്ച് ബി.ജെ.പി എം.പിമാരായ സാധവി നിരഞ്ജനും രവീന്ദർ കുശ്വാഹയും മാധ്യമങ്ങളോട് സംസാരിച്ചു. എന്നാൽ പാർട്ടിയുടെ അമിത ആത്മവിശ്വാസം കാരണമാണ് ഉത്തർപ്രദേശിൽ പരാജയം നേരിട്ടതെന്ന് യു.പി ധനകാര്യ മന്ത്രിയും ഒമ്പത് തവണ എം.എൽ.എയുമായ സുരേഷ് ഖന്ന വിമർശിച്ചു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിലെ 62 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ അത് 33 ആയി ചുരുങ്ങി. ഫൈസാബാദ്, അമേഠി, സുൽത്താൻപൂർ, അംബേദ്‌കർ നഗർ, ബാരാബങ്കി തുടങ്ങിയ അയോധ്യയിലെ മണ്ഡലങ്ങളിലൊക്കെയും ബി.ജെ.പിക്ക് പരാജയം നേരിടേണ്ടി വന്നിരുന്നു. രാം മന്ദിർ നിൽക്കുന്ന ഫൈസാബാദ് അടക്കം പരാജയപ്പെട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്.
അധികാരത്തിൽ വന്നാൽ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന് ഫൈസാബാദിലെ സ്ഥാനാർത്ഥിയായ ലല്ലു സിങ് പറഞ്ഞിരുന്നു. ആ പരാമർശനത്തിന് നിരവധി വിമർശങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ ഈ പരാമർശമാണ് വോട്ട് ചെയ്യുന്നതിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിച്ചതെന്നാണ് എം.പിമാർ പറയുന്നത്.
‘ലല്ലു സിങ്ങിനുണ്ടായ പരാമർശം എസ്.സി, എസ്.ടി ഒ.ബി.സി വിഭാഗങ്ങൾക്കിടയിൽ വിമർശനമുയർത്തി. അതുകൊണ്ട് തന്നെ ആ വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തില്ല. ഭരണഘടന മാറ്റുമെന്ന് പറഞ്ഞത് അത്തരം വോട്ടുകൾ ഏകീകരിപ്പിച്ചു. ആ വോട്ടുകളാണ് ഇന്ത്യ സഖ്യത്തിലേക്ക് പോയത്. അദ്ദേഹത്തിന്റെ പരാമർശം കാരണം വലിയ നഷ്ടമാണ് പാർട്ടിക്ക് ഉണ്ടായത്,’ ബി.ജെപി നേതാവായ അഭിഷേക് മിശ്ര പറഞ്ഞു.
ബി.ജെ.പി അയോധ്യയിൽ തോൽവി നേരിട്ടതിന് കാരണങ്ങൾ പലതുണ്ടെന്ന് ഹിന്ദു ധർമ സേന നേതാവ് സന്തോഷ് ദുബേ പറഞ്ഞു.ഓരോ വർഷവും രണ്ട് കോടി ജനങ്ങൾ ജോലി നൽകുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം വെറും വാഗ്ദാനമായി മാറിയതും പാർട്ടിക്ക് തിരിച്ചടിയായെന്ന് അദ്ദേഹം വിമർശിച്ചു. തൊഴിലില്ലായ്മ വൻ തോതിൽ വർധിച്ചെന്നും ഇത് സാധാരണക്കാരെയും കർഷകരെയും ബി.ജെ.പിക്കെതിരെ തിരിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം സ്ഥാനാർത്ഥിയുടെ മോശം പരാമർശവും തോൽവിയിലേക്ക് നയിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌മൃതി ഇറാനിയുടെ തോൽവിക്കെതിരേ ബി.ജെ.പിയുടെ അമേഠി യൂണിറ്റ് പ്രസിഡന്റ് രംഗത്ത് വന്നിട്ടുണ്ട്. അമേഠിയിലെ തൊഴിലില്ലായ്മയും പണപ്പെരുപ്പവും അവയോടുള്ള സ്‌മൃതിയുടെ അലംഭാവവും ജനങ്ങളെ അസംതൃപ്‌തരാക്കിയെന്നും അതേ തുടർന്നാണ് അവർക്ക് പരാജയം നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫത്തേപുരിയിൽ തോൽവി നേരിട്ട സാധവിക്കെതിരെയും ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഫത്തേപുരിയിലെ തന്റെ തോൽവിയിലൂടെ നരേന്ദ്ര മോദിയുടെ മുന്നേറ്റമാണ് ഇല്ലാതാക്കിയതെന്നും സ്വന്തം പാർട്ടിയിൽ നിന്നുള്ളവർ തന്നെയാണ് തന്നെ തോൽപ്പിച്ചതെന്നും അവർക്കെതിരെ രംഗത്തെത്തുമെന്നും സാധവി പറഞ്ഞു.
സാധവിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഫത്തേപൂരിലെ മുൻ എം.എൽ.എ രൂക്ഷമായി പ്രതികരിച്ചു.
തങ്ങൾക്ക് 4.5 ലക്ഷം വോട്ടുകൾ ലഭിച്ചത് സാധവി കാരണമല്ലെന്നും അത് അണികളുടെ പ്രവർത്തനഫലമായാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം മറ്റുള്ളവരെ പഴിക്കുന്ന സാധവി സ്വയം ആത്മ പരിശോധനനടത്തണമെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ സേലംപൂരിൽ തോറ്റ ബി.ജെ.പി സ്ഥാനാർഥി രവീന്ദർ കുശ്വാഹ പറഞ്ഞത് പല ബി.ജെ.പി അണികളും തനിക്ക് വേണ്ടി വോട്ട് ചെയ്യാനെത്തിയില്ലെന്നായിരുന്നു. ഇതിനെതിരെയും പാർട്ടിയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
Content Highlight: conflict in between BJP leaders