[] കോഴിക്കോട്: ഫേസ്ബുക്കില്‍ കമന്റ് ചെയ്തതിന്റെ പേരില്‍ യുവ അഭിഭാഷകയ്‌ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന കോഴിക്കോട് ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ കസേരയേറും കൂക്കിവിളിയും. കസേരയേറില്‍ പരിക്കേറ്റ അഡ്വ. നിര്‍മലയെ ബീച്ച് ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് വടകര സ്വദേശിയായ അഡ്വ. എം. അണിമ കഴിഞ്ഞ ഒക്ടോബറിലാണ് ഫേസ്ബുക്കില്‍ കോഴിക്കോട് ബാറിലെ ചില അഭിഭാഷകര്‍ക്കെതിരായി പരാമര്‍ശം നടത്തിയത്.
ഈ പരാമര്‍ശം അഭിഭാഷകരെ ഒന്നടങ്കം അപമാനിക്കുന്നതാണെന്നാരോപിച്ച് ഈ മാസം രണ്ടിന് അണിമയ്‌ക്കെതിരെ ബാര്‍ അസോസിയേഷന്‍ നടപടി സ്വീകരിച്ചിരുന്നു.
നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് അണിമ ബാര്‍ അസോസിയേഷന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗമാണ് സംഘര്‍ഷത്തിലവസാനിച്ചത്.
370 അഭിഭാഷകര്‍ പങ്കെടുത്ത യോഗത്തില്‍ സീനിയര്‍ 19 പേര്‍ അണിമയ്‌ക്കെതിരെയുള്ള നടപടിയെ അനുകൂലിച്ചു. ഏഴ് പേര്‍ നടപടിയെ എതിര്‍ക്കുകയും മൂന്നുപേര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.
“ഇവിടെയിരിക്കുന്ന പുരുഷകേസരികളാരും ഞാന്‍ മാപ്പ് പറയുമെന്ന് പകല്‍ കിനാവ് കാണേണ്ടയെന്ന്” അണിമ വ്യക്തമാക്കിയതോടെയാണ് സംഘര്‍ഷം രൂപപ്പെട്ടത്.
സുഹൃത്തക്കളായ അഭിഭാഷകര്‍ ചേര്‍ന്നാണ് അണിമയെ കൈയ്യാങ്കളികളികള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിച്ചത്. തൊഴില്‍മേഖലയിലെ പീഡനമാണ് നടന്നതെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അണിമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ ബാര്‍ അസോസിയേഷന്റെ ചട്ടപ്രകാരമാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചതെന്ന് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കെ.പി അശോക് കുമാറും സെക്രട്ടറി ടെന്നിസണ്‍ തോമസും വ്യക്തമാക്കി.
“ലോകത്തെല്ലായിടത്തും കാര്യങ്ങള്‍ ഇതുപോലെയാണോ എന്നറിയില്ല. പൊന്നുമോളേ, പഞ്ചാരക്കട്ടി എന്നിങ്ങനെ വിളിച്ചു യുവതികളെ സംരക്ഷിക്കാനെന്ന വ്യാജേന അഭിഭാഷകര്‍ എത്തുന്നത് നാണക്കേടാണ്. പൈങ്കിളി വര്‍ത്തമാനവുമായെത്തുന്ന പൊങ്ങന്‍മാരെ കാണുമ്പോള്‍ പുച്ഛം തോന്നുന്നു.” എന്നായിരുന്നു അണിമയുടെ ഫേസ്ബുക്ക് പോസ്റ്റ്.