| Friday, 7th May 2021, 10:04 am

ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പോലും ജയിപ്പിക്കാനായില്ല: അസമില്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അസം തെരഞ്ഞെടുപ്പില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിട്ടു.

മുസ്‌ലിം ഭൂരിപക്ഷ മേഖലകളായ പടിഞ്ഞാറന്‍ അസം, ഉത്തര, മധ്യ അസം എന്നിവിടങ്ങളില്‍ എട്ട് മുസ് ലിം സ്ഥാനാര്‍ത്ഥികളെ ബി.ജെ.പിയും കുറച്ചുപേരെ സഖ്യകക്ഷികളായ അസം ഗണപരിഷത്തും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടിയും മത്സരരംഗത്തെത്തിറക്കിയിരുന്നു.

എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥി പോലും ജയിച്ചില്ല. 31 മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 16, എ.ഐ.യു.ഡി.എഫ് 15 വീതം സീറ്റുകളില്‍ ജയിച്ചു.

ബി.ജെ.പിക്ക് ലഭിച്ച 60 സീറ്റടക്കം എന്‍.ഡി.എ സഖ്യം 75 സീറ്റ് നേടി അധികാരം നിലനിര്‍ത്തിയെങ്കിലും ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാകാതിരുന്നത് വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിശദമായി പഠിച്ച ശേഷം സംഘടന പുന:സംഘടിപ്പിക്കാനാണ് തീരുമാനം.

അതേസമയം ബംഗാളിലെ തോല്‍വിക്ക് പിന്നാലെ ബി.ജെ.പിയില്‍ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ബംഗാള്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളെ വിമര്‍ശിച്ചുകൊണ്ട് ബംഗാള്‍ ബി.ജെ.പി മുന്‍ അധ്യക്ഷനും മുന്‍ ത്രിപുര, മേഘാലയ ഗവര്‍ണറുമായ തഥാഗത റോയി രംഗത്തെത്തിയിട്ടുണ്ട്.

മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗിയ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, നേതാക്കളായ ശിവ് പ്രകാശ്, അരവിന്ദ് മേനോന്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെയും സല്‍പേര് കളഞ്ഞെന്നും രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് നശിപ്പിച്ചുവെന്നും തഥാഗത പറഞ്ഞു.

ഇവര്‍ പാര്‍ട്ടി ആസ്ഥാനത്തും പഞ്ചനക്ഷത്ര ഹോട്ടലിലും ഇരുന്ന് തൃണമൂലില്‍നിന്നെത്തുന്ന മാലിന്യങ്ങള്‍ക്ക് സീറ്റ് വിതരണം ചെയ്യുകയായിരുന്നുവെന്ന് റോയി ട്വീറ്റ് ചെയ്തു.

ബി.ജെ.പിയില്‍നിന്ന് രണ്ടു തരത്തില്‍ പലായനം ഉണ്ടാകുമെന്നാണ് താന്‍ ഭയപ്പെടുന്നതെന്ന് തഥാഗത പറഞ്ഞു. തൃണമൂലില്‍നിന്നു വന്ന മാലിന്യങ്ങള്‍ ആദ്യം തിരിച്ചുപോകും. പാര്‍ട്ടിതലത്തില്‍ പരിഷ്‌കരണങ്ങള്‍ ഉണ്ടാകുന്നില്ലെന്നു കണ്ടാല്‍ രണ്ടാംഘട്ടത്തില്‍ അണികളും പാര്‍ട്ടിവിടും. അതോടെ ബംഗാളില്‍ ബി.ജെ.പിയുടെ അവസാനമാകുമെന്നും തഥാഗത പറഞ്ഞു.

75 സീറ്റുകളാണ് ബി.ജെ.പിക്ക് ബംഗാളില്‍ ലഭിച്ചത്. നൂറിന് മുകളില്‍ ലഭിക്കുമെന്നായിരുന്നു അവകാശവാദം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Conflict in Assam BJP

Latest Stories

We use cookies to give you the best possible experience. Learn more