സിറിയയില്‍ സംഘര്‍ഷം തുടരുന്നു; ആലപ്പോ നഗരത്തില്‍ നിന്ന് സൈന്യം പിന്മാറി
World News
സിറിയയില്‍ സംഘര്‍ഷം തുടരുന്നു; ആലപ്പോ നഗരത്തില്‍ നിന്ന് സൈന്യം പിന്മാറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2024, 7:00 pm

ഡമസ്‌കസ്: സിറിയയിലെ വിമതസംഘം രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ആലപ്പോ പിടിച്ചെടുത്തതിന് പിന്നാലെ മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്നതായി അറിയിച്ച് സൈന്യം. വിമതരുമായി നടത്തിയ ആക്രമണത്തില്‍ നിരവധി സൈനികരെ നഷടപ്പെട്ടെന്നും അതിനാല്‍ സേനയെ പുനഃസംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പിന്മാറ്റം നടത്തിയതെന്നാണ് അല്‍ ജസീറ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിമത സംഘവും സൈന്യവും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ 200ലധികം പേരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. ഹയാത്ത് തഹ്‌രീല്‍ അല്‍ ഷാം എന്ന സായുധ വിഭാഗമാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. ആലെപ്പോ നഗരത്തിന് സമീപമുള്ള നിരവധി പ്രദേശങ്ങളുടെ നിയന്ത്രണവും വിമത വിഭാഗം കൈക്കലാക്കിയതായാണ് വിവരം. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെയാണ് വിമത സംഘടനയുടെ കലാപം.

ഇതാദ്യമായാണ് ആലപ്പോയുടെ സമീപ പ്രദേശങ്ങളില്‍ വിമതസംഘം പ്രവേശിച്ചുവെന്ന കാര്യം സൈന്യം പരസ്യമായ അംഗീകരിക്കുന്നത്. ആലെപ്പോയിലെയും ഇദ്ലിബിലെയും നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും പിടിച്ചെടുത്തുവെന്ന് അവകാശപ്പെട്ട വിമത സംഘങ്ങള്‍ക്ക് കനത്ത നഷ്ടം വരുത്തിയെന്ന് സൈന്യം നേരത്തെ അവകാശപ്പെട്ടിരുന്നു.

2020ന് ശേഷം വടക്കുപടിഞ്ഞാറന്‍ സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്നത്. ആക്രമണത്തെ തുടര്‍ന്ന് ശനിയാഴ്ച സിറിയന്‍ അധികൃതര്‍ ആലപ്പോ വിമാനത്താവളം അടച്ചുപൂട്ടുകയും എല്ലാ വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

സിറിയ-തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള ഇദ്ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഏറ്റവും ശക്തമായ വിമത ഗ്രൂപ്പാണ് എച്ച.ടി.എസ് എന്നറിയപ്പെടുന്ന ഹയാത്ത് തഹ്‌രീല്‍ അല്‍ ഷാം. സിറിയയും അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ എല്ലാംതന്നെ എച്ച.ടി.എസിനെ ഒരു ഭീകര സംഘടനയായാണ് കണക്കാക്കുന്നത്.

കഴിഞ്ഞ ആഴ്ച്ചകളില്‍ സംഘടനയുടെ അധീനതയിലുള്ള ഇദ്ബലില്‍ റഷ്യയും സിറിയയും വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് ആലെപ്പോ നഗരം പിടിച്ചടുത്തതെന്നാണ് സൂചന.

വിമത സംഘത്തിന് തുര്‍ക്കി പിന്തുണയുമുണ്ട്. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങള്‍ക്ക് തുര്‍ക്കിയുടെ അറിവോടെയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2020ല്‍ റഷ്യയുടേയും തുര്‍ക്കിയുടേയും നോതൃത്വത്തില്‍ സംഘര്‍ഷം ലഘൂകരിക്കാനുള്ള കരാറിന് സമ്മതിച്ചിരുന്നു. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ സ്ഥിതിഗതികളില്‍ ഐക്യരാഷ്ട്ര സംഘടനയും ആശങ്ക അറിയിച്ചിട്ടുണ്ട്.

Content Highlight: Conflict Continues in Syria; The army withdrew from the city of Aleppo