| Wednesday, 11th September 2019, 7:49 am

കമല്‍നാഥോ സിന്ധ്യയോ അതോ മൂന്നാമതൊരാളോ? മധ്യപ്രദേശ് കോണ്‍ഗ്രസിലെ ഉള്‍പ്പോര് പരിഹരിക്കാന്‍ സോണിയയുടെ കൂടിക്കാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ സോണിയ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളെത്തുടര്‍ന്നു മാറ്റിവെയ്ക്കുകയായിരുന്നു.

മുഖ്യമന്ത്രി കൂടിയായ കമല്‍നാഥ് പി.സി.സി അധ്യക്ഷപദം ഒഴിയണമെന്നാണ് സിന്ധ്യ പക്ഷത്തിന്റെ ആവശ്യം. സിന്ധ്യ ഉന്നംവെയ്ക്കുന്നതും അധ്യക്ഷപദമാണ്. എന്നാല്‍ ഇതു വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് കമല്‍നാഥും മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും.

ഇരുപക്ഷങ്ങളും നിലപാടുകളില്‍ ഉറച്ചുനിന്നാല്‍ പൊതു സ്വീകാര്യനായ നേതാവിനെ തെരഞ്ഞെടുക്കുന്ന നിലയിലേക്ക് ചര്‍ച്ചകള്‍ കടന്നേക്കും.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയതോടെ കമല്‍നാഥ് പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയുമെന്നായിരുന്നു സിന്ധ്യാ അനുകൂലികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ മുഖ്യമന്ത്രിയായി എട്ട് മാസം പിന്നിട്ടിട്ടും കമല്‍നാഥ് അധ്യക്ഷസ്ഥാനത്തു തുടരുകയായിരുന്നു.

ഇതില്‍ പലതവണ സിന്ധ്യ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു.

സിന്ധ്യയെ പി.സി.സി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ യുദ്ധം തുടങ്ങിയപ്പോഴാണ് തുറന്നപോരിലേക്ക് കമല്‍നാഥ്-സിന്ധ്യ പോരെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിന്ധ്യയെ പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് കൂറ്റര്‍ ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മിക്ക എം.എല്‍.എമാരും മന്ത്രിമാരും സിന്ധ്യക്ക് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നുവരെ സിന്ധ്യ സൂചന നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതിനിടെ പ്രശ്നം പരിഹരിക്കാന്‍ അച്ചടക്ക സമിതി അധ്യക്ഷന്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more