ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ സോണിയ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളെത്തുടര്‍ന്നു മാറ്റിവെയ്ക്കുകയായിരുന്നു.
മുഖ്യമന്ത്രി കൂടിയായ കമല്‍നാഥ് പി.സി.സി അധ്യക്ഷപദം ഒഴിയണമെന്നാണ് സിന്ധ്യ പക്ഷത്തിന്റെ ആവശ്യം. സിന്ധ്യ ഉന്നംവെയ്ക്കുന്നതും അധ്യക്ഷപദമാണ്. എന്നാല്‍ ഇതു വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് കമല്‍നാഥും മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും.
ഇരുപക്ഷങ്ങളും നിലപാടുകളില്‍ ഉറച്ചുനിന്നാല്‍ പൊതു സ്വീകാര്യനായ നേതാവിനെ തെരഞ്ഞെടുക്കുന്ന നിലയിലേക്ക് ചര്‍ച്ചകള്‍ കടന്നേക്കും.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയതോടെ കമല്‍നാഥ് പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയുമെന്നായിരുന്നു സിന്ധ്യാ അനുകൂലികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ മുഖ്യമന്ത്രിയായി എട്ട് മാസം പിന്നിട്ടിട്ടും കമല്‍നാഥ് അധ്യക്ഷസ്ഥാനത്തു തുടരുകയായിരുന്നു.