കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
തലയ്ക്ക് മാരക ക്ഷതമേറ്റ വിദ്യാർഥി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വട്ടോളി എം. ജെ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. ഫെയർവെൽ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളായ അഞ്ച് പേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂട്ടത്തല്ലിൽ ഒരാൾ മരിച്ചാൽ പോലും പ്രശ്നമില്ലെന്ന വിദ്യാർത്ഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ വന്ന ഓഡിയോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം കുട്ടിയെ മുതിർന്നവരും ആക്രമിച്ചെന്ന് ഷഹബാസിന്റെ പിതാവ് പറഞ്ഞു.
താമരശ്ശേരി വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപം വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഘർഷം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച വ്യാപാരഭവനില്‍ നടന്ന ഫെയർവെല്‍ പാർട്ടിയ്ക്കിടെയുണ്ടായ സംഘർഷമാണ് വ്യാഴാഴ്ച വൈകീട്ട് നടന്ന കയ്യാങ്കളിയ്ക്ക് ഇടയാക്കിയത്. എളേറ്റില്‍ സ്കൂള്‍ വിദ്യാർഥികളുടെ നൃത്തപരിപാടിയ്ക്കിടെ ഫോണ്‍ തകരാറിലായി പാട്ട് നിന്നത് താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികള്‍ കളിയാക്കിയതായിരുന്നു
പ്രശ്നം.അതിന്റെ പേരില്‍ വ്യാഴാഴ്ച വൈകീട്ട് ട്യൂഷൻ സെന്ററിന് സമീപത്ത് മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ ട്യൂഷൻ സെന്ററില്‍ പഠിക്കാത്തവരും ട്യൂഷൻ സെന്റർ വിദ്യാർഥികളും ഉള്‍പ്പെടെ എളേറ്റില്‍ സ്കൂളിലെ പതിനഞ്ചോളം വിദ്യാർഥികള്‍ സംഘടിച്ചെത്തി താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളും തമ്മില്‍ കയ്യാങ്കളിയുണ്ടാവുകയായിരുന്നു. പുറമെ കാര്യമായ പരിക്ക് കാണാതിരുന്ന മുഹമ്മദ് ഷഹബാസ് വീട്ടിലെത്തി അവശനിലയായതോടെയാണ് രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചത്.
Content Highlight: Conflict between students in Thamarassery; A 10th grader died of severe head injuries