കൊച്ചി: എ.എം.എം.എ എക്‌സിക്യൂട്ടിവ് യോഗത്തില്‍ നടന്‍ ഷമ്മി തിലകനും മുകേഷും തമ്മില്‍ വാക്കേറ്റം. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയോളമെത്തി. തുടര്‍ന്ന് എ.എം.എം.എ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചത്.
സംവിധായകന്‍ വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പ്രശ്‌നമുണ്ടാക്കുമെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയതായി ഷമ്മി തിലകന്‍ ആരോപിച്ചു. ഇതാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകാന്‍ കാരണമായതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
തിലകനും സംഘടനയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഷമ്മിയെ ചൊവ്വാഴ്ചത്തെ യോഗത്തിലേക്ക് ക്ഷണിച്ചത്. ഷമ്മി തിലകന്‍ സംസാരിക്കുന്നതിനിടയില്‍ മുകേഷ് തനിക്ക് പാരവെച്ചെന്ന ആരോപണമുയര്‍ത്തി.
“വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയ എന്നെ പാരവെച്ചത് ഇയാളാണ്” എന്നാണ് ഷമ്മി പറഞ്ഞത്. ഇത് കേട്ട് “ഞാന്‍ അവസരങ്ങള്‍ ഇല്ലാതാക്കിയോ” എന്നായിരുന്നു മുകേഷിന്റെ ചോദ്യം.
ALSO READ; ഇടുക്കിയില്‍ 11മണിയോടെ ട്രയല്‍ റണ്‍; ജലനിരപ്പ് 2398.80 അടി
“അവസരങ്ങള്‍ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കും” എന്നാണ് പറഞ്ഞതെന്ന് ഷമ്മി പറഞ്ഞു. “മാന്നാര്‍ മത്തായി സ്പീക്കിങ്2” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമെന്നും വിശദീകരിച്ചുതായി മതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
വിനയന്റെ സിനിമയില്‍ അഭിനയിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മുകേഷാണ് വലുതാക്കിയതെന്നും ഇതേത്തുടര്‍ന്ന് തന്റെ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഷമ്മി ആരോപിച്ചു.
തിലകനെയും ഷമ്മിയെയും ചേര്‍ത്ത് തമാശപറഞ്ഞുകൊണ്ടാണ് മുകേഷ് ഇതിനെ നേരിട്ടത്. എന്നാല്‍ തന്റെ വളിപ്പുകള്‍ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചുവിട്ടതിന് സി.പി.ഐ.എമ്മിനെ പറഞ്ഞാല്‍ മതിയെന്നും ഷമ്മി തുറന്നടിച്ചു.
ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം മുറുകുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. ഇതു കണ്ടാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.