കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണം. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കല്‍പ്പറ്റ കൈനാട്ടിയിലെ എം.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫീസിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ തല്ലിത്തകര്‍ത്തു.
ജീവനക്കാര്‍ മാത്രമുണ്ടായിരുന്ന സമയത്ത് ഓഫീസിലേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ കയറി ബഹളം വെക്കുകയും ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ പൊലീസെത്തി ഓഫീസിന്റെ ഷട്ടറിട്ടു. ദേശീയ പാതയില്‍ പൊലീസും പ്രവര്‍ത്തകരും തമ്മിലും തര്‍ക്കമുണ്ടായി.
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എം.പി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നില്ല എന്ന ആരോപണമാണ് ഇടതുമുന്നണി ഉയര്‍ത്തുന്നത്. വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി കത്തയച്ചിരുന്നു. എന്നാല്‍ എം.പി എന്ന നിലയ്ക്ക് രാഹുല്‍ ഗാന്ധി ഇങ്ങനെയല്ല ഇടപെടേണ്ടതെന്നും വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയത്.
അതേസമയം മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരനെ സംഘം ആക്രമിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
എസ്.എഫ്.ഐ പ്രവര്‍ത്തകരുടേത് ഗുണ്ടായിസമാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ് എം.എല്‍.എ ആരോപിച്ചു.
അക്രമം ആസൂത്രിതമാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ അവസ്ഥയെന്തെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: Conflict at sfi march in kalpatta, protestors destroyed furnitures