ലഖ്‌നൗ: നിരന്തരം അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുന്ന ബാബ രാംദേവിനെ പിന്തുണച്ച് യു.പി ബി.ജെ.പി നേതാവ്. ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗാണ് രാംദേവിനെ പിന്തുണച്ച് രംഗത്തെത്തിയത്. രാംദേവിനെ വിമര്‍ശിച്ച് ബീഹാര്‍ ബി.ജെ.പി നേതാവ് സഞ്ജയ് ജയ്സ്വാള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് സുരേന്ദ്ര സിംഗിന്റെ പ്രസ്താവന.
അലോപ്പതി ഡോക്ടര്‍മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സുരേന്ദ്ര സിംഗ് രംഗത്തുവന്നത്. നിലവിലുള്ള വൈദ്യശാസ്ത്ര സമ്പ്രദായത്തെ ചെലവേറിയതാക്കി സമൂഹത്തെ കൊള്ളയടിക്കുന്നവരാണ് ധാര്‍മ്മികതയെക്കുറിച്ചുള്ള പാഠങ്ങള്‍ പഠിപ്പിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞു.
മരിച്ചവരെ തീവ്ര പരിചരണ വിഭാഗത്തില്‍ കിടത്തി പണം തട്ടിക്കുന്നവരെ രാക്ഷസന്മാര്‍ എന്നു മാത്രമേ വിളിക്കാനാവൂ എന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. പത്തു രൂപയുടെ ഗുളിക നൂറു രൂപയ്ക്കാണ് ഇവര്‍ വില്‍ക്കുന്നത്. വെള്ളവസ്ത്രം ധരിച്ച ക്രിമിനലുകളാണ് ഡോക്ടര്‍മാരെന്നും ബി.ജെ.പി എം.എല്‍.എ ഒരു തെളിവുകളുമില്ലാതെ ആരോപിച്ചു.
അലോപ്പതി ഉപയോഗമുള്ളതാണ്, ആയുര്‍വേദവും അങ്ങനെ തന്നെ. ഇതു മനസ്സിലാക്കി വേണം ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കാന്‍. ബാബാ രാംദേവ് ഇന്ത്യന്‍ ചികിത്സാ സംവിധാനങ്ങളുടെ പ്രധാന പ്രചാരകനാണ്. അദ്ദേഹം സനാതന ധര്‍മം പുലര്‍ത്തുന്നയാളാണ് എന്നാണ് സുരേന്ദ്ര സിംഗിന്റെ വാദം.
അതേസമയം, രാംദേവ് ഒരു യോഗ ഗുരുവാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും എന്നാല്‍ ഒരിക്കലും രാംദേവ് ഒരു യോഗി അല്ലെന്നുമാണ് സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞത്,
‘രാംദേവ് ഒരു യോഗ ഗുരുവാണ്. അദ്ദേഹത്തിന്റെ യോഗയുടെ പാണ്ഡിത്യത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. പക്ഷേ അദ്ദേഹം തീര്‍ച്ചയായും ഒരു യോഗിയല്ല. തന്റെ എല്ലാ ഇന്ദ്രിയങ്ങളേയും കര്‍ശനമായി നിയന്ത്രിക്കുന്ന ഒരാളാണ് യോഗി,’ ജയ്‌സ്വാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നേരത്തെ, ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ രാംദേവ് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയിരുന്നു. സംഭവം വിവാദമായതതോടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ രംഗത്തുവനന്നു. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് രാംദേവ് തന്റെ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.
രാംദേവിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഉത്തരാഖണ്ഡ് ഐ.എം.എ രംഗത്തെത്തിയിരുന്നു. 1000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
അലോപ്പതിയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയോ രേഖാമൂലം ഖേദപ്രകടനം നടത്തുകയോ ചെയ്യണമെന്നാണ് ലീഗല്‍ നോട്ടീസില്‍ ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കുമെന്നും അല്ലാത്തപക്ഷം 1000 കോടി രൂപ നല്‍കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
അതേസമയം, വാക്‌സിനേഷന്‍ സംബന്ധിച്ച് വ്യാജ പ്രചരണം നടത്തുന്ന ബാബ രാംദേവിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ. പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ഐ.എം.എ കത്തില്‍ വ്യക്തമാക്കി.
കൊവിഡിനെതിരെ രണ്ട് വാക്‌സിനും സ്വീകരിച്ച 10000 ഡോക്ടര്‍മാര്‍ മരിച്ചുവെന്നും അലോപ്പതി ചികിത്സ കാരണം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന രീതിയിലും രാംദേവ് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഐ.എം.എ കത്തില്‍ ആവശ്യപ്പെടുന്നു.
Content Highlights: Conflict Among BJP