അമരാവതി: ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദ മഹാരാജ് മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ 21 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. പുരോഹിതന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് അമരാവതി നഗരത്തില്‍ നടന്ന പ്രതിഷേധത്തില്‍ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് പൊലീസുകാര്‍ക്ക് മര്‍ദനമേറ്റത്.
അമരാവതി നഗരത്തില്‍ നാഗ്പുരി ഗേറ്റ് പൊലീസ് സ്റ്റേഷന്‍ പുറത്താണ് ജനക്കൂട്ടം പ്രതിഷേധപ്രകടനം നടത്തിയത്. പിന്നീടുണ്ടായ കല്ലേറില്‍ 10 പൊലീസ് വാനുകള്‍ക്കടക്കം കേടുപാടുകള്‍ സംഭവിച്ചതായും പൊലീസ് അറിയിച്ചു.
1200ല്‍ അധികം ആളുകള്‍ സംഘര്‍ഷത്തില്‍ ഉണ്ടായിരുന്നതായാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ഇവരില്‍ 26 പേരെ തിരിച്ചറിഞ്ഞതായും മുഴുവന്‍ ആളുകള്‍ക്കെതിരെയും കേസ് എടുത്തതായും പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
‘ഹിന്ദു പുരോഹിതന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാത്രി എട്ട് മണിയോടെയാണ് പൊലീസ് സ്റ്റേഷനുമുമ്പില്‍ ജനങ്ങള്‍ തടിച്ചുകൂടിയത്. ചില സംഘടനാംഗങ്ങളുള്‍പ്പെടെയുള്ള ജനങ്ങളാണ് പ്രതിഷേധവുമായി സ്‌റ്റേഷനുമുമ്പില്‍ പ്രതിഷേധം നടത്തിയത്. ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,’ അമരാവതി പൊലീസ് കമ്മീഷണര്‍ നവിന്‍ ചന്ദ്ര റെഡ്ഡി വ്യക്തമാക്കി.
തടിച്ചുകൂടിയ ജനക്കൂട്ടത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പിന്നാലെ അവര്‍ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നുവെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
ബി.എന്‍.എസ് സെക്ഷന്‍ 163 പ്രകാരം നാഗ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാഗ്പൂര്‍ പ്രദേശത്ത് അഞ്ചില്‍ അധികം ആളുകളെ കൂട്ടം കൂടി നില്‍ക്കാന്‍ സമ്മതിക്കില്ലെന്നും നിയമം കൈയില്‍ എടുക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.
പൊലീസ് സ്റ്റേഷന് മുമ്പിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അമരാവതിയില്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
അതേസയമം മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഹിന്ദു പുരോഹിതനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബി.എന്‍.എസ് സെക്ഷന്‍ 299, 302, 197 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
മനപൂര്‍വമായി മതവികാരങ്ങള്‍ വ്രണപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുക, മറ്റൊരു വ്യക്തിയുടെ മതവികാരങ്ങളെ മുറിവേല്‍പ്പിക്കുക, ബോധപൂര്‍വ്വം അവഹേളിക്കുക എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ദസറ ദിവസങ്ങളില്‍ കോലം കത്തിക്കേണ്ടി വരികയാണെങ്കില്‍ മുഹമ്മദ് നബിയുടെ കോലം കത്തിച്ചു കൊള്ളാന്‍ നരസിംഹാനന്ദന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയായിരുന്നു ഇയാള്‍. സെപ്റ്റംബര്‍ 29ന് ഗാസിയാബാദിലെ ലോഹ്യ നഗറിലെ പ്രസംഗത്തിനിടയിലാണ് പുരോഹിതനായ യതി നരസിംഹാനന്ദ് പ്രവാചക നിന്ദ നടത്തിയത്.
Content Highlight: conflict against hindu seer in nagpur; 21 police officers were injured