| Sunday, 2nd April 2023, 9:17 pm

ബംഗാളില്‍ വീണ്ടും സംഘര്‍ഷം: മമത ബാനര്‍ജി ഹിന്ദുക്കളെ വെറുക്കുന്നുവെന്ന് ബി.ജെ.പി; സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ തൃണമൂലെന്നും ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാമനവമി ആഘോഷത്തിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ബി.ജെ.പി നടത്തിയ റാലിക്കെതിരെയും ആക്രമണം. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പങ്കെടുത്ത ഹൂഗ്ലിയില്‍ വെച്ച് നടന്ന റാം നവമി ശോഭാ യാത്രക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന് ബി.ജെ.പി അധ്യക്ഷന്‍ സുകന്ദ മജുംദാര്‍ ആരോപിച്ചു.

‘ ബി.ജെ.പിയുടെ ശോഭാ യാത്ര ഹൂഗ്ലിയില്‍ വെച്ച് ആക്രമിക്കപ്പെട്ടിരിക്കുന്നു. ഇതിന് പിന്നിലെ കാരണം വ്യക്തവും സൂക്ഷ്മവുമാണ്. മമത ബാനര്‍ജി ഹിന്ദുക്കളെ വെറുക്കുന്നു,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

താന്‍ നില്‍ക്കുമ്പോഴാണ് കല്ലേറുകള്‍ ഉണ്ടായതെന്നും പൊലീസിന് ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.

‘ഞാന്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് കല്ലുകള്‍ എറിയാന്‍ തുടങ്ങിയത്. എനിക്ക് പൊലീസില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.

ശോഭാ യാത്രയില്‍ പങ്കെടുത്ത നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ കല്ലേറുണ്ടായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഹൗറ സംഘര്‍ഷത്തില്‍ പോലും കേസെടുത്തില്ല,’ ദിലീപ് ഘോഷ് പറഞ്ഞു.

സ്ഥലത്തെ ഏതാനും ടയറുകള്‍ കത്തിക്കുകയും വാഹനങ്ങള്‍ നശിപ്പിച്ചതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം നടന്ന ഹൗറയില്‍ ഇപ്പോള്‍ സമാധാനാനന്തരീക്ഷമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം രാമനവമി ദിനത്തില്‍ പശ്ചിമ ബംഗാളിലെ ഹൗറയില്‍ അക്രമാസക്തരായ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പള്ളികള്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് വാഹനങ്ങളടക്കം പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കുന്ന ദൃശ്യങ്ങളും എ.എന്‍.ഐ. പുറത്തുവിട്ടിരുന്നു.

രാമനവമിയുടെ ഭാഗമായി സംഘടിപ്പിച്ച ശോഭാ റാലിക്കിടെ ബംഗാളില്‍ മാത്രമല്ല, ഗുജറാത്തിലും മഹാരാഷ്ട്രയിലും ദല്‍ഹിയിലും വലിയ തോതിലുള്ള അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്.

content highlight: Conflict again in Bengal: Mamata Banerjee hates Hindus; BJP says that Trinamool is behind the conflicts

We use cookies to give you the best possible experience. Learn more