ന്യൂദല്‍ഹി: സംഘപരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കൈവിട്ട ടി.എം കൃഷ്ണയുടെ സംഗീത പരിപാടി ശനിയാഴ്ച ദല്‍ഹിയില്‍ നടക്കും. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍കൈയില്‍ ദല്‍ഹി സര്‍ക്കാരാണ് പരിപാടി നടത്തുന്നത്. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് പ്രഖ്യാപനം നടത്തിയത്.
“ഒരു കലാകാരനും അവസരം നിഷേധിക്കപ്പെടരുത്. നവംബര്‍ 17 ന് പരിപാടി അവതരിപ്പിക്കുന്നതിനായി ദല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ ടി.എം കൃഷ്ണയെ ക്ഷണിക്കുകയാണ്.” സിസോദിയ ട്വീറ്റ് ചെയ്തു. സാകേതിലെ സൈദുല്‍ അജൈബ് വില്ലേജിലുള്ള ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സസിലാണ് പരിപാടി നടക്കുക.
നവംബര്‍ 17, 18 തിയതികളിലായി ദല്‍ഹി ചാണക്യപുരിയിലെ നെഹ്റു പാര്‍ക്കില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് അധികൃതര്‍ പിന്‍വാങ്ങിയത്. കൃഷ്ണയ്‌ക്കെതിരെ ജീസസിനും അല്ലാഹുവിനും വേണ്ടി പാടുന്നവന്‍, “ഇന്ത്യാവിരുദ്ധന്‍”, “അര്‍ബന്‍ നക്സല്‍”, എന്നിങ്ങനെ അഭിസംബോധന ചെയ്ത് സംഘപരിവാര്‍ ഓണ്‍ലൈന്‍ പ്രചരണം നടത്തിയിരുന്നു.
ഭീഷണികള്‍ക്ക് നമ്മള്‍ കീഴ്‌പ്പെടരുതെന്നും ദല്‍ഹിയില്‍ എവിടെ പരിപാടി അവതരിപ്പിക്കാനും താന്‍ തയ്യാറാണെന്നും കൃഷ്ണ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ടി.എം കൃഷ്ണയുടെ സംഗീതനിശ സംഘടിപ്പിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു.