| Monday, 10th February 2020, 7:22 pm

'വിജയിക്കുമെന്ന് നൂറു ശതമാനം ഉറപ്പ്'; ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുന്നേ മമത ബാനര്‍ജിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരും മുന്നേ സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ക്ഷണിച്ച് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ ടെലഫോണില്‍ വിളിച്ചാണ് കെജ്‌രിവാള്‍ മൂന്നാം തവണയും ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തന്നെ അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്. എക്‌സിറ്റ്  പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിനു ശേഷമായിരുന്നു ഇരുവരും സംസാരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടെലിഫോണ്‍ സംഭാഷണത്തിനിടെ മമതയെ കെജ്‌രിവാള്‍ സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുകയായിരുന്നു എന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ചടങ്ങില്‍ സംബന്ധിക്കാന്‍ മമത എത്തുമെന്ന് പറഞ്ഞതായി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസ് അറിയിച്ചു. മറ്റ് പ്രധാന തിരക്കുകളൊന്നുമില്ലെങ്കില്‍ തീര്‍ച്ചയായും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് മമത അറിയിച്ചത്.

2013 ഡിസംബര്‍ 28നാണ് കെജ്‌രിവാള്‍ ദല്‍ഹി മുഖ്യമന്ത്രിയായി ആദ്യമായി അധികാരത്തിലേറുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റിലും അട്ടിമറി വിജയം നേടിയാണ് കെജ്‌രിവാള്‍ രണ്ടാം തവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിനു ശേഷം കെജ്‌രിവാള്‍ ആദ്യമായി വിളിച്ച് സംസാരിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയാണ്. ബി.ജെ.പി സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസുമായും സി.പി.ഐ.എമ്മുമായും സഹകരിക്കാത്ത മമത പക്ഷേ ആം ആദ്മി പാര്‍ട്ടിയുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്.

ദല്‍ഹി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ആം ആ്ദമി പാര്‍ട്ടിയുടെ വിജയം പ്രവചിക്കുന്നതാണ്. ബി.ജെ.പിയ്ക്ക് ഇക്കുറി ദല്‍ഹിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് പ്രവചിച്ച ഫലങ്ങള്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്നാണ് സൂചിപ്പിച്ചത്.

We use cookies to give you the best possible experience. Learn more