പത്തനംതിട്ട: കുമ്പസാര രഹസ്യം പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗ്ഗീസ് പള്ളിയിലെത്തിയതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ സംഘര്‍ഷം ശക്തം. മാതൃ ഇടവകയായ മുണ്ടിയപ്പള്ളി മാര്‍ഗ്രിഗോറിയസ് പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതിനെതിരെയാണ് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പള്ളിയിലെത്തിയ വൈദികന്‍ വിശ്വാസികളുടെ ഒപ്പം നിന്നാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. ഇയാള്‍ പള്ളിയിലെത്തിയതിനെത്തുടര്‍ന്ന് വിശ്വാസികളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
വൈദികന് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ ഭാര്യ സഹോദരന്‍ ബിനു കുരുവിള മാധ്യമപ്രവര്‍ത്തകരുമായി സ്ഥലത്ത് എത്തിയത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിരുന്നു. പള്ളിയെ അപമാനിക്കാനാണ് വൈദികനും ബന്ധുക്കളും ശ്രമിക്കുന്നതെന്നാരോപിച്ച് വിശ്വാസികള്‍ പ്രതിഷേധിച്ചു.
പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരെ എത്തിച്ച് ചിത്രീകരിക്കാനുള്ള അനുവാദം വൈദികന്റെ ബന്ധുവായ ബിനു കുരുവിള നേടിയിട്ടില്ലെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ സംഘര്‍ഷം മൂര്‍ച്ഛിക്കുകയായിരുന്നു.
സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി. ഉന്തും തള്ളും രൂക്ഷമായപ്പോള്‍ പ്രതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് പൊലീസെത്തിയപ്പോഴാണ് സംഘര്‍ഷത്തിന് അയവ് വന്നത്.
അതേസമയം വിശ്വാസികള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് വൈദികന്റെ ബന്ധുവായ ബിനു കുരുവിളയ്‌ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതിയെ അപമാനിക്കുന്ന തരത്തില്‍ വൈദികന്‍ കഴിഞ്ഞ ദിവസം വീഡിയോ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.