| Sunday, 14th July 2024, 8:57 am

പൊലീസിന് മുന്നില്‍ പ്രതി കുറ്റസമ്മതം നടത്തുന്നത് തെളിവായി സ്വീകരിക്കാനാകില്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതി പൊലീസിന് മുന്നില്‍ നടത്തുന്ന കുറ്റസമ്മതം മൊഴിയായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത്തരം കുറ്റസമ്മതമൊഴികള്‍ സ്വീകരിക്കുന്നത് കോടതി ഒഴിവാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 25, ഭാരതീയ സാക്ഷ്യ അധീനിയത്തിന്റെ അനുബന്ധ വകുപ്പ് 23(1) എന്നിവ പ്രകാരം ഒരു പ്രതി പൊലീസ് ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതം തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച തപറഞ്ഞു.

ജസ്റ്റിസ് അഭയ് ഓക്ക, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം. ഹരജിക്കാരന്റെ ജാമ്യഹരജി തള്ളിയ വിചാരണ കോടതി ഉത്തരവ് ശരിവെച്ച അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

സംഭവത്തില്‍ യു.പി പൊലീസ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. യു.പി പൊലീസ് പൊതുവെ കുറ്റസമ്മതമൊഴി രേഖപ്പെടുത്താറില്ലെന്ന് ഡി.ജി.പി പ്രശാന്ത് കുമാറാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കുറ്റസമ്മത മൊഴികള്‍ ഉള്‍പ്പെടുത്തിയതിന് ഉത്തരവാദിയായ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.

അന്വേഷണത്തിനിടെ പ്രതികള്‍ നല്‍കിയ മൊഴികള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ മാസം കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരുന്നു. ഈ മൊഴികളില്‍ ചിലത് കുറ്റസമ്മത സ്വഭാവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി.

ഇതിനെ കുറിച്ച് അന്വേഷിക്കാനും പൊലീസിന് നല്‍കിയ കുറ്റസമ്മതം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്ന രീതി ഉത്തര്‍പ്രദേശില്‍ നിലവിലുണ്ടോയെന്ന് പരിശോധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രീം കോടതി യു.പി ഡി.ജി.പിയോട് നേരത്തെ നിര്‍ദേശിച്ചിരുന്നു.

Content Highlight: Confession Before Police Cannot Be Included In Charge Sheet: Supreme Court

We use cookies to give you the best possible experience. Learn more