| Tuesday, 4th August 2020, 1:28 pm

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിച്ചത് തിരിച്ചടിയുണ്ടാക്കും; ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും: ഐ.എം.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനചുമതല പൊലീസിനെ ഏല്‍പ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഐ.എം.എ കേരളഘടകം.

കൊവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയടക്കം കണ്ടെത്താനുള്ള ചുമതല പൊലീസിന് നല്‍കുന്നത് വന്‍ തിരിച്ചടിയാകുമെന്നാണ് ഐ.എം.എ പറഞ്ഞത്.

കോണ്‍ടാക്ട് ട്രേസിംഗ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, കണ്ടൈയ്ന്‍മെന്റ് സോണുകളുടെ ഏകീകരണം എന്നിവയാണ് പൊലീസിനെ ഏല്‍പ്പിച്ചത്. മുമ്പ് ആരോഗ്യപ്രവര്‍ത്തകരാണ് ഈ ജോലി ചെയ്തിരുന്നത്.

എന്നാല്‍ അവരെ മാറ്റി നിര്‍ത്തി പൊലീസിനെ മുഴുവന്‍ ചുമതല ഏല്‍പ്പിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഐ.എം.എയുടെ വാദം.

സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ മേല്‍നോട്ടം വഹിക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകരാണ്. അവരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണിത്. രോഗിയെന്ന നിലയില്‍ കണ്ട് കോണ്‍ടാക്ട് ട്രേസിംഗ് നടത്താന്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നതാണ് ഉത്തമം.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഹോമിയോ, ആയുര്‍വേദ മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും ചെയ്യുന്നത്. ജനങ്ങളില്‍ മിഥ്യാധാരണയുണ്ടാക്കാനേ ഇത് സഹായിക്കു.

തീര്‍ത്തും അശാസ്ത്രീയമാണിതെന്നും ഐ.എം.എ പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരിക്കുകയാണ് ഐ.എം.എ കേരളഘടകം.

കഴിഞ്ഞദിവസമാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണത്തിനുള്ള പൂര്‍ണ്ണ ചുമതല പൊലീസിന് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

സമ്പര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുകയാണ്. കണ്ടെയിന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ പൊലീസിനെ ചുമതലപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണം. കണ്ടെയിന്‍മെന്റ് സോണില്‍ നിയന്ത്രണം ഫലപ്രദമാക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്വാറന്റീന്‍ ലംഘിച്ച് ചിലര്‍ പുറത്തിറങ്ങുന്നു. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇതാണ് രോഗവ്യാപന തോത് വര്‍ധിക്കാനുള്ള പ്രധാന ഘടകം. അതുകൊണ്ടാണ് നിയന്ത്രണത്തിനുള്ള പൂര്‍ണ്ണ ചുമതല പൊലീസിന് നല്‍കുന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more