| Thursday, 29th June 2017, 7:43 am

കോണ്‍ഫെഡറേഷന്‍ കപ്പ്; 'വന്‍മതിലായി ബ്രാവോ'; പോര്‍ച്ചുഗലിന്റെ ഫൈനല്‍ മോഹങ്ങള്‍ ചിലിക്ക് മുന്നില്‍ തകര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കസാന്‍: അവസാന നിമിഷം വരെ ആവേശം അലതല്ലിയ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്ബോളിന്റെ ആദ്യ സെമിയില്‍ ചിലിക്ക് പോര്‍ച്ചുഗലിനെതിരെ ഉജ്ജ്വല ജയം. കരുത്തര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഗോള്‍ നേടാതെ വന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിര്‍ണയിച്ചത്. ഷൂട്ടൗട്ടില്‍ 3-0 ത്തിനാണ് ചിലിയുടെ വിജയം.


Also read വനിത ക്രിക്കറ്റിനോട് ഐ.സി.സി യുടെ ചിറ്റമ്മ നയം; തേഡ് അംമ്പയര്‍ സംവിധാനമോ ഡി.ആര്‍.എസ് രീതിയോ ഇല്ലാതെ വനിതാ ക്രിക്കറ്റ് ലോകകപ്പ്; വീഡിയോ


ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പോര്‍ച്ചുഗലിന് നിര്‍ണ്ണായക നിമിഷത്തില്‍ തങ്ങളുടെ മികവ് ആവര്‍ത്തിക്കാനായില്ല. ചിലി ഗോള്‍കീപ്പര്‍ ക്ലൗഡിയോ ബ്രാവോയുടെ അത്യൂഗ്രന്‍ പ്രകടനം കൂടിയായപ്പോള്‍ പോര്‍ച്ചുഗലിന് പരാജയം സമ്മതിക്കേണ്ടി വരികയായിരുന്നു.

പോര്‍ച്ചുഗലിനായി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിക്കെടുത്തവര്‍ക്കൊന്നും ബ്രാവോയെ മറികടക്കാന്‍ കഴിഞ്ഞില്ല. തങ്ങളുടെ ആദ്യ മൂന്ന് കിക്കുകള്‍ ചിലി ഗോളാക്കി മാറ്റുകയും ചെയ്തതോടെ സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി ടീം മാറി.

തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബ്രാവോ റിക്കാര്‍ഡോ ക്വറെസ്മോ, സാന്റോസ് മൗടിഞ്ഞോ, നാനി എന്നിവരുടെ കിക്കുകളാണ് തടഞ്ഞിട്ടത്.

ചിലിക്കായി അര്‍ടുറോ വിദാല്‍, അരാങ്കീസ്, അലക്സിസ് സാഞ്ചസ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഇന്നു നടക്കുന്ന ജര്‍മനി-മെക്സിക്കോ മത്സരത്തിലെ വിജയിയാണ് ഫൈനലില്‍ ചിലിയുടെ എതിരാളി.

We use cookies to give you the best possible experience. Learn more