| Friday, 5th March 2021, 9:22 am

പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് ചൂടറിയണമെങ്കില്‍ ബേക്കറികളിലെ ചില്ലു കൂട്ടില്‍ നോക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെരഞ്ഞെടുപ്പ് കാലത്തെ വൈവിധ്യമാര്‍ന്ന കാഴ്ചയാണ് പാര്‍ട്ടി ചിഹ്നങ്ങളുള്ള ടീഷര്‍ട്ടും, തൊപ്പിയും ബാഡ്ജും കുടയുമെല്ലാം. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പ്രചരണത്തിനായാണ് ചിഹ്നങ്ങള്‍ പതിച്ച വസ്ത്രങ്ങളും കുടകളും ബാഡ്ജുകളുമെല്ലാം പുറത്തിറക്കുന്നത്.

നല്ലൊരു വിപണിയും ഇത്തരം പ്രചരണവസ്തുക്കള്‍ വഴി കച്ചവടക്കാര്‍ക്കുണ്ടാവും. ഓരോ തെരഞ്ഞെടുപ്പെത്തുമ്പോഴും വ്യത്യസ്തമായ രീതിയില്‍ പരീക്ഷിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാവാറുണ്ട്. പശ്ചിമബംഗാളില്‍ ഇത്തവണ തെരഞ്ഞെടുപ്പിനായി പാര്‍ട്ടി ചിഹ്നങ്ങള്‍ വരച്ചുവച്ചിരിക്കുന്നത് നല്ല മധുരമുള്ള പലഹാരങ്ങളിലാണ്.

ബേക്കറിയിലെ ചില്ലുകൂട്ടിനുള്ളിലേക്ക് നോക്കിയാല്‍ കേക്കിലും പേടയിലും പാല്‍ഗോവയിലുമെല്ലാം പാര്‍ട്ടി ചിഹ്നങ്ങളും രാഷ്ട്രീയനേതാക്കളുടെ മുഖങ്ങളും കാണാം. പാര്‍ട്ടിയുടെയും നേതാക്കളുടെയും പേരെഴുതിയ സ്വീറ്റ്‌സും കാണാം.

ഓരോ പാര്‍ട്ടികള്‍ക്കും അനുയോജ്യമായ നിറങ്ങളില്‍ ആണ് പേരെഴുതിയിരിക്കുന്നത്. കൊല്‍ക്കത്തയില്‍ ഇത്തരം സ്വീറ്റ്‌സുകള്‍ ട്രെന്റ് ആയി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ് ചിഹ്നമായ കൈപ്പത്തി അടയാളത്തിലുള്ള പേഡകള്‍ക്കും ബി.ജെ.പിയുടെ താമര വരച്ച പേഡകള്‍ക്കും സി.പി.ഐ.എമ്മിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ച പേഡകള്‍ക്കും വിപണിയില്‍ നല്ല ഡിമാന്റ് ആണെന്ന് കച്ചവടക്കാരും പറയുന്നു.

ഏത് ചിഹ്നങ്ങളുടെ സ്വീറ്റ്‌സ് ആണ് കൂടുതല്‍ വിറ്റുപോവുന്നതെന്ന് നിരീക്ഷിക്കുകയാണ് കച്ചവടക്കാര്‍. എന്തു തന്നെയായാലും ബംഗാളിലെ തെരഞ്ഞെടുപ്പിന് മധുരം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കച്ചവടക്കാരും പാര്‍ട്ടികളും.

എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയുള്ള തീയതികളിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു.

എന്നാല്‍ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പരിഗണിക്കുന്നത് മമതാ ബാനര്‍ജിയേയാണെന്ന് നേരത്തേ ടൈംസ് നൗ- സീ വോട്ടര്‍ സര്‍വ്വേ പുറത്തുവന്നിരുന്നു. 54.3 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമതയെ പിന്തുണയ്ക്കുന്നുവെന്നാണ് സര്‍വേ ഫലം പറഞ്ഞത്.

22.6 ശതമാനം പേര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനേയും 7.3 ശതമാനം പേര്‍ മുകുള്‍ റോയിയേയും പിന്തുണയ്ക്കുന്നുവെന്ന് സര്‍വേയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Confectioners sell sweets symbols political parties kolkata

We use cookies to give you the best possible experience. Learn more