പ്രദീപ് എന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടറാണ് ഇപ്പോള്‍ എന്റെ ഹീറോ. ബസ്സില്‍ വെച്ച് ദുരനുഭവമുണ്ടായ പെണ്‍കുട്ടിയെ ശക്തമായി പിന്തുണയ്ക്കുകയും കുറ്റവാളിയെ പിടികൂടുകയും ചെയ്തത് പ്രദീപാണ്. മനുഷ്യത്വത്തിന്റെയും ധീരതയുടെയും ആള്‍രൂപമാണ് ഇദ്ദേഹം. സംഭവത്തിന്റെ വിഡിയോ ഞാന്‍ കണ്ടിരുന്നു. ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ സീറ്റിന്റെ തൊട്ടടുത്ത് ഒരാള്‍ വന്ന് ഇരിക്കുന്നു. അയാള്‍ അവളെ സ്പര്‍ശിക്കുകയും പരസ്യമായി സ്വയംഭോഗത്തിന് തുനിയുകയും ചെയ്യുന്നു. ആ പെണ്‍കുട്ടി ഉടന്‍ പ്രതികരിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീയെ സപ്പോര്‍ട്ട് ചെയ്യാന്‍ മടി കാണിക്കുന്ന നാടാണ് നമ്മുടേത്. ആളുകളുടെ അഭിപ്രായങ്ങള്‍ ഇങ്ങനെയാകും
”ആണുങ്ങള്‍ പലതും ചെയ്യും. പെണ്ണുങ്ങള്‍ കുറച്ചൊക്കെ സഹിക്കേണ്ടതല്ലേ…!”
”പരാതിയ്ക്കും കേസിനും ഒക്കെ പോയാല്‍ കുറേ ബുദ്ധിമുട്ടേണ്ടിവരും. നമുക്ക് കോംപ്രമൈസിന് ശ്രമിക്കുന്നതല്ലേ നല്ലത്…!?’
‘ഇങ്ങനെയൊരു സംഭവം ഉണ്ടായി എന്ന കാര്യം പുറത്തറിഞ്ഞാല്‍ അത് നിന്റെ ഭാവിയെ ബാധിക്കും മോളേ…!”
പക്ഷേ പ്രദീപ് എന്ന കണ്ടക്ടര്‍ ഈ വക ദുര്‍ഗന്ധം വമിക്കുന്ന വാക്കുകളൊന്നും ഉച്ചരിച്ചില്ല. അദ്ദേഹം ആ പെണ്‍കുട്ടിയോട് ഒറ്റക്കാര്യമേ ചോദിച്ചുള്ളൂ…
”നിങ്ങള്‍ക്ക് പരാതിയുണ്ടോ…? ‘
പരാതിയുണ്ട് എന്ന് അവള്‍ പറഞ്ഞു. ഓടിപ്പോകാന്‍ ശ്രമിച്ച കുറ്റവാളിയെ കണ്ടക്ടറും ഡ്രൈവറും സാഹസികമായി പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.പ്രദീപ് ഒരു മഹത്തായ മാതൃകയാണ് കാണിച്ചുതന്നിട്ടുള്ളത്. അനീതി നേരിട്ട മനുഷ്യരെ ഉപാധികളില്ലാതെ പിന്തുണയ്ക്കണം എന്നാണ് അദ്ദേഹം പറയാതെ പറഞ്ഞത്. ഒരു പെണ്‍കുട്ടി റേപ്പ് ചെയ്യപ്പെട്ടു എന്ന് വാര്‍ത്ത വന്നാല്‍ ചില ആളുകള്‍ അതിനോട് പ്രതികരിക്കുന്ന രീതി ശ്രദ്ധിച്ചിട്ടില്ലേ?
”ബലാത്സംഗം തെറ്റാണ്. പക്ഷേ അവള്‍ എന്തിനാണ് രാത്രിയില്‍ ഇറങ്ങിനടന്നത്…?’
”കുറ്റം ചെയ്തവന് ശിക്ഷ കിട്ടണം. പക്ഷേ ചില പെണ്ണുങ്ങളുടെ വസ്ത്രധാരണം ഒട്ടും ശരിയല്ല…”
ആ ”പക്ഷേ” ആണ് ഏറ്റവും വലിയ തെറ്റ്. മറ്റൊരു കുറ്റകൃത്യം ചെയ്യാനുള്ള നിശബ്ദ പ്രോത്സാഹനമാണ് അത്. ഇരകളോട് ‘പക്ഷേ’കളില്ലാതെ ഐക്യപ്പെടണം. വേട്ടക്കാരെ ഒരു മയവും ഇല്ലാതെ കൈകാര്യം ചെയ്യണം. ഇതാണ് ശരിയായ നിലപാട്. പ്രദീപ് ആ സമീപനമാണ് കൈക്കൊണ്ടത്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ടിട്ടുള്ള ഒരു ഇടം ബസ് ആയിരിക്കും. ബസ്സില്‍ വെച്ച് തോണ്ടലും തഴുകലും കിട്ടിയിട്ടില്ലാത്ത സ്ത്രീകള്‍ കുറവായിരിക്കും. ആ വൃത്തികേടിനെ ‘ജാക്കിവെയ്പ് ‘ എന്ന ഓമനപ്പേരിട്ട് ഗ്ലോറിഫൈ ചെയ്ത ജനതയാണ് നാം!
ഇതുപോലുള്ള ഉപദ്രവങ്ങള്‍ നേരിട്ട സ്ത്രീകളെപ്പറ്റി ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ചിലര്‍ക്ക് അത്തരം അനുഭവങ്ങള്‍ ജീവിതകാലം മുഴുവനും നീണ്ടുനില്‍ക്കുന്ന വേദനയായി മാറും. കുറേപ്പേര്‍ പുരുഷവര്‍ഗ്ഗത്തെ മുഴുവനായും വെറുത്തുപോയിട്ടുണ്ടാകാം. നിങ്ങളോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട് പ്രദീപ്. സ്ത്രീയുടെ അന്തസ്സും പുരുഷന്റെ ആത്മാഭിമാനവും ഒരുവന്‍ പരസ്യമായി ചവിട്ടിയരയ്ക്കാന്‍ ശ്രമിച്ചതാണ്. പക്ഷേ നിങ്ങള്‍ അതിനെ ഭംഗിയായി ചെറുത്തുതോല്‍പ്പിച്ചു. പ്രദീപിന്റെ ആ ചോദ്യം എല്ലാവരും ഓര്‍ത്തുവെച്ചോളൂ. ഭാവിയില്‍ ഒരാള്‍ക്കെതിരെ അതിക്രമം ഉണ്ടായാല്‍ പ്രദീപ് ചോദിച്ച കാര്യം മാത്രം ചോദിക്കുക. മറ്റൊന്നും തന്നെ പറയേണ്ടതില്ല. എന്താണ് ആ ചോദ്യം?
‘നിങ്ങള്‍ക്ക് പരാതിയുണ്ടോ…?’
content highlights: Conductor Pradeep with the girl who interrogated the young man who exhibited nudity on the bus