ചെന്നൈ: എല്ലാ പോക്‌സോ കേസുകളിലും മെഡിക്കൽ എക്‌സാമിനേഷൻ നിർബന്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതി. പോക്സോ നിയമ പ്രകാരമുള്ള കേസുകളിൽ എല്ലാ കുട്ടികളെയും യാന്ത്രികമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്ന പതിവ് രീതി ശ്രദ്ധയിൽപ്പെട്ട മദ്രാസ് ഹൈക്കോടതി, പരാതിയുടെ സ്വഭാവമനുസരിച്ച് മാത്രം കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയരാക്കിയാൽ മതിയെന്ന് നിർദേശിക്കുകയായിരുന്നു.
അനാവശ്യമായി കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത് അവർക്ക് കൂടുതൽ മാനസിക സമ്മർദത്തിന് കാരണമാകുമെന്ന് കോടതി പറഞ്ഞു. പോക്സോ നിയമത്തിന്റെ നടത്തിപ്പ് നിരീക്ഷിച്ചുവരുന്ന ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ്, ജസ്റ്റിസ് സുന്ദർ മോഹൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റേതാണ് നിർദേശം. മാർച്ച് 15നായിരുന്നു ഹൈക്കോടതിയുടെ ഈ നിർദേശം.
പോക്‌സോ നിയമത്തിലെ 7,9, 11 സെഷൻ പ്രകാരമുള്ള കേസുകളിൽ (ശരീരത്തിൽ മോശമായി സ്പർശിക്കുന്നതോ ചുംബിക്കുന്നതോ, ലൈംഗീക ഉദ്ദേശത്തോടെ ഏതെങ്കിലും വാക്കുകൾ പറയുന്നത്, ലൈംഗികാവയവങ്ങൾ പ്രദർശിപ്പിക്കുന്നത് തുടങ്ങിയ കേസുകൾ ) വൈദ്യപരിശോധന ആവശ്യമില്ലെന്നും പോക്സോ നിയമത്തിലെ സെക്ഷൻ 3, 5 പ്രകാരമുള്ള കുറ്റകൃത്യങ്ങളായ ക്രൂരമായ ബലാത്സംഗം പോലുള്ള കുറ്റകൃത്യം ആണ് നടന്നതെങ്കിൽ വൈദ്യ പരിശോധന നടത്തണമെന്നും ബെഞ്ച് നിർദേശിച്ചു.
‘കേസിന്റെ സ്വഭാവം പരിഗണിക്കാതെ അനാവശ്യമായ വൈദ്യപരിശോധനകൾക്ക് കുട്ടികളെ നിർബന്ധിക്കുന്നത് അവരിൽ മാനസിക സംഘർഷം ഉണ്ടാക്കും. ഇത് അതിജീവിച്ചവരുടെ മാനസികാരോഗ്യത്തെ ബാധിക്കും. അതിനാൽ ഇത് ഒഴിവാക്കണം. പകരം, പോക്സോ നിയമത്തിലെ സെക്ഷൻ 27 സി.ആർ.പി.സിയിലെ സെക്ഷൻ 164-എ എന്നിവയ്ക്ക് അനുസൃതമായി നടപടിക്രമം പാലിക്കണം.
പോക്സോ നിയമത്തിലെ സെക്ഷൻ 3, 5 പ്രകാരമുള്ള കുറ്റകൃത്യങ്ങൾ നടക്കാത്ത പക്ഷം വൈദ്യപരിശോധന ആവശ്യമില്ല. പോക്‌സോ നിയമത്തിലെ 7, 9, 11 പ്രകാരമുള്ള കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ കുട്ടിക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ട് അപ്പോൾ വൈദ്യപരിശോധനയുടെ ആവശ്യകതയുണ്ട്. അതിനാൽ അനാവശ്യ പരിശോധനകൾ ഒഴിവാക്കേണ്ടാതുണ്ട്. വൈദ്യപരിശോധന നടത്തുമ്പോൾ ഡോക്ടർമാർ വിവേചനാധികാരം ഉപയോഗിക്കണം,’ കോടതി വിധിച്ചു.
Content Highlight: Conduct Medical Examinations Based On Complaint In POCSO Cases: Madras HC