കൂടംകുളം ആണവനിലയത്തില്‍ യന്ത്രത്തകരാര്‍; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രമുഖര്‍
India
കൂടംകുളം ആണവനിലയത്തില്‍ യന്ത്രത്തകരാര്‍; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രമുഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th February 2013, 12:10 pm

കൂടംകുളം: കൂടംകുളം ആണവനിലയത്തിന്റെ അപകട സാധ്യതയെ കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികളും സാമൂഹ്യപ്രവര്‍ത്തകരും രംഗത്ത്. പ്ലാന്റിന്റെ സുരക്ഷയില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെയാണ് ജനങ്ങള്‍ തിരിഞ്ഞിരിക്കുന്നത്.

പ്ലാന്റില്‍ ചോര്‍ച്ചയും സാങ്കേതിക തകരാറുമുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ഈ ആശങ്ക പരിഹരിക്കാന്‍ സ്വതന്ത്ര്യ അന്വേഷണം ആവശ്യപ്പെട്ട് 50 ഓളം സാമൂഹ്യ പ്രവര്‍ത്തകര്‍ ഒപ്പുവെച്ച പത്രക്കുറിപ്പ് ഇറക്കിയിരിക്കുകയാണ്. []

പ്രശസ്ത ചരിത്രകാരി റോമില ഥാപ്പര്‍, ദീപക് നയ്യാര്‍, താനിക എന്നിവരടങ്ങുന്നവരാണ് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

പത്രക്കുറിപ്പിന്റെ പൂര്‍ണ രൂപം

കൂടംകുളത്തെ റഷ്യന്‍ നിര്‍മിത ആണവനിലയത്തിന്റെ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പ്ലാന്റിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ ആശങ്ക ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ തെക്കന്‍ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്.

വ്യക്തമായ വിശദീകരണമില്ലാതെ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിലയത്തിന്റെ കമ്മീഷനിങ് വീണ്ടും വീണ്ടും മാറ്റിവെക്കുകയാണ്. കമ്മീഷനിങ് വൈകിപ്പിക്കുന്നതിന് പിന്നില്‍ ആശങ്കപ്പെടാനുള്ള ഒന്നുമില്ലെന്നാണ് ഡി.എ.ഇ(ഡിപ്പാര്‍ട്‌മെന്റ് ഓഫ് അറ്റോമിക് എനര്‍ജി) ചെയര്‍മാന്‍ പറയുന്നത്.

അധികൃതരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ സമീപനം നിലയത്തിന് ഗുരുതരമായ ചോര്‍ച്ചയും സാങ്കേതിക തകരാറുണ്ടെന്ന ഊഹാപോഹങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ആണവനിലയത്തിലെ തൊഴിലാളികള്‍ക്ക് ശാരീരിക വൈകല്യങ്ങളും മരണം വരെയും ഇത്തരം തകരാറുമൂലം സംഭവിച്ചേക്കാമെന്നും വാര്‍ത്തകള്‍ പരക്കുന്നു. നിലയത്തിലേക്ക് തൊഴിലാളികളെ ലഭ്യമാകാതിരിക്കാനും ഇതുമൂലം പ്രവര്‍ത്തനം നടക്കാതിരിക്കാനും ഇത്തരം വാര്‍ത്തകള്‍ കാരണമാകും.

ഇത്തരം ഊഹാപോഹങ്ങള്‍ സാധാരണ ജനങ്ങളില്‍ ഏറെ പരിഭ്രാന്തി വളര്‍ത്തിയിരിക്കുകായാണ്. ആണവനിലയത്തിന്റെ സുരക്ഷയുടെ കാര്യത്തിലും ഏറെ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റുന്നതില്‍ അധികൃതരും നിരന്തരം പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണ്.

ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു സുതാര്യതയും ഇല്ല. സൈറ്റ് ഇവാല്യുവേഷന്‍ റിപ്പോര്‍ട്ട്, സുരക്ഷാ പരിശോധന റിപ്പോര്‍ട്ട്, അടിയന്തരഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയില്‍ വ്യക്തമായ പദ്ധതി തയ്യാറാക്കാനും അധികൃതര്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി നിലയത്തിന്റെ പ്രവര്‍ത്തനങ്ങളിലും ഡിസൈനിങ്ങിലും അധികൃതര്‍ നിരുത്തരവാദപരമായാണ് ഇടപെടുന്നത്. ഇതുമൂലമുള്ള ഉണ്ടായേക്കാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഗൗനിക്കാതെയാണ് ഇവര്‍ മുന്നോട്ട് പോകുന്നത്.

അതിനാല്‍ ആണവനിലയത്തിലെ ആദ്യ പ്ലാന്റ് കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പായി സുരക്ഷയെ കുറിച്ചും പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചും സ്വന്ത്രമായ അന്വേഷണം ആവശ്യമാണ്.

നിലയത്തിന്റെ സുരക്ഷയെ കുറിച്ച് ഇത്രയും ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പക്ഷപാതമില്ലാത്ത സ്വതന്ത്രമായ വിദഗ്ദ്ധ സംഘത്തിന്റെ അന്വേഷണം അത്യാവശ്യമായിരിക്കുകായാണ്. ആശങ്കകളും അഭ്യൂഹങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം വൈകിപ്പിക്കരുത്.