| Wednesday, 8th December 2021, 7:43 pm

ഇന്ത്യ മറക്കില്ലെന്ന് പ്രധാനമന്ത്രി, വേദനാജനകമെന്ന് മുഖ്യമന്ത്രി; ബിപിന്‍ റാവത്തിന് അനുശോചന പ്രവാഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിപിന്‍ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.

അത്യന്തം വേദനാജനകമാണ് അപകടവാര്‍ത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറല്‍ റാവത്തിന്റെയും ഒപ്പം ജീവന്‍ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെ ആകെയും അനുശോചനം അറിയിക്കുന്നതായും പിണറായി വിജയന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി എന്നിവരും ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചിട്ടുണ്ട്.

മികച്ചൊരു സൈനികനായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവിധാനങ്ങളേയും നവീകരിക്കുന്നതില്‍ വളരെയധികം സംഭാവനകള്‍ നല്‍കി എന്നാണ് പ്രധാനമന്ത്രി അദ്ദേഹത്തെ അനുശോനമര്‍പ്പിച്ച് പറഞ്ഞത്.

‘പ്രതിരോധ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ അറിവും ഉള്‍ക്കാഴ്ചയും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വേദന വളരെ വലുതാണ്. ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന നിലയില്‍, പ്രതിരോധസേനകളുടെ പരിഷ്‌കരണമടക്കം നമ്മുടെ സായുധ സേനയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുമായി ജനറല്‍ റാവത്ത് സഹകരിച്ചു. കരസേനയിലെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയവുമായാണ് അദ്ദേഹം സംയുക്ത സൈനികമേധാവി സ്ഥാനത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല,’ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നൊരു ദുരന്തമാണിതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

‘ജനറല്‍ ബിപിന്‍ റാവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും നിര്യാണത്തില്‍ അവരുടെ കുടുംബത്തെ ഞാന്‍ അനുശോചനം അറിയിക്കുന്നു.
അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നൊരു ദുരന്തമാണിത്. ഈ പരീക്ഷണവേളയില്‍ അവരുടെ കുടുംബത്തോടൊപ്പം ഞാനും ചേരുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും അനുശോചനം. ഈ ദുഃഖത്തില്‍ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Condolences to Bipin Rawat
We use cookies to give you the best possible experience. Learn more