കേരളത്തിന് തമിഴ്നാടിന്റെ കൈത്താങ്ങ്; രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് കോടി പ്രഖ്യാപിച്ച് സ്റ്റാലിന്‍
national news
കേരളത്തിന് തമിഴ്നാടിന്റെ കൈത്താങ്ങ്; രക്ഷാപ്രവര്‍ത്തനത്തിന് അഞ്ച് കോടി പ്രഖ്യാപിച്ച് സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2024, 2:19 pm

ചെന്നൈ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനുശോചനമറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഡി.എം.കെ സര്‍ക്കാര്‍ അഞ്ച് കോടി ധനസഹായം പ്രഖ്യാപിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളെ കേരളത്തിലേക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അയക്കുമെന്നും എം.കെ. സ്റ്റാലിന്‍ അറിയിച്ചു.

ഇതിനുപുറമെ ഡോക്ടര്‍മാരും നേഴ്സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘത്തെയും ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് ടീമിനെയും കേരളത്തിലേക്ക് അയക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് എം.കെ. സ്റ്റാലിന്‍ വയനാട്ടില്‍ ദുരിതബാധിതരായ ആളുകള്‍ക്ക് പിന്തുണ അറിയിച്ചത്.


മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലുണ്ടായ ദുരന്തത്തെ ഒറ്റക്കെട്ടായി തരണം ചെയ്യുമെന്നും എം.കെ. സ്റ്റാലിന്‍ പോസ്റ്റില്‍ വ്യക്തമാക്കി.

അതേസമയം വയനാട്ടിലെ ഉരുൾപൊട്ടലിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അനുശോചനം അറിയിച്ചു. വയനാട്ടിലുണ്ടായ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ദുരിതബാധിതരായ കുടുംബങ്ങൾക്കൊപ്പം നിൽക്കാൻ താത്പര്യപ്പെടുന്നതായും സിദ്ധരാമയ്യ അറിയിച്ചു.

ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് കേരളത്തിന് സാധ്യമായ എല്ലാ സഹായവും നൽകാൻ കർണാടക പ്രതിജ്ഞാബദ്ധമാണ്. ഐക്യത്തോടെയും കരുത്തോടെയും ദുരന്തത്തെ നേരിടാമെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കർണാടക മുഖ്യമന്ത്രി കേരളത്തിന് പിന്തുണ അറിയിച്ചത്.

Content Highlight: Condolences on the landslide in Wayanad, Tamil Nadu Chief Minister M.K. Stalin