| Friday, 21st April 2023, 7:30 pm

സുഡാന്‍ കലാപം; ഇന്ത്യന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടില്ല; വെടികൊണ്ടല്ലെങ്കില്‍ പട്ടിണി കൊണ്ട് ഞങ്ങള്‍ മരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖാര്‍ത്തൂം: സുഡാനില്‍ നടക്കുന്ന ആഭ്യന്തര യുദ്ധം തങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കി മാറ്റിയിരിക്കുകയാണെന്നും സര്‍ക്കാരുകള്‍ സഹായിക്കുന്നില്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്ത് കഴിയുന്ന കര്‍ണാടകയില്‍ നിന്നുള്ള ഹാക്കി പിക്കി ഗോത്ര ജനത.

വെടിയേറ്റല്ലെങ്കില്‍ പട്ടിണി കിടന്ന് തങ്ങള്‍ മരിക്കേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്. വടക്ക് പടിഞ്ഞാറന്‍ സുഡാനിലെ അല്‍ ഫാഷിറില്‍ കഴിയുന്ന ഇവര്‍ ദി ക്വിന്റിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പുറത്തിറങ്ങരുതെന്നാണ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത്. പുറത്തിറങ്ങിയാല്‍ ചിലപ്പോള്‍ ഞങ്ങള്‍ വെടിയേറ്റ് കൊല്ലപ്പെട്ടേക്കാം, എന്നാല്‍ അകത്ത് തന്നെയിരുന്നാല്‍ പട്ടിണി കിടന്ന് ഞങ്ങള്‍ മരിക്കും,’ കര്‍ണാടക സ്വദേശിയായ എസ്. പ്രഭു പറഞ്ഞു.

കര്‍ണാടക, ദേവനാഗരി ജില്ലയിലെ ചാന്നാഗിരിയില്‍ നിന്നുള്ള ഹാക്കി പാക്കി വിഭാഗത്തില്‍ പെട്ട 33 പേരാണ് സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്നത്. മെച്ചപ്പെട്ട തൊഴില്‍ തേടി 2022 ജൂലൈയിലാണ് ഇവര്‍ സുഡാനിലേക്ക് പോയത്.

‘ഞങ്ങള്‍ ഇന്ത്യന്‍ പൗരരാണ്. ഞങ്ങള്‍ക്ക് ഭക്ഷണവും വെള്ളവുമുള്‍പ്പെടെയുള്ള അടിസ്ഥാന കാര്യങ്ങള്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഒരു പ്രതികരണവും ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഒരുറപ്പും സര്‍ക്കാര്‍ നല്‍കിയിട്ടില്ല,’ പ്രഭു പറഞ്ഞു.

തിങ്കളാഴ്ച ഒരു മണിക്കൂര്‍ മാത്രമാണ് കടകള്‍ തുറന്നതെന്നും ജീവന്‍ പണയം വെച്ചാണ് സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോകുന്നതെന്നും പ്രഭു പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി തങ്ങള്‍ പട്ടിണിയിലാണെന്നും ഒരു തുള്ളി വെള്ളത്തിനായി അയല്‍ക്കാര്‍ക്ക് മുന്നില്‍ യാചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഹാക്കി പാക്കി ജനതയുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സിദ്ധരാമയ്യ രംഗത്ത് വന്നിരുന്നു. കലാപത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരരെ രക്ഷപ്പെടുത്താനാകുന്നില്ലെങ്കില്‍ അതിന് കഴിയുന്ന ഒരാളെ കാണിച്ച് തരണമെന്ന് സിദ്ധരാമയ്യ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സിദ്ധരാമയ്യ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആരോപിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് നിരുത്തരവാദപരമാണെന്നും സുഡാനിലെ ഇന്ത്യക്കാരെ സംബന്ധിക്കുന്ന വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പുറത്ത് വിടാനാകില്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രിയുടെ നിലപാട്.

ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് തിരികെ നാട്ടിലെത്തിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.

സൈന്യവും പാരാമിലിട്ടറി സംഘമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍.എസ്.എഫ്) തമ്മിലാണ് രാജ്യത്ത് ഏറ്റുമുട്ടല്‍ നടക്കുന്നത്.
സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെയും മീറോയിലെയും അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ തങ്ങളുടെ അധീനതയിലാണെന്നാണ് ആര്‍.എസ്.എഫ് പറയുന്നത്. പ്രസിഡന്റിന്റെ കൊട്ടാരവും രാജ്യത്തെ സൈനിക മേധാവിയായ ജനറല്‍ അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ വസതിയും തങ്ങള്‍ പിടിച്ചെടുത്തതായി ആര്‍.എസ്.എഫ് അവകാശപ്പെടുന്നുണ്ട്.

Content Highlights: Condition of Indians in sudan is worse

We use cookies to give you the best possible experience. Learn more