| Wednesday, 30th September 2020, 12:46 pm

ഹാത്രാസ് കൂട്ടബലാത്സംഗം അപലപിക്കേണ്ടത് തന്നെ, പക്ഷേ യഥാര്‍ത്ഥ കാരണം കാണാതിരിക്കരുത്: മാര്‍ക്കണ്‌ഠേയ കട്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാത്രാസ് കൂട്ടബലാത്സംഗക്കേസില്‍ പ്രതികരണവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്‌ഠേയ കട്ജു. ഹാത്രാസ് കൂട്ടബലാത്സംഗത്തെ അപലപിക്കുന്നെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം കുറ്റകൃത്യങ്ങളുടെ പ്രധാന കാരണം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ ആണെന്നും അക്കാര്യം നമ്മള്‍ കാണാതെ പോകരുതെന്നും കട്ജു ഫേസ്ബുക്കില്‍ എഴുതി.

‘ഹത്രാസ് കൂട്ടബലാത്സംഗത്തെ ഞാന്‍ അപലപിക്കുന്നു, ഒപ്പം കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. എന്നിരുന്നാലും, ഇതിലെ മറ്റൊരു വശം കൂടി നമ്മള്‍ പരിഗണിക്കേണ്ടതായുണ്ട്.

ലൈംഗികതയെന്നത് പുരുഷന്മാരിലെ സ്വാഭാവിക പ്രേരണയാണ്. ഭക്ഷണം എന്ന ആവശ്യത്തിന് ശേഷമുള്ള അടുത്ത ആവശ്യം ലൈംഗികതയാണെന്ന് പറയാറുണ്ട്. ഇന്ത്യയെപ്പോലുള്ള ഒരു യാഥാസ്ഥിതിക സമൂഹത്തില്‍ സാധാരണ ഒരാള്‍ക്ക് വിവാഹത്തിലൂടെ മാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയൂ.

എന്നാല്‍ വന്‍തോതില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍ ധാരാളം ചെറുപ്പക്കാര്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയില്ല (ഒരു പെണ്‍കുട്ടിയും തൊഴിലില്ലാത്ത പുരുഷനെ വിവാഹം കഴിക്കില്ല).ഇതുമൂലം ധാരാളം ചെറുപ്പക്കാര്‍ക്ക് ലൈംഗികതയെന്ന ആവശ്യം നഷ്ടപ്പെടുന്നു.

1947 ന് മുമ്പുള്ള അവിഭക്ത ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 42 കോടി ആയിരുന്നു. ഇന്ന് ഇന്ത്യയില്‍ 135 കോടി ജനങ്ങളുണ്ട്, അതായത് ജനസംഖ്യയില്‍ നാലിരട്ടി വര്‍ധനയുണ്ടായി.

എന്നാല്‍ തൊഴിലിന്റെ എണ്ണം ഇതിനേക്കള്‍ ഏറെ കുറവാണ്. 2020 ജൂണില്‍ മാത്രം 12 കോടി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. ഈ ഒരു അവസ്ഥയില്‍ ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കില്ലേ?

ഞാന്‍ ബലാത്സംഗങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് വീണ്ടും വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. മാത്രമല്ല ഞാന്‍ അതിനെ അപലപിക്കുകയും ചെയ്യുന്നു. എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന അവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇനിയും വലിയ വര്‍ധനവ് തന്നെ ഉണ്ടാകും. ബലാത്സംഗങ്ങള്‍ അവസാനിപ്പിക്കാനോ കുറയ്ക്കാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തൊഴിലില്ലായ്മ ഇല്ലാത്ത ഒരു സാമൂഹിക സാമ്പത്തിക വ്യവസ്ഥ ഇന്ത്യയില്‍ ആദ്യം സൃഷ്ടിക്കണം.

കൂട്ടബലാത്സംഗത്തെ ഞാന്‍ അപലപിക്കുന്നു, കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ നല്‍കണമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു’, മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക്കില്‍ എഴുതി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: condemn the Hathras gang rape, and call for harsh punishment of the culprits, Markandey Katju

Latest Stories

We use cookies to give you the best possible experience. Learn more