കോണ്‍ഗ്രസില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്; എല്ലാം പരിഹരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെന്ന് കപില്‍ സിബല്‍
national news
കോണ്‍ഗ്രസില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ആശങ്കയുണ്ട്; എല്ലാം പരിഹരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെന്ന് കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th July 2020, 11:09 am

ജയ്പൂര്‍: കോണ്‍ഗ്രസില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ഹിന്ദുസ്ഥാന്‍ ടൈംസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഈ പ്രശ്‌നങ്ങളെല്ലാം നേരത്തെ പരിഹരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതൊന്നും പരിഹരിക്കപ്പെടേണ്ടതല്ല എന്ന് കരുതുന്നവര്‍ ഇവിടെയുണ്ട്. ഞാന്‍ ആരുടേയും പക്ഷം പിടിച്ച് സംസാരിക്കുകയല്ല. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് കോണ്‍ഗ്രസുകാരനായി പറയുകയാണ്’, കപില്‍ സിബല്‍ പറഞ്ഞു.

ഇതെല്ലാം തന്നെ വളരെയധികം വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരേയും പോലെ ഞാനും അസ്വസ്ഥനാണ്. എന്നാല്‍ ഈ സര്‍ക്കാരിനേക്കാള്‍ എന്റെ പാര്‍ട്ടിയെക്കുറിച്ചോര്‍ത്താണ് കൂടുതല്‍ അസ്വസ്ഥനാകുന്നതെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനില്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഉച്ഛസ്ഥായിയിലെത്തി നില്‍ക്കുകയാണ്. മധ്യപ്രദേശിന് പുറമെ രാജസ്ഥാനിലും സര്‍ക്കാര്‍ താഴെ വീഴുമെന്ന ഭീഷണിയിലാണ് കോണ്‍ഗ്രസ്.

അതേസമയം രാജ്യത്ത് എന്തു നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തെരുവിലിറങ്ങേണ്ട സമയമാണിതെന്ന് കപില്‍ സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇത് പ്രധാന കടമയായി കണ്ട് രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടേയും ജനാധിപത്യത്തിന്റേയും മൂല്യങ്ങള്‍ക്ക് ഭംഗം സംഭവിച്ചിരിക്കുന്നു. ഹൈക്കോടതിയുടെ തീരുമാനങ്ങള്‍ പോലും പക്ഷപാതപരമാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ സംരക്ഷകരാകേണ്ട ഗവര്‍ണര്‍മാര്‍ ആ ജോലി ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക