| Wednesday, 8th March 2023, 9:31 am

രാജ്യത്തിന്റെ പരിതാപകരമായ അവസ്ഥയില്‍ ആശങ്ക; ഹോളി ദിനത്തില്‍ പൂജയിരിക്കുമെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിന്റെ പരിതാപകരമായ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഹോളി ദിനത്തില്‍ മുഴുവന്‍ സമയവും പൂജയിരിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

‘ ഹോളി ദിനത്തില്‍ ഞാന്‍ ധ്യാനത്തിലിരിക്കും. രാജ്യത്തിന്റെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളൊന്നും ശരിയല്ല. ഹോളി ആഘോഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ തീര്‍ച്ചയായും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം,’ കെജ്‌രിവാള്‍ ട്വിറ്ററിലൂടെ പറഞ്ഞു.

ഒരു ഭാഗത്ത് രാജ്യം കൊള്ളയടിക്കുന്നവര്‍ രക്ഷപ്പെടുമ്പോള്‍ മറുഭാഗത്ത് രാജ്യത്തിന് നല്ലത് ചെയ്യുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളും ആശുപത്രികളും മോശം അവസ്ഥയിലാണുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ദല്‍ഹിയിലെ സ്‌കൂളുകളും ആശുപത്രികളും മെച്ചപ്പെടുത്തിയ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയ്‌നും ഇപ്പോള്‍ ജയിലിലാണ്.

ഞാന്‍ അവരുടെ അറസ്റ്റില്‍ ആശങ്കപ്പെടുന്നില്ല. അവര്‍ രാജ്യത്തിന് വേണ്ടി സ്വന്തം ജീവിതം പോലും ത്യജിക്കാന്‍ തയ്യാറായവരാണ്. പക്ഷേ രാജ്യത്തിന്റെ അവസ്ഥയില്‍ ഞാന്‍ ആശങ്കാജനകനാണ്,’ അദ്ദേഹം പറഞ്ഞു.

75 വര്‍ഷത്തിന് ശേഷം സമ്പന്നര്‍ക്ക് മാത്രം ലഭിച്ചിരുന്ന വിദ്യാഭ്യാസം പാവങ്ങള്‍ക്ക് ലഭ്യമാക്കിയ ഒരാളാണ് സിസോദിയ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയ്‌നും ഡല്‍ഹി ലിക്വര്‍ അഴിമതി ആരോപണക്കേസില്‍ അറസ്റ്റിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ ട്വിറ്റ്.

എന്നാല്‍ മനീഷ് സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നിരവധി പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിക്ക് സംയുക്തമായി കത്ത് അയച്ചിട്ടുമുണ്ട്.

content highlight: Concerned about the dire state of the country; Kejriwal that there will be puja on Holi

We use cookies to give you the best possible experience. Learn more