| Saturday, 15th April 2023, 3:54 pm

ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമം വര്‍ധിക്കുന്നത് ആശങ്ക; പുരോഹിത പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അക്രമം വര്‍ധിച്ചുവരുന്ന റിപ്പോര്‍ട്ടുകളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്കണ്ഠ രേഖപ്പെടുത്തിയതായി ക്രിസ്ത്യന്‍ നേതാക്കളുടെ പ്രതിനിധി സംഘം. രാഷ്ട്രപതി ഭവനില്‍ ദ്രൗപതി മുര്‍മുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ദല്‍ഹിയില്‍ നിന്നുള്ള ക്രിസ്ത്യന്‍ പ്രതിനിധി സംഘം ഇക്കാര്യം അറിയിച്ചത്.

ആര്‍ച്ച് ബിഷപ്പ് അനില്‍ ജെ.ടി. കൂട്ടോ, ബിഷപ്പ് സുബോധ് മൊണ്ടല്‍, ബിഷപ്പ് പോള്‍ സ്വരൂപ്, ഡോ. മൈക്കല്‍ വില്യംസ്, ശ്രീമതി തെഹ്‌മിന അറോറ എന്നിവരടങ്ങിയ സംഘമാണ് ശനിയാഴ്ച രാവിലെ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

രാഷ്ട്രപതി തങ്ങളെ ക്ഷമാപൂര്‍വം കേട്ടെന്നും ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തിയെന്നും സന്ദര്‍ശനത്തിന് ശേഷം ദല്‍ഹി എന്‍.സി.ആര്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പ്രതിനിധി സംഘം ബൈബിളിന്റെ പകര്‍പ്പും ഫ്രാന്‍സിസ് മാര്‍പാപ്പ അനുഗ്രഹിച്ച ക്രിസ്തുവിന്റെ സ്മരണികയും ക്രിസ്ത്യന്‍ സമൂഹത്തിന്റെ വിവിധ ആശങ്കകള്‍ വിശദീകരിക്കുന്ന മെമ്മോറാണ്ടവും രാഷ്ട്രപതിക്ക് സമ്മാനിച്ചു.

‘ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് രാഷ്ട്രപതിയെ ധരിപ്പിച്ചു. ക്രിസ്ത്യാനിയെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളുടെ റിപ്പാര്‍ട്ടുകള്‍ താന്‍ വായിച്ചിട്ടുണ്ടെന്നും എന്നാല്‍
അക്രമങ്ങള്‍ നടത്തിയത് വളരെ കുറച്ച് ആളുകള്‍ മാത്രമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും രാഷ്ട്രപതി അറിയിച്ചു,’ എന്‍.സി.ആര്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ക്രൈസ്തവര്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അക്രമങ്ങളുടെ കണക്കുമായി ക്രൈസ്തവ പുരോഹിതര്‍ രാഷ്ട്രപതിയെ മോദി ഭരിക്കുന്ന ഇന്ത്യയിലെ ആശങ്കപ്പെടുതന്ന കാഴ്ചയാണെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം എം.പി പറഞ്ഞു.

കേരളത്തില്‍ വിഷുവിന് ക്രൈസ്തവ പുരോഹിതരെ സല്‍ക്കരിക്കുന്ന ബി.ജെ.പിയുടെ നാടകം നടക്കുമ്പോഴാണ് ഈ കൂടിക്കാഴ്ചയെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

എ.എ. റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വിഷുവിന് തന്നെ നടന്ന
മറ്റൊരു സന്ദര്‍ശനത്തെ കുറിച്ച്.

കേരളത്തില്‍ വിഷുവിന് ക്രൈസ്തവ പുരോഹിതരെ സല്‍ക്കരിക്കുന്ന ബിജെപിയുടെ നാടകം നടക്കുമ്പോള്‍, ദല്‍ഹിയില്‍, ജീവിക്കാനും ആരാധിക്കാനുമുള്ള അവകാശം യാചിച്ചു രാഷ്ട്രപതിയെക്കാണാന്‍ കാത്തുനില്‍ക്കുകയായിരുന്നു ഒരു സംഘം ക്രൈസ്തവ പുരോഹിതര്‍.

ക്രൈസ്തവര്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണങ്ങളുടെ കണക്കുമായി റൈസാന കുന്നുകയറുന്ന ക്രൈസ്തവ പുരോഹിതര്‍ മോദി ഭരിക്കുന്ന ഇന്ത്യയിലെ ആശങ്കപ്പെടുത്തുന്ന കാഴ്ചയാണ്.

രാഷ്ട്രപതി തങ്ങളെ ക്ഷമാപൂര്‍വ്വം കേട്ടെന്നും ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ ബഹുമാനപ്പെട്ട രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തിയെന്നും സന്ദര്‍ശനത്തിന് ശേഷം ദല്‍ഹി എന്‍.സി.ആര്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് പാര്‍ലമെന്റിന് മുന്നില്‍ ഇതേ ആവശ്യം ഉന്നയിച്ചു പ്രതിഷേധിക്കാന്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും എത്തിയത്
കാല്‍ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികളും പുരോഹിതരുമായിരുന്നു.ഈ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ഇന്ന് ക്രിസ്ത്യന്‍ പ്രതിനിധിസംഘം രാഷ്ട്രപതിയെ കണ്ടത്.

കേരളത്തില്‍ വോട്ടിന് വേണ്ടി ക്രിസ്ത്യാനിയ്ക്ക്
വിഷു സദ്യ വിളമ്പുന്ന ബി.ജെ.പിക്കാരുടെ കൈകളില്‍ ക്രൂരമായ ക്രൈസ്തവ വേട്ടയുടെ ചോരയാണ് എന്ന് ആരും മറക്കരുത്.
വോട്ടിന് വേണ്ടി ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും അരമനകളില്‍ എത്തി ബിജെപി നടത്തുന്നത് രാഷ്ട്രീയ നാടകം മാത്രമാണ്.

ടി.വി സ്‌ക്രീനില്‍ നിറയ്ക്കാന്‍ ആവശ്യമുള്ള ഒരു വിഭവം മാത്രമായി ആദരണീയരായ പുരോഹിതരെ ബി.ജെ.പിക്കാര്‍ മാറ്റുന്നത് അവരോടുള്ള അങ്ങേയറ്റത്തെ അനാദരവ് കൂടിയാണ്. അതിജീവനത്തിനായി രാജ്യത്തെ ക്രൈസ്തവ സഭാപുരോഹിതരും വിശ്വാസികളും നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ഐക്യദാര്‍ഢ്യം.

Content Highlight:  Concern over increasing violence against Christians; A delegation of priests met the President

We use cookies to give you the best possible experience. Learn more