ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന ഇന്ത്യ-സിംബാബ്‌വെ രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യ 100 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന പടുകൂറ്റന്‍ ടോട്ടലാണ് സിംബാബ്വെക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.
ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചതോടെ സ്‌ക്വാഡിലേക്ക് യശസ്വി ജയ്‌സ്വാള്‍, മലയാളി താരം സഞ്ജു സാംസണ്‍, ശിവം ദുബൈ എന്നിവര്‍ ടീമിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ താരങ്ങള്‍ കൂടുതലാണ്. ഇതോടെ ഏത് താരത്തെ ടീമില്‍ എടുക്കണെന്ന് ആശങ്കയിലാണ് ഇന്ത്യന്‍ കോച്ച് വി.വി.എസ്. ലക്ഷമണനും യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും.
ആദ്യ ടി-20യില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ രണ്ടാം ടി-20യില്‍ ഗില്‍ ഒഴിച്ച് ബാക്കി മൂന്ന് ബാറ്റര്‍മാരും മിന്നും പ്രകടനം കാഴ്ച വെച്ചത് കൊണ്ട് തന്നെ ആരെ പുറത്തിരുത്തും എന്ന ചിന്തയിലാണ് ഇന്ത്യന്‍ ക്യാമ്പില്‍. രണ്ടാം ടി-20യില്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഇന്ത്യ വമ്പന്‍ സ്‌കോറിലെത്തിയത്. 47 പന്തില്‍ 100 റണ്‍സ് നേടികൊണ്ടായിരുന്നു അഭിഷേകിന്റെ മിന്നും പ്രകടനം. 212.77 സ്‌ട്രൈക്ക് റേറ്റില്‍ എട്ട് സിക്‌സുകളും ഏഴ് ഫോറുകളുമാണ് താരം നേടിയത്. ആദ്യ മത്സരത്തില്‍ നാല് പന്തില്‍ പൂജ്യം റണ്‍സ് നേടി മടങ്ങിയ താരം സെഞ്ച്വറിയിലൂടെ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.
ലോകകപ്പ് ടീം അംഗങ്ങളായ യശസ്വി ജയ്‌സ്വാള്‍, മലയാളി താരം സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവര്‍ക്ക് ടീമില്‍ ഇടമുണ്ടാകുമോ എന്ന് കണ്ടറിയണം. ജൂലൈ പത്തിനാണ് പരമ്പരയിലെ മൂന്നാം മത്സരം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.
സിംബാബ്വെക്കെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡേ.
സിംബാബ്വെക്കെതിരെയുള്ള ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബൈ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡേ.
Content Highlight: Concern in the Indian camp