ന്യൂദൽഹി: രാഷ്‌ട്രപതി ഭവനിലെ ഹാളുകളുടെ പേരുമാറ്റത്തിൽ മോദി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ദർബാറെന്ന സങ്കൽപമില്ലെങ്കിലും ഷഹൻഷാ (ചക്രവർത്തി) എന്ന സങ്കൽപം ഉണ്ടെന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം.
‘ദർബാർ എന്ന സങ്കൽപ്പമൊന്നുമില്ല, ഷെഹെൻഷാ എന്ന സങ്കൽപം ഉണ്ട്. പേരുമാറ്റാനുള്ള ഈ തീരുമാനം കൂടുതൽ സ്വേച്ഛാധിപത്യ ഭരണരീതിയിലേക്കുള്ള മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്,’ പ്രിയങ്ക ഗാന്ധി പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധിക്കെതിരായ പ്രധാനമന്ത്രി മോദിയുടെ ‘ഷെഹ്‌സാദ’ (രാജകുമാരൻ) പരാമർശത്തിന് ഷഹൻഷാ’ (രാജാക്കന്മാരുടെ രാജാവ്) എന്ന് മറുപടി നൽകിയിരുന്നു. ഈ സംഭവത്തെ മുൻ നിർത്തിയായിരുന്നു പ്രിയങ്ക പേരുമാറ്റത്തെ പരിഹസിച്ചത്.
രാഷ്ട്രപതി ഭവന്റെ പ്രധാന ഹാളുകളായ ദർബാർ ഹാൾ, അശോക് ഹാൾ എന്നിവയാണ് യഥാക്രമം ഗണതന്ത്ര മണ്ഡപം, അശോക മണ്ഡപം എന്നിങ്ങനെ പേര് മാറ്റിയിരിക്കുന്നത്. ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും ധാർമികതയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പേര് മാറ്റലിന്റെ ഉദ്ദേശമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചത്.
ഇന്ത്യൻ പ്രസിഡന്റിന്റെ ഓഫീസും വസതിയുമായ രാഷ്ട്രപതി ഭവൻ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമാണ്. അതിനാൽ തന്നെ രഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും ധാർമികതയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം. അതനുസരിച്ച്, രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേര് ‘ഗണതന്ത്ര മണ്ഡപം’ ‘അശോക മണ്ഡപം’ എന്നിങ്ങനെ പുനർനാമകരണം ചെയ്യുന്നു,’ എന്നാണ് രാഷ്‌ട്രപതി ഭവൻ പ്രസ്താവനയിൽ പറഞ്ഞത്.