മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബാറോസ് റിലീസിനൊരുങ്ങുകയാണ്. വാസ്‌ഗോഡ ഗാമയുടെ നിധിസൂക്ഷിപ്പുകാരന്‍ ഭൂതമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിജോ പൊന്നൂസാണ്.
മോഹന്‍ലാലിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റായ സേതു ശിവാനന്ദന്‍. സംവിധായകനെന്ന നിലയില്‍ പെര്‍ഫെക്ഷന് അദ്ദേഹം ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും വ്യക്തി എന്ന നിലയില്‍ ഏറ്റവും സിമ്പിള്‍ ആയിട്ടുള്ള മനുഷ്യനാണെന്നും റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സേതു പറഞ്ഞു.
‘മോഹന്‍ലാല്‍ എന്ന സംവിധായകന്‍ പെര്‍ഫെക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ്. ഒരു സഹ സംവിധായകന് അബദ്ധം പറ്റിയാല്‍ പോലും അത് ശ്രദ്ധിച്ച് വേണ്ടുന്ന തിരുത്തലുകള്‍ അദ്ദേഹം വരുത്തും. തലേദിവസം കൊണ്ടുവന്നുവെച്ച പൂവ് വാടിയിട്ടുണ്ടെങ്കില്‍ അത് മാറ്റാന്‍ ഓര്‍മിപ്പിക്കുന്ന, അത്രയും ശ്രദ്ധയോടെ കാര്യങ്ങള്‍ നോക്കുന്ന സംവിധായകനാണ് ലാലേട്ടന്‍.
സംവിധാനം ചെയ്യുന്നതിനൊപ്പം നല്ല ഭാരമുള്ള കോസ്റ്റ്യൂം ഇട്ടുകൊണ്ട് പൊരിവെയിലത്ത് നിന്ന് അഭിനയിക്കുകയും വേണം. അത് പ്രയാസം നിറഞ്ഞ കാര്യം തന്നെയാണ്. അത് മനോഹരമായി തന്നെ അദ്ദേഹം ചെയ്തിട്ടുമുണ്ട്.
അതുപോലെ ബാറോസിന്റെ ആ ലുക്കിന്റെ ഫുള്‍ ക്രെഡിറ്റ് ലാലേട്ടനും ജിജോ സാറിനുമാണ്. അവര്‍ അത്രത്തോളം റഫറന്‍സുകള്‍ തന്നിരുന്നു. അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നിരവധി സ്‌കെച്ചുകള്‍ ചെയ്തിരുന്നു.
ഒരു വ്യക്തി എന്ന നിലയില്‍ പറയുകയാണെങ്കില്‍, ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സിമ്പിള്‍ ആയിട്ടുള്ള മനുഷ്യനാണ് ലാലേട്ടന്‍. ഒരു രക്ഷയുമില്ല. അടുത്ത് നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ പോസിറ്റീവ് എനര്‍ജി നമുക്ക് ലഭിക്കും. അതുപോലെ കലാകാരന്മാരെ ഏറെ പിന്തുണയ്ക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം.
എനിക്ക് ഒരിക്കലും മറക്കാനാകാത്ത, അല്ലെങ്കില്‍ സന്തോഷം തരുന്ന ഒരു കാര്യമുണ്ട്. ലാലേട്ടന്റെ പുതിയ ഫ്‌ളാറ്റിന്റെ പാലുകാച്ചല്‍ ഈ അടുത്ത് നടന്നിരുന്നു. ഇത്രയധികം വര്‍ഷങ്ങള്‍ ഈ മേഖലയില്‍ തിളങ്ങി നിന്ന അദ്ദേഹം വെറും 50 പേരില്‍ താഴെ മാത്രമാണ് ആ ചടങ്ങിലേക്ക് ക്ഷണിച്ചത്. അതില്‍ ഒരാളായിരുന്നു ഞാന്‍. അതൊരു വലിയ ഭാഗ്യമാണ്.
അതുപോലെ എന്നെകൊണ്ട് നിരവധി പേഴ്സണല്‍ പെയിന്റിങ്‌സും അദ്ദേഹം ചെയ്യിപ്പിച്ചിട്ടുണ്ട്. അതൊക്കെ ഒരുപാട് സന്തോഷം തരുന്ന കാര്യങ്ങളാണ്. മലൈക്കോട്ടൈ വാലിബനായും ഒരു സംഭവം ചെയ്തിട്ടുണ്ട്. അതിപ്പോള്‍ പറയില്ല, അല്‍പം സര്‍പ്രൈസ് ആണ്,’ സേതു പറഞ്ഞു.
Content Highlight: concept artist sethu sivanandan about mohanlal and barroz