മലയാള സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലിനെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം വിജയപാതയിലേക്ക് തിരികെ എത്തിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സിനിമയുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മോഹന്‍ലാലിന്റെ താടിയില്ലാതെയുള്ള മാസ് ലുക്ക് പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. ചിത്രത്തിന്റെ കണ്‍സപ്റ്റ് ആര്‍ട്ടിസ്റ്റായ സേതു ശിവാനന്ദനാണ് ഈ ലുക്ക് വരച്ചത്. എന്നാല്‍ വാലിബനിലെ ലുക്കിന് ഇതുമായി ഒരു ബന്ധവുമില്ലെന്ന് സേതു പറഞ്ഞു. താടി ഇല്ലാതെ മോഹന്‍ലാലിനെ കാണാന്‍ നിരവധി പേര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ക്ക് വേണ്ടിയാണ് ഈ ചിത്രം വരച്ചതെന്നും റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സേതു പറഞ്ഞു.
‘ഞാന്‍ പങ്കുവെച്ച ആ ചിത്രം ഒരു കണ്‍സപ്റ്റ് മാത്രമാണ്. ‘Lal Sir Without Beard’ എന്ന് ഞാന്‍ എഴുതിയിട്ടുമുണ്ടായിരുന്നു. അത് പൂര്‍ണ്ണമായി വരച്ചതുമല്ല. ലാല്‍ സാറിനെ താടി ഇല്ലാതെ കാണണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ ചെയ്ത വര്‍ക്കാണ് അത്.
മലൈക്കോട്ടൈ വാലിബനായും ഞാന്‍ തന്നെയാണ് കണ്‍സപ്റ്റ് ആര്‍ട്ട് ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സാറും മേക്കപ്പ് മാന്‍ റോണക്‌സ് സേവ്യറും ലാല്‍ സാറിന്റെ മേക്കപ്പ് മാനായ ലിജു ചേട്ടനും ഒക്കെയായി ചര്‍ച്ച ചെയ്ത ശേഷം കഥാപാത്രത്തിനായി കണ്‍സപ്റ്റ് ആര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. അതിന് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള ചിത്രവുമായി യാതൊരു ബന്ധവുമില്ല. പലരും തെറ്റിദ്ധരിക്കുന്നുണ്ട്.
അതിനാല്‍ പലരോടും കമന്റിലൂടെ ‘ഇത് വാലിബനല്ല’ എന്ന് ഞാന്‍ പറയാറുണ്ട്. അവര്‍ക്ക് അമിത പ്രതീക്ഷയുണ്ടാകും, അത് ഒഴിവാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. വാലിബനെക്കുറിച്ച് പല അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ പല തെറ്റിദ്ധാരണകളുമുണ്ട്.
വാലിബനെക്കുറിച്ച് ഒന്നും തന്നെ പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ഒരു ചിത്രവും പുറത്തുപോകരുത് എന്ന കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയാണ് അവര്‍ ചിത്രീകരണം നടത്തുന്നത് പോലും.
എന്റെ അഭിപ്രായത്തില്‍ സിനിമാപ്രവര്‍ത്തകര്‍ ആ വര്‍ക്ക് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്ററും ചിത്രങ്ങളും പുറത്തുവിടുമ്പോള്‍ ഉണ്ടാകുന്ന ഒരു സര്‍പ്രൈസ് ഉണ്ടല്ലോ. അത് ഈ സ്‌നേഹക്കൂടുതല്‍ കൊണ്ട് നേരത്തെ അറിയാന്‍ ശ്രമിക്കുമ്പോള്‍ നഷ്ടമാകും. ലാല്‍ സാറിന്റെ മികച്ച ഗെറ്റപ്പിന് തന്നെ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്,’ സേതു പറഞ്ഞു.
Content Highlight: concept artist sethu about the character look of mohanlal in malaikottai valiban