വീണ്ടും വിവാദത്തിലായി പ്രഭാസ് ചിത്രം ആദിപുരുഷ്. ചിത്രത്തിലെ നായകനായ പ്രഭാസിന്റെ ലുക്ക് തന്റെ കണ്‍സെപ്റ്റ് ആര്‍ട്ടില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് പ്രതീക് സംഘറാണ് രംഗത്തെത്തിയത്.
തന്റെ രണ്ട് ആര്‍ട്ട് വര്‍ക്കുകള്‍ ഒന്നിച്ചു ചേര്‍ത്തതാണ് ടീം നിര്‍മിച്ചതെന്ന വ്യാജേന പുറത്ത് വിട്ടതെന്നും തന്നെ ഇത് അറിയിക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്തില്ലെന്നും സംഘാര്‍ ആരോപിച്ചു. കണ്‍സെപ്റ്റ് ആര്‍ട്ടിന്റെ ചിത്രം ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് സംഘാറിന്റെ ആരോപണം.
‘ഞാന്‍ ഒരു കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റാണ്. രാമായണത്തിലെ പ്രഭു ശ്രീരാമന്റെ പല രൂപങ്ങളും വരച്ച് അതിലേക്ക് ഒരു പരിവേക്ഷണം നടത്തിയിട്ടുണ്ട് ഞാന്‍. ആദിപുരുഷിലെ ഒഫീഷ്യല്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ എന്റെ ആര്‍ട്ട്‌വര്‍ക്ക് മിക്‌സ് മോഷ്ടിച്ചു. സമാനമായ എന്റെ മറ്റൊരു ആര്‍ട്ട്‌വര്‍ക്കിനൊപ്പം മാച്ച് ചെയ്ത് അവരുടേതെന്ന പേരില്‍ പുറത്തിറക്കി.
എന്നെ അറിയിക്കാതെ, എനിക്ക് നഷ്ടപരിഹാരം തരാതെയാണ് ഇങ്ങനെ ചെയ്തത്. ഇത്തരം പ്രോജക്ടുകളുടെ പരാജയത്തിന് ഒരു പ്രധാനകാരണം ഇതാണ്. ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് തൊഴിലിനോട് പാഷനോ സ്‌നേഹമോ ഇല്ല. പകരം വില കുറഞ്ഞ തന്ത്രങ്ങള്‍ ഉപയോഗിച്ച് ഈ പ്രോജക്ട് നിര്‍മിക്കാന്‍ ശ്രമിക്കുന്നു,’ സംഘാര്‍ കുറിച്ചു.
മുമ്പും ആദിപുരുഷിനെതിരെ കോപ്പിയടി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു കാല്‍ നിലത്ത് കുത്തി വില്ല് താഴേക്കും അമ്പ് മുകളിലേക്കും പിടിച്ചിരിക്കുന്ന പ്രഭാസിന്റെ പോസ് വാനര്‍ സേന സ്റ്റുഡിയോസിന്റെ ലോര്‍ഡ് ശിവ എന്ന ആര്‍ട്ട്‌വര്‍ക്കിനോട് സമാനമല്ലേ എന്ന് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍ സംശയം ഉന്നയിച്ചത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇതിനെ പിന്തുണച്ച് വാനര്‍ സേന ആര്‍ട്ട്‌വര്‍ക്കും ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ റീഷെയര്‍ ചെയ്തിരുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്.
Content Highlight: concept artist pratheep sankhar accused plagiarism against adipurush