ലോക ജനതയെ കണ്ണീരിലാഴ്ത്തിയാണ് ഡീഗോ മറഡോണയെന്ന ഇതിഹാസ താരത്തിന്റെ വിടപറയല്‍. എക്കാലത്തും രാഷ്ട്രീയം സംസാരിച്ചിരുന്ന രാഷ്ട്രീയമായി ചിന്തിച്ചിരുന്ന മറഡോണയോടുള്ള ലോക ജനതയുടെ ആരാധാന എല്ലാത്തിനുമപ്പുറമാണ്.
മറഡോണ ഓര്‍മയാകുമ്പോഴും മരണത്തിലും പിരിയാത്ത ഫിദല്‍ കാസ്‌ട്രോയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം വീണ്ടും ചര്‍ച്ചയാകുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യൂബന്‍ വിപ്ലവ ഇതിഹാസം ഫിദല്‍ കാസ്‌ട്രോ വിട പറഞ്ഞ അതേ ദിവസമാണ് പ്രിയ കോംറേഡ് മറഡോണയും വിടപറഞ്ഞിരിക്കുന്നത്.
ക്യൂബന്‍ ജനതയുമായും ഫിദല്‍ കാസ്‌ട്രോയുമായും മറഡോണയ്ക്കുണ്ടായിരുന്ന ബന്ധം അത്ര ചെറുതല്ല. തനിക്ക് ജീവിതം തിരികെ നല്‍കിയത് ആ ജനതയും കാസ്‌ട്രോയുമാണെന്ന് മറഡോണ തന്നെ പറഞ്ഞിരുന്നു.
കൊക്കൈയിന്റെ അമിത ഉപയോഗത്തെതുടര്‍ന്ന് മറഡോണയ്ക്ക് ഹൃദയ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചു. മരണത്തിലേക്ക് നടന്നടുത്ത സമയത്താണ് മറഡോണയെ ഫിദല്‍ ക്യൂബയിലേക്ക് വിളിക്കുന്നത്. നാല് വര്‍ഷം ക്യൂബയില്‍ നിന്ന മറഡോണ പറഞ്ഞത് എനിക്ക് ഇനിയും ഒരുപാട് ചെയ്ത് തീര്‍ക്കാനുണ്ടെന്ന് ബോധ്യം വന്നിരിക്കുന്നു എന്നാണ്.
‘എന്റെ മരണം അവരുടെ കൈ കൊണ്ടാവുന്നത് താങ്ങാനാവില്ലെന്ന കാരണത്താല്‍ അര്‍ജന്റീനയിലെ ക്ലിനിക്കുകള്‍ എനിക്ക് മുന്നില്‍ വാതിലടച്ചു. അപ്പോള്‍ ക്യൂബയുടെ വാതിലുകള്‍ എനിക്കായി തുറന്നിടുകയായിരുന്നു ഫിദല്‍,’ മറഡോണ പറഞ്ഞു.
ഫിദല്‍ തന്നെ എന്നും രാവിലെ നടക്കാനും രാഷ്ട്രീയം സംസാരിക്കാനും ക്ഷണിക്കുമായിരുന്നെന്നും മറഡോണ പറഞ്ഞു. ഫിദലിന്റെ പ്രോത്സാഹനവും പ്രചോദനവും ജീവിതം നശിച്ചിട്ടില്ലെന്ന് തന്നെ ബോധ്യപ്പെടുത്തിയെന്നും മറഡോണ പറഞ്ഞിരുന്നു.
മറഡോണ തന്റെ ഇടതു കാലില്‍ ഫിദലിനെയും വലത് കയ്യില്‍ ചെ ഗുവേരയെയും പച്ചകുത്തി. ആ മുഖങ്ങള്‍ എക്കാലവും പച്ചകുത്തിക്കിടന്നത് മറഡോണയുടെ നെഞ്ചില്‍ തന്നെയായിരുന്നു.
ഫിദല്‍ ഇന്റര്‍വ്യൂയില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെ കടന്നാക്രമിച്ചു. വഞ്ചകനെന്നും മിയാമിയുടെ മാഫിയ തീവ്രവാദിയെന്നും ജോര്‍ജ് ബുഷിനെ വിളിച്ചു.
2016 നവംബര്‍ 25ന് ഫിദലിന്റെ വിയോഗത്തില്‍ മറഡോണ ഇങ്ങനെ പറഞ്ഞു; ‘എനിക്ക് അടക്കിപ്പിടിക്കാനായില്ല. ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. എന്റെ അച്ഛന് ശേഷം ഞാന്‍ അനുഭവിച്ച ഏറ്റവും വലിയ വേദന ഇതായിരുന്നു’.
ആ സൗഹൃദത്തെ ഓര്‍മപ്പെടുത്തി, നിലനിര്‍ത്തി ഒരു അപൂര്‍വ്വതയെന്ന പോലെ നവംബര്‍ 25ന് അച്ഛനെ പോലെ സ്‌നേഹിച്ച കാസ്‌ട്രോയുടെ നാലാം ചരമ വാര്‍ഷികത്തില്‍ മറഡോണയും യാത്രയായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Comradeship and love between Fidel Castro and Diego Maradona remains even after their death