വി.കെ.രവീന്ദ്രന്‍
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലേറെക്കാലമായി മാധ്യമങ്ങളില്‍ “ലൈവാ”യി തുടരുന്ന വിവാദസ്ഥാപനമാണ് പരിയാരം മെഡിക്കല്‍ കോളേജ്. അന്നുമുതല്‍ കേരളത്തിലെ സംഘടിത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ സ്ഥാപനത്തിനെതിരെ ജി ഹാദുമായി രംഗത്തുണ്ടായിരുന്നു.
ഒന്നും മറന്നുപോവാതിരിക്കുക. എല്ലാം ഓര്‍മ്മയുണ്ടായിരിക്കുന്നതും നല്ലതായിരിക്കും. ആ സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധസമരവുമായി കിടന്നവരില്‍ എ.പി.അബ്ദുള്ളക്കുട്ടിയും വി.വി. രമേശനുമുണ്ടായിരുന്നു. അബ്ദുള്ളക്കുട്ടി ഇപ്പോള്‍ പുതിയ ലാവണത്തിലാണ്. വി.വി. രമേശന്‍, ജനാധിപത്യ അട്ടിമറിയിലൂടെ പിടിച്ചെടുത്ത നില വിലുള്ള ഭരണസമിതിയില്‍ അംഗമാണ്.
അതിന്റെ ചെയര്‍മാനാകട്ടെ, പരിയാരം മെഡിക്കല്‍ കോളേജുള്‍പ്പെടെയുള്ള സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സമരത്തില്‍ പരിയാരത്തിന്റെ ശില്‍പിയായ എം.വി. രാഘവനെതിരെ മൂവായിരത്തോളം വരുന്ന യുവജനങ്ങളെ അണിനിരത്തി ഉപരോധം തീര്‍ക്കുകയും അതിന്റെ ഫലമായി അഞ്ചോളം രക്തസാക്ഷികളേയും ഒരു ജീ വിക്കുന്ന രക്തസാക്ഷിയേയും സൃഷ്ടിക്കുന്നതിന് നേതൃത്വം കൊടുത്ത എം.വി. ജയരാജനാണ്.
ആത്മാഭിമാനവും അല്‍പമെങ്കിലും നീതിബോധവുമുള്ള ആരും ഇങ്ങനെയൊരു ചരിത്രമുള്ള സ്ഥാപനത്തിന്റെ അധിപനായിരിക്കാന്‍ ധൈര്യപ്പെടുകയോ ധാര്‍മ്മികബോധം അയാളെ പ്രേരിപ്പിക്കുകയോ ചെയ്യില്ല. നിലപാടുകളോ, പ്രത്യയശാസ്ത്രമോ അല്ല, താല്‍പര്യങ്ങള്‍ മാത്രമാണ് പ്രധാനം എന്നതിന് അടിവരയിടുകയാണ് ജയരാജന്റെ സ്ഥാനാരോഹണത്തിലൂടെ സംഭവിച്ചത്. ഇപ്പോഴത്തെ”പരിയാരം സംഭവങ്ങള്‍” അത് ശക്തമായി സാധൂകരിക്കുന്നുമുണ്ട്.
എങ്ങനെയാണ് ഇത്തരം സമരചരിത്രമുള്ളവര്‍ ഈ സ്ഥാപനത്തിന്റെ മുകളില്‍ കയറിയിരിക്കുന്നതെന്നും കയറിയിരുന്നതിനുശേഷം രക്തസാക്ഷികളെ ഉള്‍പ്പെടെ എല്ലാം വിസ്മരിച്ചുകൊണ്ട് കച്ചവടത്തിന്റെ ഗണിതശാസ്ത്രം മറ്റാരെയുംകാള്‍ കര്‍ക്കശമായി നടപ്പാക്കുകയും ചെയ്യുമ്പോള്‍ നാമെവിടെ എത്തിയിരിക്കുന്നതെന്നും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഇവര്‍ക്കെല്ലാം വേണ്ടി ഇവരുടെ അധികാരാരോഹണത്തിനുവേണ്ടി ചാവേറാകുന്ന സാധാരണ സഖാക്കള്‍ “എന്തിനിത് “എന്ന് ആലോചിക്കുക, പറ്റുമെങ്കില്‍ തിരുത്തിക്കുക-സമയം ഏറെ വൈകിയെങ്കിലും.
അടൂര്‍ പ്രകാശിനോ, വി.വി രമേശനൊ, അബ്ദുറബ്ബോ സ്വന്തം മക്കളെ കോഴ സീറ്റുകളില്‍ നിന്ന് പിന്‍വലിക്കുന്നതുകൊണ്ടുമാത്രം പ്രശ്‌നം തീര്‍ന്നുവെന്ന് കരുതരുത്. ഈ അധാര്‍മ്മികത മുന്നോട്ടുവെക്കുന്ന ധാര്‍മ്മികവും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ മാപ്പര്‍ഹിക്കാത്തവിധം പ്രധാനമാണ്.
ഒന്നുമില്ലാതെ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങി ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനയുടെ തലപ്പത്തിരിക്കാന്‍ പ്രായപരിധി കഴിഞ്ഞിട്ടും സാധിക്കുന്നുവെന്നതും ഭരണസമിതിയിലിരുന്നുകൊണ്ട് അമ്പത് ലക്ഷം കോഴ കൊടുത്ത് സ്വന്തം മകള്‍ക്ക് സീറ്റ് തരപ്പെടുത്താന്‍ കഴിയുന്നുവെന്ന തും അതീവ ഗൗരവമാര്‍ന്ന വിഷയം തന്നെയാണ്. ഇത് കേവലമായ ഒരു അന്വേഷണം കൊണ്ടോ ഒരു നടപടികൊണ്ടോ തീരേണ്ട കാര്യമല്ല.
പൊതുസമൂഹത്തിന്റെ തലക്ക് മുകളില്‍ ആഘാതമേല്‍പിക്കും വിധമുള്ള ഒരു ചോദ്യചിഹ്നമായി ഈ വിഷയം ഉയര്‍ത്തിപിടിക്കാന്‍ രമേശനും ജയരാജനും പ്രതിനിധാനം ചെയ്യുന്ന സംഘടനയിലെ തന്നെ സാധാരണപ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതാണ്. എങ്കില്‍ മാത്രമെ അവര്‍ക്ക് ചരിത്രത്തോടും വരും തലമുറയോടും തങ്ങളോടുതന്നെയും നീതിപുലര്‍ത്തിയെന്നും ഉത്തരവാദിത്തം നിര്‍വ്വഹിച്ചെന്നും ഒരുവേള സമാധാനിക്കാന്‍ കഴിയു.
കോളേജിന്റെ ആരംഭകാലം തൊട്ടുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ചെയര്‍മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ടുതവണ അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്തുചെയ്തു എന്ന ചോദ്യവും ഉയര്‍ന്നുവരിക സ്വാഭാവികമാണ്.