തലശ്ശേരി: അന്തരിച്ച സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ തലശ്ശേരി ടൗണ്‍ ഹാളിലെത്തി. ചെങ്കൊടി പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ദേഹത്തിനരികിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ പുഷ്പനെ എടുത്തുകൊണ്ടാണ് എത്തിച്ചത്.
രണ്ടരപ്പതിറ്റാണ്ടിലേറെയായി അവശതയില്‍ കിടക്കയില്‍ കഴിയുന്ന തനിക്ക് താങ്ങായും കരുത്തായും എന്നും ഉണ്ടായിരുന്ന പ്രിയ സഖാവിന് ഹൃദയം കൊണ്ട് പുഷ്പന്‍ അന്ത്യാഭിവാദ്യങ്ങള്‍ നേര്‍ന്നു.
1994ലെ കൂത്തുപറമ്പ് വെടിവെപ്പില്‍ വെടിയേറ്റ് തളര്‍ന്നുകിടക്കുന്ന പുഷ്പന് പിന്നീട് താങ്ങും തണലും ജീവിതവുമെല്ലാം നല്‍കിയത് പാര്‍ട്ടിയും പ്രവര്‍ത്തകരുമാണ്. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ മാര്‍ച്ചിലും കോടിയേരി ബാലകൃഷ്ണന്‍ പുഷ്പനെ ചൊക്ലിയിലെ വീട്ടിലെത്തി കണ്ടിരുന്നു.
ചികിത്സയിലായിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു കോടിയേരിയുടെ നിര്യാണം. തലശേരി ടൗണ്‍ ഹാളിലെത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മൃദദേഹത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍, നേതാക്കളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി, തോമസ് ഐസക്, കെ.കെ. ശൈലജ തുടങ്ങിയ നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
ജനത്തിരക്ക് കണക്കിലെടുത്ത് ഇന്ന് മുഴുവന്‍ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ കോടിയേരിയുടെ വീട്ടിലും 11 മണി മുതല്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും.