| Wednesday, 10th July 2019, 12:39 pm

സഖാവ് നിര്‍മല സീതാരാമന്‍

ഫാറൂഖ്

ജെ.എന്‍.യുവില്‍ പഠിച്ചിറങ്ങുന്നവരെല്ലാം നക്‌സലൈറ്റുകളാവുന്നു എന്നതാണ് ബി.ജെ.പി ക്കാരുടെ പ്രധാന പരാതി, ആ പരാതി സാധൂകരിക്കുകയാണ് ജെ.എന്‍.യു വിദ്യാര്‍ഥിനിയായിരുന്ന നിര്‍മല സീതാരാമന്‍. രണ്ടു കോടിക്കും അഞ്ചു കോടിക്കും ഇടയില്‍ വരുമാനമുള്ള മുതലാളിമാര്‍ ഇനി മുതല്‍ അതില്‍ 39% സര്‍ക്കാരിന് കൊടുക്കണം , അഞ്ചു കോടിക്ക് മുകളില്‍ വരുമാനമുള്ള മുതലാളിമാര്‍ ഏകദേശം പകുതിയോളവും – മറ്റെല്ലാ ടാക്സിനും പുറമെയാണിത്. മുതലാളിമാരൊക്കെ ഇനി മുതല്‍ ഒന്നുകില്‍ പിച്ചക്കാരാവും അല്ലെങ്കില്‍ നാട് വിടും. ഇതിലും നന്നായി മുതലാളിമാരെ നശിപ്പിക്കാന്‍ കഴിഞ്ഞ ഏതു നക്‌സലൈറ്റുണ്ട് ഇന്ത്യയില്‍ ?

കോടികളൊന്നുമില്ലാത്ത വെറും അഞ്ചു ലക്ഷം വാര്‍ഷിക വരുമാനമുള്ള കൊച്ചു മുതലാളിമാര്‍ ഇരുപത്തിരണ്ടു ശതമാനം ഇന്‍കം ടാക്‌സ് കൊടുക്കണം, സെസ്സ് അടക്കം. എന്ന് വച്ച് അത് മാത്രം പോര,. ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ ഏകദേശം മുപ്പത്തഞ്ചു രൂപ സര്‍ക്കാരിന് വേറെ കൊടുക്കണം, സോപ്പ്, ചീര്‍പ്, കണ്ണാടി തുടങ്ങിയക്കൊക്കെ ജി.എസ്.ടി യും.

ഇനി അഥവാ വാര്‍ഷിക വരുമാനം പത്തു ലക്ഷത്തിനു മുകളിലാണെങ്കില്‍ മുപ്പത്തി രണ്ടു ശതമാനം. പാവപ്പെട്ട കച്ചവടക്കാര്‍ എന്ന് നമ്മളും ചൂഷക വര്‍ഗം അല്ലെങ്കില്‍ ബൂര്‍ഷാ എന്ന് നക്‌സലൈറ്റുകളും വിളിക്കുന്ന, വര്‍ഷത്തില്‍ ഒരു കോടി, അഥവാ ദിവസം മുപ്പതിനായിരം രൂപക്ക് താഴെ കച്ചവടം നടത്തുന്നവര്‍ ജി.എസ്.ടി, ഇന്‍കം ടാക്‌സ്, സ്റ്റേറ്റ് ടാക്‌സ് തുടങ്ങി നിരവധി ടാക്‌സുകള്‍ക്ക് പുറമെ ഇന്നലെ പ്രഖ്യാപിച്ച രണ്ടു ശതമാനം ടി.ഡി.എസ് വേറെ അടക്കണം .

ഏഴു കോടിയോ അതിന്റെ മുകളിലോ കയ്യിലുള്ള 23000 മുതലാളിമാരാണ് 2014 മുതല്‍ 2017 വരെ ഇന്ത്യ വിട്ടത്, വേറൊരു 5000 പേര്‍ ഇക്കൊല്ലവും, ഇത് ലോക റെക്കോര്‍ഡ് ആണ്. ഇവരൊക്കെ എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചാല്‍, കുറെ കോടികളുമായി ചെന്നാല്‍ നമ്മുടെ നീല പാസ്സ്‌പോര്‍ട്ടിനേക്കാള്‍ വിലയുള്ള പാസ്‌പോര്‍ട്ട് മാത്രമല്ല, ജീവിതാവസാനം വരെ നയാപൈസ ടാക്‌സ് കൊടുക്കാതെ ജീവിക്കാന്‍ സൗകര്യം ഒരുക്കി തരുന്ന ഡസന്‍ കണക്കിന് രാജ്യങ്ങള്‍ ലോകത്തുണ്ട്, അവര്‍ക്കവിടെ ഇരുന്നു കൊണ്ട് ലോകം മുഴുവന്‍ ബിസിനസ് ചെയ്യാനും കഴിയും.

1991 ല്‍ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്ന സമയത്തു, റിസേര്‍വ് ബാങ്കിലെ സ്വര്‍ണം പണയം വക്കാന്‍ വേണ്ടി ലണ്ടനിലേക്ക് കൊണ്ട് പോകുവാന്‍ ഒരു വാനില്‍ വിമാനത്താവളത്തിലേക്ക് കൊണ്ട് പോകുന്ന വഴി വാന്‍ ടയര്‍ പൊട്ടി വഴിയില്‍ കിടന്ന് അത് ഒരു റിപ്പോര്‍ട് ആയി വന്നപ്പോഴാണ് ഇന്ത്യക്കാര്‍ക്ക് കാര്യം പിടി കിട്ടിയത്. ഇന്ത്യക്കാര്‍ക്ക് ഉപയോഗിക്കാന്‍ പെട്രോള്‍, മരുന്നുകള്‍, സ്വര്‍ണം, ഇലക്ട്രോണിക് സാധനങ്ങള്‍ ഒക്കെ വാങ്ങണമെങ്കില്‍ വിദേശ നാണ്യം എന്ന് വിളിക്കുന്ന ഡോളര്‍ വേണം.

കയ്യില്‍ ഡോളര്‍ ഇല്ലാത്തതു കൊണ്ട് കുറച്ചു പൊന്നുള്ളത് പണയം വക്കാം, പക്ഷെ അടുത്ത മാസം എന്ത് ചെയ്യും? ഈ അവസരത്തിലാണ് ചന്ദ്രശേഖര്‍ മന്ത്രിസഭ വീഴുന്നതും അടുത്ത കോണ്‍ഗ്രസ് മന്ത്രിസഭയിലെ ധനമന്ത്രിയായി മന്‍മോഹന്‍ സിങ് വരുന്നതും.

മന്‍മോഹന്‍ സിങ് നാട്ടുകാരോട് ഒരു കാര്യം തുറന്നു പറഞ്ഞു – ഇവിടെ നടക്കുന്നതൊന്നും ശരിയല്ല. ബിസിനെസ്സുകാര്‍ രാജ്യത്തിന്റെ ശത്രുക്കളല്ല, അവരെ കരിമ്പ് പിഴിയുന്നത് പോലെ പിഴിയരുത്. ഇറക്കുമതി ഇത്രക്ക് ബുദ്ധിമുട്ടാക്കരുത്, ലോകോത്തര മെഷീനുകളും ടെക്‌നോളജിയും ആവശ്യത്തിന് അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്യാന്‍ ബിസിനെസ്സുകാരെ സമ്മതിക്കണം, ചുവപ്പു നാടയില്‍ അവരെ വരിഞ്ഞു കെട്ടരുത്. ഉത്പ്പാദനത്തിനു ക്വോട്ട നിശ്ചയിക്കുന്ന സമ്പ്രദായം നിര്‍ത്തണം. തുടര്‍ന്ന് വന്ന ചരിത്രപരമായ ബഡ്ജറ്റില്‍ മന്‍മോഹന്‍ സിങ് ഇതിനാവശ്യമായ കുറെ കാര്യങ്ങള്‍ ചെയ്തു.

വ്യവസായികളുടെ ടാക്‌സ് കുത്തനെ കുറച്ചു, മിക്കവാറും സാധനങ്ങളുടെ ഇറക്കുമതി തീരുവകള്‍ കുത്തനെ കുറച്ചു, ചിലതിന്റേത് പൂര്‍ണമായി എടുത്തു കളഞ്ഞു. അഞ്ചു കിലോ വരെ സ്വര്‍ണം കൊണ്ടുവരാന്‍ വിദേശ ഇന്ത്യക്കാര്‍ക്ക് അനുമതി കൊടുത്തു കൊണ്ട് കള്ളക്കടത്തു ഏതാണ്ടില്ലാതാക്കി.

ഇന്ത്യയില്‍ വ്യാവസായിക വളര്‍ച്ച, തൊഴിലവസരങ്ങള്‍, കയറ്റുമതി എന്നിവ കുതിച്ചുയര്‍ന്നു, കൂടെ ഇന്ത്യയുടെ ഡോളര്‍ നിക്ഷേപവും ഇറക്കുമതിയും. സര്‍ക്കാരിന്റെ പണമൂറ്റുന്ന കുറെ പൊതുമേഖല സ്ഥാപനങ്ങള്‍ തലയില്‍ നിന്ന് ഒഴിവാക്കി. ഷെയര്‍ മാര്‍ക്കറ്റ്, ബാങ്കിങ് തുടങ്ങിയവയിലുള്ള സര്‍ക്കാര്‍ നിയന്ത്രണം കുറച്ചു, വിദേശ നിക്ഷേപത്തിനുള്ള നിബന്ധനകള്‍ ഉദാരമാക്കി.

നമ്മുടെ സുകുമാര്‍ അഴിക്കോട് മന്‍മോഹന്‍ സിംഗിനെ ധനമോഹന്‍ സിങ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നതെങ്കിലും സിങ് പിന്നീട് പ്രധാന മന്ത്രിയായി. 1992 നു ശേഷം ഇന്ത്യക്ക് സ്വര്‍ണം പണയം വെക്കേണ്ടി വന്നിട്ടില്ല എന്ന് മാത്രമല്ല, 2014 ല്‍ മന്‍മോഹന്‍ സിങ് ഇറങ്ങി പോകുമ്പോള്‍ ഇന്ത്യയുടെ കയ്യില്‍ 350 ബില്യണ്‍ ഡോളര്‍ ക്യാഷ് ആയി ഉണ്ട് . മന്‍മോഹന്‍ സിംഗിന്റെ സമയത്തു മിക്കവാറും കയറ്റുമതി വരുമാനത്തിനേക്കാള്‍ കുറവായിരുന്നു ഇറക്കുമതി ചെലവ് , ട്രേഡ് സര്‍പ്ലസ് എന്ന് എക്കണോമിസ്റ്റുകള്‍ പറയും.

2014 ല്‍ അര ബില്യണ്‍ ഡോളര്‍ ഉണ്ടായിരുന്ന ഇന്ത്യയുടെ ജി.ഡി.പി 2014 ല്‍ 2 ബില്യണ്‍ ഡോളര്‍ ആയി, നാലിരട്ടി വര്‍ധന. ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ച ഭരണാധികാരി എന്ന ക്രെഡിറ്റും സിങ്ങിന് ലഭിച്ചു.

എന്തായാലും 2014ല്‍ ഭൂതകാലത്തിന്റെ മാസ്മരതയില്‍ അഭിരമിക്കുന്ന പാര്‍ട്ടിയെ നാട്ടുകാര്‍ ഇന്ത്യ ഭരിക്കാന്‍ ഏല്‍പിച്ചു. റോബിന്‍ ഹുഡ്, കായംകുളം കൊച്ചുണ്ണി രീതിയില്‍ പണക്കാരെ കൊള്ളയടിച്ചു പാവപ്പെട്ടവരെ സഹായിക്കുന്ന രീതി നടപ്പാക്കി. വ്യവസായികളുടെ ടാക്‌സ് കുത്തനെ കൂട്ടി തുടങ്ങി.

പണം കയ്യില്‍ വച്ചാല്‍ കള്ളപ്പണം, ബാങ്കിലിട്ടാല്‍ സര്‍വീസ് ചാര്‍ജ്. ബാങ്കില്‍ പണം ഉണ്ടെങ്കില്‍ ടി.ഡി.എസ്, ഇല്ലെങ്കില്‍ മിനിമം ബാലന്‍സ് പെനാല്‍റ്റി. മാസത്തില്‍ പന്ത്രണ്ടു തവണ ജി.എസ്.ടി ഫയലിംഗ്. കയറ്റുമതിക്ക് ടാക്‌സ് ഇളവ് കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പ്. ഷെയര്‍ വാങ്ങുമ്പോള്‍ ടാക്‌സ്, വില്‍ക്കുമ്പോള്‍ വേറെ ടാക്‌സ്. എല്ലാം ചെയ്താലും കള്ള പണക്കാര്‍ എന്ന പേരും ടാക്‌സ് ഓഫീസര്‍മാരുടെ റെയ്ഡും ബാക്കി.

ഇറക്കുമതിയിലും കയറ്റുമതിയിലും പഴയ ചുവപ്പുനാട സംസ്‌കാരം തിരിച്ചെത്തി. പരിചയമില്ലാത്ത മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നിടത് ഒപ്പിടുന്ന രീതിയായി. ഉദാഹരണത്തിന് എല്‍.സീ.ഡി പാനല്‍ ഇറക്കുമതിക്ക് അഞ്ചു ശതമാനം ടാക്‌സ്, അത് കൊണ്ടുണ്ടാക്കുന്ന ടിവി ക്ക് ടാക്‌സില്ല. ഫലം ഒരു എല്‍.സീ.ഡീ പാനല്‍ പോലും സ്വന്തമായി ഉണ്ടാക്കിയിട്ടില്ലാത്ത, അസംബ്ലിങ് യൂണിറ്റുകള്‍ മാത്രം നടത്തുന്ന ഇന്ത്യന്‍ ടി വി കമ്പനിക്കാര്‍ തായ്വാനിലും ചൈനയിലും പോയി അസ്സെംബ്‌ളിങ് ചെയ്യാന്‍ തുടങ്ങി.

ഇന്ത്യക്കാരുടെ കുത്തകയായിരുന്ന ടെക്സ്റ്റൈല്‍സ്, മാംസ കയറ്റുമതികള്‍ ബംഗ്ലാദേശികളും വിയറ്റ്‌നാമികളും കയ്യടക്കി. രത്‌ന, ആഭരണ കയറ്റുമതിയില്‍ അഗ്രഗണ്യന്മാര്‍ ആയിരുന്ന സൂറത്തിലെ വ്യവസായികള്‍ നോട്ടു നിരോധനത്തോടെ രാജ്യം വിട്ടു. ടൂറിസ്റ്റുകള്‍ ഇന്ത്യയിലേക്ക് വരുന്നതിനു പകരം ഇന്ത്യക്കാര്‍ തായ്ലണ്ടില്‍ പോകുന്ന രീതിയായി.

അതിനിടക്ക് ഡൊണാള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവ കൂട്ടല്‍, ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ കഴിയാത്തത് തുടങ്ങി നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങള്‍ കൂടി വന്നതോടെ മെല്ലെ മെല്ലെ വീണ്ടും ഇന്ത്യ ഒരു ട്രേഡ് ഡെഫിസിറ്റ് രാഷ്ട്രമായി. എന്ന് പറഞ്ഞാല്‍ കയറ്റുമതിയില്‍ നിന്ന് ലഭിക്കുന്ന വിദേശ നാണ്യം ഇറക്കുമതിക്ക് തികയുന്നില്ല എന്നര്‍ത്ഥം.

മിന്റ് ബിസിനസ് മാഗസിന്‍ പ്രസിദ്ധീകരിച്ച താഴെ കൊടുത്ത ഗ്രാഫ് പ്രകാരം മന്‍മോഹന്‍ സിങ് സമ്പാദിച്ചു വച്ച വിദേശ നാണ്യ ശേഖരത്തില്‍ നിന്ന് മാസത്തില്‍ പത്തു മുതല്‍ പതിനഞ്ചു വരെ ബില്യണ്‍ ഡോളര്‍ എടുത്തു അഡ്ജസ്റ്റ് ചെയ്യുന്ന അവസ്ഥയാണിപ്പോള്‍.

ഇന്ത്യന്‍ വ്യവസായങ്ങള്‍ മൂക്കും കുത്തി വീഴുന്ന ഈ ബഹളങ്ങള്‍ക്കിടയിലാണ് പുതിയ ബഡ്ജറ്റില്‍ ടാക്‌സുകളുടെയും നിയന്ത്രണങ്ങളുടെയും പെരുമഴ വീണ്ടും. സ്റ്റോക്ക് നിക്ഷേപത്തിനും ലാഭമെടുപ്പിനും നികുതി കൂട്ടി, സ്വര്‍ണം ഇറക്കുമതി തീരുവ പന്ത്രണ്ടരയാക്കി, കയ്യില്‍ വയ്ക്കാന്‍ കഴിയുന്ന ഷെയറുകള്‍ക്കും വില്‍ക്കാവുന്ന ഷെയറുകള്‍ക്കും വാങ്ങാവുന്ന ഷെയറുകള്‍ക്കും പുതിയ നിയന്ത്രണം കൊണ്ട് വന്നു, ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കച്ചവടക്കാര്‍ക്ക് പുതിയ ടി.ഡി.എസ് ഏര്‍പ്പെടുത്തി.

ഏതെങ്കിലും വ്യവസായിയോ വ്യാപാരിയോ ഇനി ഇന്ത്യയില്‍ ബാക്കിയുണ്ടെങ്കില്‍ വിറ്റൊഴിവാക്കി സ്ഥലം വിട്ടോളണം എന്നാണ് ബഡ്ജറ്റിലെ വരികള്‍ക്കിടയില്‍ വായിക്കേണ്ടത്. അത്യാവശ്യം കാര്യങ്ങള്‍ നടത്താന്‍ അദാനിയും അംബാനിയും ഉണ്ടല്ലോ.

ഇങ്ങനെ അധിക കാലം പോവില്ല എന്ന് നിര്‍മല സീതാരാമന് തന്നെ അറിയാം, അത് കൊണ്ടായിരിക്കണം ബഡ്ജറ്റിനെ അവസാനം പൂഴിക്കടകന്‍ ഇറക്കിയത് – ഡോളര്‍ ബോണ്ട്. ഐ.എം.എഫില്‍ നിന്ന് കടമെടുക്കുക എന്ന് 1991 നു മുമ്പ് സ്ഥിരം കേട്ടിരുന്ന ഐറ്റത്തിന്റെ ന്യൂ-ജെന്‍ വേര്‍ഷന്‍.

പിന്‍കുറിപ്പ് – ഈ സര്‍ക്കാര്‍ ഭൂത കാലത്തിലേക്ക് തിരിച്ചു പോവുന്നത് ചുവപ്പുനാടയുടെയും ടാക്‌സ് കൊള്ളയുടെയും കാര്യത്തില്‍ മാത്രമല്ല, സൂട്‌കേസ് മാറ്റി പട്ടില്‍ പൊതിഞ്ഞു ബഡ്ജറ്റ് ഫയലുകള്‍ കൊണ്ട് വരുന്നതിലുമല്ല, കര്‍ഷകരുടെ കാര്യത്തില്‍ കൂടിയാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ വേണ്ടി നിര്‍മലാ സീതാരാമന്റെ ബഡ്ജറ്റ് നിര്‍ദേശമാണ് സീറോ ബഡ്ജറ്റ് ഫാര്‍മിംഗ്. നമ്മുടെ നടന്‍ ശ്രീനിവാസന്റെ ജൈവ കൃഷിയാണ് സംഗതി, എഴുപതുകളില്‍ കാര്‍ഷിക വിപ്ലവം വരുന്നതിനു മുമ്പ് ഇന്ത്യക്കാര്‍ കൃഷി ചെയ്തിരുന്ന രീതി.

പട്ടിണി മരണങ്ങള്‍ ഒഴിവാക്കാന്‍ അമേരിക്കയും യൂ എന്നുമൊക്കെ ഇന്ത്യയിലേക്ക് ഗോതമ്പ് സൗജന്യമായി അയച്ചിരുന്നത് കൊണ്ട് മാത്രം ജീവന്‍ രക്ഷിച്ചവരുടെ പിന്മുറക്കാരാണ് ലോക്‌സഭയിലെ എം.പിമാര്‍ മുഴുവന്‍. രാസവളവും കീടനാശിനിയും ഉപയോഗിക്കാതെ ചാണകവും പുകയില കഷായവും ഉപയോഗിച്ച് കൃഷി ചെയ്താല്‍ കൃഷി വന്‍ലാഭത്തിലാവും എന്ന് ഏതോ ആര്‍.എസ്.എസ്സുകാരന്‍ പറഞ്ഞു കൊടുത്ത വിജ്ഞാനമാണ് സീതാരാമന്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അവരുടെ മുമ്പില്‍ വിളമ്പിയത്. അലഞ്ഞു നടക്കുന്ന പശുക്കള്‍ റോഡ് നിറയെ ഉള്ളത് കൊണ്ട് ചാണകത്തിനു ബുദ്ധിമുട്ടുണ്ടാവില്ല, പക്ഷെ ഇതിനും മാത്രം പുകയില കഷായം എവിടുന്നാണാവോ ആവൊ ?

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more