| Friday, 17th September 2021, 10:47 am

സഖാവ്, ഭാരത് മാതാ കീ ജയ്, ഇന്‍ക്വിലാബ് സിന്ദാബാദ് എന്നിവ തിരിച്ചെടുക്കും; സെമി കേഡര്‍ പാര്‍ട്ടിയാവുന്ന കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ പറഞ്ഞ് ടി.സിദ്ദീഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെമി കേഡര്‍ സ്വഭാവത്തിലേക്ക് കോണ്‍ഗ്രസ് മാറുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സഖാവ്, സഖാക്കളെ, ഇങ്ക്വിലാബ് സിന്ദാബാദ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ പ്രയോഗങ്ങളും മുദ്രാവാക്യങ്ങളും തിരിച്ചുപിടിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ്.

മീഡിയ വണ്‍ ചാനലിനോടായിരുന്നു സിദ്ദീഖിന്റെ പ്രതികരണം. ഈ പ്രയോഗങ്ങളും മുദ്രാവാക്യങ്ങളും കോണ്‍ഗ്രസിന്റെതായിരുന്നെന്നും ഇതെല്ലാം തിരികെയെടുക്കുമെന്നുമാണ് സിദ്ദീഖ് പറഞ്ഞത്.

ലോകത്ത് ആദ്യമായി തന്നെ കേഡര്‍ സ്വഭാവമുള്ളവരെ സമരമുഖത്ത് ഇറക്കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. സഖാവ് എന്ന പ്രയോഗം ദണ്ഡിയാത്രക്ക് മുന്നോടിയായി അംശി നാരായണ പിള്ള വരിക വരിക സഹജരേ എന്ന ഗാനത്തില്‍ ഉപയോഗിച്ചതാണ്. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് സഖാക്കളേ എന്ന് അഭിസംബോധന ചെയ്തത് എന്നായിരുന്നു സിദ്ദീഖ് പറഞ്ഞത്.

നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള ഗാന്ധിജിയുടെ ദണ്ഡിയാത്രയില്‍ പരിശീലിപ്പിക്കപ്പെട്ട എഴുപതിലേറെ കേഡറുകള്‍ ഉണ്ടായിരുന്നെന്നും ആ കേഡറിസം ആണ് തിരിച്ചുകൊണ്ടുവരാന്‍ പോകുന്നതെന്നും സിദ്ദീഖ് പറഞ്ഞു.

ഭാരത് മാതാ കീ ജയ് സംഘപരിവാറും ഹിന്ദുമഹാസഭയും സംഭാവന ചെയ്ത മുദ്രാവാക്യങ്ങളല്ലെന്നും അത് കോണ്‍ഗ്രസ് വിളിച്ചതാണെന്നും സ്വാതന്ത്ര്യ സമര കാലത്ത് കോണ്‍ഗ്രസ് ഉപയോഗിച്ചതാണ് ഈ മുദ്രാവാക്യമെന്നും സിദ്ദീഖ് പറഞ്ഞു.

കോണ്‍ഗ്രസിന് കൈമോശം വന്ന മുദ്രാവാക്യങ്ങളും ആശയങ്ങളും തിരിച്ചെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരന്‍ അധികാരമേറ്റതോടെയായിരുന്നു പാര്‍ട്ടി സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറുമെന്ന് പ്രഖ്യാപനമുണ്ടായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Comrade, Bharat Mata Ki Jai and Inquilab Zindabad will be recalled; T. Siddique on the changes in the Congress, which is a semi-cadre party

We use cookies to give you the best possible experience. Learn more