| Wednesday, 4th January 2017, 10:41 pm

കമ്പ്യൂട്ടര്‍, ആധാര്‍ പിന്നെ ക്യാഷ്‌ലെസ് ഇക്കോണമിയും; ഇടതിനെതിരായ സംഘപരിവാര്‍ വാദങ്ങളുടെ മുനയൊടിയുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു ചാനല്‍ ചര്‍ച്ചക്ക് പോവുമ്പോഴാണ് സുരേന്ദ്രന്‍ എന്ന ബി.ജെ.പി നേതാവായ ആര്‍.എസ്.എസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. കടകംപള്ളി സഹകരണ ബാങ്കില്‍ ഇന്‍കംടാക്‌സ് നടത്തിയ റെയ്ഡില്‍ ശതകോടികളുടെ കള്ളപ്പണം കണ്ടെത്തിയെന്നും സംസ്ഥാനത്തെ ഒരു മന്ത്രിയുടെയും കുടുംബത്തിന്റെയും നിക്ഷേമാണതെന്നുമായിരുന്നു പോസ്റ്റ്. ചര്‍ച്ചയിലെങ്ങാന്‍ ഈ വിഷയം കടന്നു വന്നാലോ? ഞാന്‍ ബാങ്ക് പ്രസിഡന്റിനെ വിളിച്ചന്വേഷിച്ചത് അവിടെ എത്ര നിക്ഷേപമുണ്ടെന്നാണ് .52 കോടി എന്നു മറുപടി.


സംഘപരിവാറിനെ അഭിനന്ദിച്ചേ പറ്റൂ. ചാനല്‍ ചര്‍ച്ചകളിലാവട്ടെ, ചര്‍ച്ചാ യോഗങ്ങളിലാവട്ടെ, എത്ര പ്രത്യുല്‍പന്നമദിത്വത്തോടെയാണ് അവര്‍ പെരുമാറുക. എതിരായിയുയരുന്ന ഏതു ശബ്ദത്തെയും ഫലപ്രദമായി ഞെരിച്ചമര്‍ത്തുന്നതില്‍ അവര്‍ കാട്ടുന്ന മിടുക്ക് കണ്ടു പഠിക്കേണ്ടതാണ്. ഒച്ചവെച്ചും തടിമിടുക്ക് കാട്ടിയും അത് തടഞ്ഞാലും ചിലപ്പോള്‍ അതിനെയും അതിജീവിച്ച് ഉയര്‍ന്നു വന്നേക്കാവുന്ന എടങ്ങേറുകളെ എതിരിടുന്ന രീതിയും ബഹുകേമം തന്നെ. മോദിയുടെ അനുയായികളാവാന്‍ യോഗ്യരാണ് തങ്ങളെന്ന് ചര്‍ച്ചക്കെത്തുന്ന ആര്‍.എസ്.എസുകാരാകെ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

വെറുതെയല്ല മോദി മറ്റു പ്രധാന മന്ത്രിമാരില്‍ നിന്ന് തികച്ചും വ്യത്യസ്തനാണെന്നു പറയുന്നത്. നടാടെയാണല്ലോ ഒരു സ്വയം സേവകന്‍ ആ പദവിയിലെത്തുന്നത്. മോദി ഡിസംബര്‍ 31 ന് രാഷ്ട്രത്തോട് നടത്തിയ ആ പ്രക്ഷേപണം വേറെയേത് പ്രധാനമന്ത്രിക്കാണ് അങ്ങനെ നടത്താനാവുക?

നവംബര്‍ 8 ന് നടത്തിയ പ്രഖ്യാപനംപോലൊന്ന് വേറെയാര് നടത്തും? അതിനു ശേഷം നടത്തിയ “എന്നെച്ചുട്ടോളൂ” പരാമര്‍ശം നടത്താനും വേണ്ടേ ചുട്ടുകൊല്ലുന്ന ഒരു മുന്‍പരിചയം? വേറെ ഏതു പ്രധാനമന്ത്രിക്കുണ്ടാ അനുഭവ പരിചയം? 50 ദിവസം കൊണ്ടും എങ്ങുമെത്താന്‍ പോവുന്നില്ലെന്നുറപ്പായപ്പോള്‍ എത്ര അനായാസമാണ്, എമ്മാതിരി മെയ്‌വഴക്കത്തോടെയാണ് വിഷയം മാറ്റിയത്? ശത്രുക്കള്‍ വീണിടം വിദ്യയാക്കുകയാണ് എന്നൊക്കെ പറയുമെങ്കിലും വെങ്കയ്യ നായിഡു പറഞ്ഞതാണ് നേര്. ക്യാഷ് ലെസ് സൊസൈറ്റി എന്നത് ദൈവപ്രേഷിത (God sent) മായ ഒരാശയമാണ്. മലയാളത്തില്‍ പറഞ്ഞാല്‍ ഉത്തരം മുട്ടിയപ്പോള്‍ സരസ്വതി നാവില്‍ പ്രത്യക്ഷപ്പെട്ടതാണ്.

കള്ളപ്പണമുണ്ടെന്നും പറഞ്ഞ് വേട്ടയ്ക്ക് പോയെങ്കിലും, അതില്‍ മുക്കാലേ മുണ്ടാണിയും വെള്ളപ്പണമായി തിരിച്ചു വന്ന് ആ നടപടിയെത്തന്നെ തോല്‍പ്പിച്ചു കളഞ്ഞിരിക്കുന്നു. ആ കടും നടപടി കൊണ്ട് നൂറിലേറെപ്പേര്‍ മരണത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു; തീരാ ദുരിതത്തില്‍ നീന്തി നീങ്ങുകയാണ് നാടാകെ, വളര്‍ച്ചാ നിരക്ക് രണ്ടു ശതമാനം കണ്ടാണ് കുറയാന്‍ പോവുന്നത്. ചുട്ടുകൊന്നുകൊള്ളാന്‍ കൊടുത്ത സമ്മതം തിരിഞ്ഞു കൊത്തുമെന്നുറപ്പായപ്പോഴാണ്, സരസ്വതി രക്ഷക്കെത്തിയത്. നാവില്‍ സരസ്വതി!

ഈ നാവില്‍ സരസ്വതി മോദിക്ക് മാത്രമല്ല, സകലമാന ആര്‍.എസ്.എസ് വക്താക്കള്‍ക്കും പതിച്ചു കിട്ടിയ ഒരനുഗ്രഹമോ എന്നു തോന്നിപ്പിക്കും വിധമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും സംഘപരിവാര്‍ ഇടപെടല്‍. തോല്‍വി അവര്‍ക്ക് പറഞ്ഞതല്ല. പലപ്പോഴും അത് സത്യത്തിന്റെ ചെലവിലാണെന്നു മാത്രം. ഒന്നു രണ്ടനുഭവം ചൂണ്ടിക്കാട്ടാം.

ഒരു ചാനല്‍ ചര്‍ച്ചക്ക് പോവുമ്പോഴാണ് സുരേന്ദ്രന്‍ എന്ന ബി.ജെ.പി നേതാവായ ആര്‍.എസ്.എസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. കടകംപള്ളി സഹകരണ ബാങ്കില്‍ ഇന്‍കംടാക്‌സ് നടത്തിയ റെയ്ഡില്‍ ശതകോടികളുടെ കള്ളപ്പണം കണ്ടെത്തിയെന്നും സംസ്ഥാനത്തെ ഒരു മന്ത്രിയുടെയും കുടുംബത്തിന്റെയും നിക്ഷേമാണതെന്നുമായിരുന്നു പോസ്റ്റ്. ചര്‍ച്ചയിലെങ്ങാന്‍ ഈ വിഷയം കടന്നു വന്നാലോ? ഞാന്‍ ബാങ്ക് പ്രസിഡന്റിനെ വിളിച്ചന്വേഷിച്ചത് അവിടെ എത്ര നിക്ഷേപമുണ്ടെന്നാണ് .52 കോടി എന്നു മറുപടി.

ഇന്‍കം ടാക്‌സ് റെയ്ഡില്‍ കള്ളപ്പണം കിട്ടിയെന്നു കേട്ടല്ലോ എന്നു ഞാന്‍. ഉടനെ പ്രസിഡന്റിന്റെ ചോദ്യം: എന്റെ മറുപടി കണ്ടില്ലേ എന്ന്. ഞാന്‍ നോക്കി. കടുപ്പിച്ചൊരു വെല്ലുവിളിയാണതില്‍ സുരേന്ദ്രനു നേരെ. ആണാണെങ്കില്‍ ഈ വെല്ലുവിളി സ്വീകരിക്കുക. ആരെക്കൊണ്ടു വേണമെങ്കിലും അന്വേഷിക്ക്, കള്ളപ്പണം കണ്ടെത്ത് എന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. പിന്നെയാണറിഞ്ഞത് ഇന്‍കം ടാക്‌സുകാര്‍ ആ വഴിക്ക് പോയിട്ടേയില്ലെന്ന്.

ഞാനീ വിവരം ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ആര്‍.എസ്.എസുകാരനായ ജന്മഭൂമി പത്രാധിപരായിരുന്നു അന്ന് ചര്‍ച്ചയില്‍. എത്ര അനായാസമാണെന്നോ അദ്ദേഹം ആ ചോദ്യത്തിന്റെ കുരുക്കില്‍ നിന്ന് ഊരിപ്പോയത്. ബി.ജെ.പി നേതാക്കളുടെ ഇമ്മാതിരി പ്രസ്താവനകളോട് പ്രതികരിക്കാന്‍ ഞാനില്ല എന്നു പറഞ്ഞു കൊണ്ട് സ്വന്തം മാന്യത രക്ഷിച്ചെടുക്കാന്‍ അദ്ദേഹത്തിനായി. അതേ സമയം സുരേന്ദ്രന്‍ അത്തരമൊരു പ്രസ്താവന നടത്തിയതിലെ ശരിതെറ്റുകളെക്കുറിച്ച് മൗനം പാലിച്ചുകൊണ്ട് സഹപ്രവര്‍ത്തകനെ പരോക്ഷമായി സഹായിക്കുകയും ചെയ്തു.

മറ്റൊരവസരത്തില്‍ ഒരു ആര്‍.എസ്.എസുകാരന്‍ പറഞ്ഞത് ഇപ്പോള്‍ ക്യാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥയെ എതിര്‍ക്കുന്ന ഇക്കൂട്ടര്‍ നാളെ അതിനെ സ്വാഗതം ചെയ്യും എന്നാണ്. അതിനായി ഉദാഹരിക്കുന്നത് ആധാറിന്റെ കാര്യത്തിലും കമ്പ്യൂട്ടറിന്റെ കാര്യത്തിലും ഇടതുപക്ഷം കൈക്കൊണ്ട നിലപാടിനെയാണ്.

ആധാറിന്റെ കാര്യത്തില്‍ ഇടതുപക്ഷ നിലപാട് വ്യക്തമായിരുന്നു. പാര്‍ലമെന്ററി സമിതി തന്നെ തള്ളിക്കളഞ്ഞ ഒന്നാണ് ആധാര്‍. അതുകൊണ്ട് അത് നിര്‍ബന്ധമാക്കിക്കൂടാ എന്നായിരുന്നു, എന്നാല്‍ അക്കാര്യത്തില്‍  പ്രതിപക്ഷത്തായിരുന്നപ്പോള്‍ എടുത്ത നിലപാടിന് കടകവിരുദ്ധമായ ഒന്നാണ് ഭരണപക്ഷത്തെത്തിയപ്പോള്‍ ബി.ജെ.പി കൈക്കൊള്ളുന്നത്. ഇപ്പോള്‍ ആധാറായി എന്തിനുമാധാരം! ഭരണം കിട്ടിയതോടെ എതിര്‍പ്പേ പോയി. എന്തിനും ഏതിനും ആധാറെന്നായി. ഇതപ്പടി മറച്ചുവെച്ചു കൊണ്ടാണ് ഇടതുപക്ഷത്തെ ആധാര്‍ നിലപാടിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത്.

കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ ഇടതുപക്ഷം കൈക്കൊണ്ടത് ശാസ്ത്രവിരുദ്ധ നിലപാടല്ല. കേവലമായ കമ്പ്യൂട്ടര്‍ വിരുദ്ധ നിലപാടായിരുന്നില്ല അത്. പണിയെത്തിക്കൂ കൈകളിലാദ്യം, എന്നിട്ടാവാം കമ്പ്യൂട്ടര്‍ എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. തൊഴിലില്ലായ്മ ക്ഷണിച്ചു വരുത്തുന്ന കമ്പ്യൂട്ടര്‍വല്‍ക്കരണത്തെയാണ് എതിര്‍ത്തത്. മാത്രവുമല്ല, അന്നത്തെ കമ്പ്യൂട്ടര്‍ വിരുദ്ധ സമിതിയുടെ ലഘുലേഖയില്‍ പറഞ്ഞത്, ഈ സമരം യഥേഷ്ടം കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കാനാവുന്ന ഒരു സാമൂഹിക ക്രമത്തിനു വേണ്ടിയുള്ള സമരത്തിന്റെ ഭാഗമാണെന്നു തന്നെയാണ്.

ഉല്‍പാദനോപകരണങ്ങള്‍ അടിക്കടി പരിഷ്‌കരിച്ചു കൊണ്ടു മാത്രം നിലനില്‍ക്കാനാവുന്ന ഒരു വ്യവസ്ഥയില്‍, കേവല യന്ത്ര വിരുദ്ധ നിലപാട് ലുഡൈറ്റുകള്‍ക്ക് മാത്രം ചേര്‍ന്ന യാന്ത്രിക നിലപാടാണ് എന്നറിഞ്ഞു കൊണ്ടു തന്നെയാണ് തൊഴിലില്ലായ്മാ പ്രശ്‌നത്തെ കേന്ദ്ര ബിന്ദുവാക്കിയത്.

പക്ഷേ തമാശയതല്ല. ഒരു ഘട്ടത്തില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അതിനകം ബാങ്കിങ് മേഖലയിലെ മറ്റു സംഘടനകള്‍ അംഗീകരിച്ചൊപ്പിട്ട കരാറിനെ എതിര്‍ക്കേണ്ടതില്ല  എന്ന് പിന്നീട് തീരുമാനിച്ചപ്പോള്‍ അതിശക്തമായി അതിനെ എതിര്‍ത്ത് രംഗത്തുവന്നത് സംഘപരിവാറിലെ ബി.എം.എസ് സംഘടനയായ എന്‍.ഓ.ബി.ഡബ്ല്യൂ ആയിരുന്നു.

മോദി ഭരണത്തിലെത്തിയതിനു ശേഷമാണ് ബി.എം.എസ് കമ്പ്യൂട്ടര്‍ വക്താക്കളായി മാറിയത്. ബാങ്കിങ് മേഖലയിലെ അതീവ ന്യൂനപക്ഷ സംഘടനയാണെങ്കിലും, മറ്റു സംഘടനകളെയെല്ലാം ഇക്കാര്യത്തില്‍ കുറ്റം പറഞ്ഞു കൊണ്ട് യന്ത്രവിരുദ്ധ പ്രചാരണം നടത്തിപ്പോരുകയായിരുന്നു സംഘപരിവാര്‍ സംഘടന  അതിന് അവര്‍ ഉന്നയിച്ചിരുന്ന ന്യായം, ഘന വ്യവസായങ്ങള്‍ നമുക്ക് ചേര്‍ന്നതല്ല എന്നാണ്. കുടില്‍ വ്യവസായമാണത്രെ നാം പ്രോത്സാഹിപ്പിക്കേണ്ടത്!

അങ്ങനെയുള്ളവരുടെ മാതൃസംഘടനയുടെ നേതാക്കളാണ് അങ്ങനെ പറയാന്‍ അവരെ പഠിപ്പിച്ചവരാണ്, മറ്റുള്ളവര്‍ യന്ത്ര വിരുദ്ധരായിരുന്നു എന്ന് പറഞ്ഞ് ചാനല്‍ ചര്‍ച്ചകളില്‍ ഒച്ചവെക്കു ന്നത്. ഭരണം കിട്ടിയപ്പോള്‍ തങ്ങള്‍ കുടില്‍ വ്യവസായത്തിനു പകരം വന്‍കിട കുത്തക വ്യവസായികളുടെ ചെല്ലം ചുമട്ടുകാരാവുകയാണ് എന്ന കാര്യം പച്ചക്ക് സമ്മതിക്കാനാവുമോ?

പക്ഷേ ഇക്കാര്യത്തിലും നുണയൊേ നുണയൊടടുത്ത അര്‍ദ്ധ സത്യമോ തരാതരം വെച്ചു കീച്ചാനുള്ള അസാമാന്യമായ തൊലിക്കട്ടി മറ്റേത് രാഷ്ട്രീയ നേതാക്കളില്‍ നിന്നാണ്, പ്രസ്ഥാനത്തില്‍ നിന്നാണ് നമുക്ക് പ്രതീക്ഷിക്കാനാവുക?

നുണ നൂറാവര്‍ത്തിച്ച് നേരാക്കാമെന്ന് പഠിപ്പിച്ചൊരാളുടെ തത്വശാസ്ത്രത്തെ പിന്‍പറ്റുന്നവരില്‍ നിന്ന് ഇതല്ലാതെ മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നവരെ വേണ്ടെ കുറ്റപ്പെടുത്താന്‍?

We use cookies to give you the best possible experience. Learn more