| Monday, 2nd September 2024, 9:06 pm

ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ശുചിമുറിയും വിശ്രമസൗകര്യവും നിര്‍ബന്ധം; ഉത്തരവിറക്കി ടൂറിസം വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സഞ്ചാരികളുമായെത്തുന്ന കേരളത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സംസ്ഥാന ടൂറിസം വകുപ്പ്. സഞ്ചാരികളുമായി എത്തുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കേരളത്തിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ശുചിമുറിയും വിശ്രമസൗകര്യവും നിര്‍ബന്ധമാക്കിക്കൊണ്ട് ടൂറിസം വകുപ്പ് ഉത്തരവിറക്കി.

ദീര്‍ഘകാലമായി ടാക്‌സി ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന പ്രയാസത്തിന് ഇതിലൂടെ പരിഹാരം കാണാനാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടാക്‌സി ഡ്രൈവര്‍മാര്‍ കേരളത്തിന്റെ ആതിഥേയ മര്യാദയുടെ പ്രചാരകരും ടൂറിസം അംബാസിഡര്‍മാരുമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകളിലും കെ.ടി.ഡി.സി ഹോട്ടലുകളിലുമാണ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ വിശ്രമമുറിയും ശുചിമുറിയും ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് (തിങ്കളാഴ്ച) പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച്, സഞ്ചാരികളുമായി എത്തുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കേരളത്തിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ശുചിമുറിയും വിശ്രമസൗകര്യവും സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

2024 ജനുവരി മാസത്തില്‍ തന്നെ ടാക്‌സി ഡ്രൈവേര്‍സ് യൂണിയന്‍ പ്രതിനിധികളുമായി ടൂറിസം വകുപ്പ് ഇക്കാര്യത്തില്‍ പ്രത്യേക ചര്‍ച്ച നടത്തിയിരുന്നതായി മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് കേരളത്തിലെ എല്ലാ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും സഞ്ചാരികളുമായി എത്തുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചിരുന്നതായും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

നേരത്തെ വയനാട് ജില്ലയിലെ പ്രകൃതി ദുരന്തത്തെ തുടര്‍ന്നുണ്ടായ ടൂറിസം രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗം ചേര്‍ന്നിരുന്നു. വിവിധ ടൂറിസം സംരംഭകര്‍, ടൂറിസം സംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

വയനാട് കേന്ദ്രീകരിച്ചുള്ള ടൂറിസം വ്യവസായം പഴയനിലയിലാക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പി.എ. മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇതിനായി സെപ്റ്റംബര്‍ മാസത്തില്‍ പ്രത്യേക മാസ് ക്യാമ്പയിന്‍ ആരംഭിക്കുമെന്നാണ് യോഗത്തില്‍ അറിയിച്ചത്. വയനാട്ടിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക മാര്‍ക്കറ്റിങ് പ്രചരണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlight: Compulsory toilet and rest facilities for tourist taxi drivers; Department of Tourism issued an order

Latest Stories

We use cookies to give you the best possible experience. Learn more