പത്തനംതിട്ട: മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് ശബരിമല നട തുറക്കുമ്പോള്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍. ശബരിമലയില്‍ മണ്ഡലകാലത്ത് എത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പൊലീസിന്റെ പാസ് നിര്‍ബന്ധമാക്കി. മണ്ഡലകാലത്ത് തീര്‍ഥാടകര്‍ പ്രാദേശിക പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പാസ് ഉറപ്പാക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി.
പ്രളയത്തെ തുടര്‍ന്ന് പാര്‍ക്കിങ് മുഴുവനായും നിലയ്ക്കലിലേക്ക് മാറ്റിയിരുന്നു. പാസ് പതിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലിലും മറ്റു പ്രദേശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല. തീര്‍ഥാടന കാലത്ത് പ്രവര്‍ത്തിക്കുന്ന കടകളിലെയും മറ്റും എല്ലാ ജോലിക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തുലാമാസപൂജകള്‍ക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോളുണ്ടായ അനിഷ്ടസംഭവങ്ങള്‍ കണക്കിലെടുത്താണ് നടപടി.
നിലയ്ക്കല്‍വരെ മാത്രമേ തീര്‍ഥാടകരുടെ വാഹനങ്ങള്‍ കടത്തിവിടൂ. പമ്പയിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. കൂടാതെ മണ്ഡലകാലത്ത് വിശ്വാസികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈനിലൂടെ ഇതുവരെ നാല് ലക്ഷത്തോളം പേര്‍ ബുക്ക് ചെയ്തതായാണ് വിവരം.
ദര്‍ശനത്തിനെത്തുന്ന ദിവസവും സമയവും ഓണ്‍ലൈനായി തെരഞ്ഞെടുക്കാം. കെ.എസ്.ആര്‍.ടി.സി. ടിക്കറ്റ് ബുക്കിങ്ങും ദര്‍ശനത്തിനുള്ള സമയം തെരഞ്ഞെടുക്കലും www.sabarimalaq.com എന്ന പോര്‍ട്ടലിലൂടെയാണ്. www.keralartc.com എന്ന വെബ്‌സൈറ്റില്‍നിന്ന് നേരിട്ടും ബസ് ടിക്കറ്റുകള്‍ ബുക്കുചെയ്യാം. പത്തുപേര്‍ക്കുവരെ ഒറ്റടിക്കറ്റ് മതി.
ALSO READ: പിന്തിരിപ്പന്‍മാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍: മുഖ്യമന്ത്രി
സമയം അടിസ്ഥാനമാക്കി 48 മണിക്കൂര്‍വരെ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റ് (നിലയ്ക്കല്‍-പമ്പ-നിലയ്ക്കല്‍) ലഭിക്കും. 48 മണിക്കൂറിനുള്ളില്‍ മടക്കയാത്ര പൂര്‍ത്തിയാക്കണം. പമ്പാ സ്‌നാനത്തിനുശേഷം തീര്‍ഥാടകരെ പമ്പയില്‍ തുടരാന്‍ അനുവദിക്കില്ല. നിലയ്ക്കലിലെ കെ.എസ്.ആര്‍.ടി.സി. ടിക്കറ്റ് കൗണ്ടറുകളില്‍നിന്ന് ടിക്കറ്റെടുക്കാം.
WATCH THIS VIDEO: