പെരിന്തല്‍മണ്ണ: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ശസ്ത്രക്രിയ കഴിഞ്ഞെത്തിയ രോഗിയോട് നിപ ബാധയുണ്ടാകാമെന്ന സംശയം പറഞ്ഞു ചികിത്സ പൂര്‍ത്തിയാക്കാന്‍ പോലും സമ്മതിക്കാതെ ഡിസ്ചാര്‍ജ് ചെയ്തുപോകണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായി പരാതി.പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
കേരളം, പ്രത്യേകിച്ച് മലബാര്‍ മേഖല നിപ ഭീതിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഒപ്പം കൃത്യമായ ഉറവിടമില്ലാതെ പ്രചരിക്കുന്ന ഊഹാപോഹങ്ങളും സജീവമായിട്ടുണ്ട്. “പേടിയല്ല ജാഗ്രതയാണ് വേണ്ടത്” എന്ന കാംപെയ്നുകള്‍ രംഗത്തുവരാന്‍ കാരണവും ഇതുതന്നെയാണ്. ഇതിനിടയിലാണ് ആരോഗ്യപ്രവര്‍ത്തകരുടെ ഇടയില്‍നിന്നുതന്നെ കടകവിരുദ്ധമായ പെരുമാറ്റരീതികള്‍ ഉണ്ടാകുന്നതായി പരാതികള്‍ ഉയരുന്നത്.
വീണു തുടയെല്ലുപൊട്ടിയ പാലക്കാട് അലനെല്ലൂര്‍ സ്വദേശി വാസിനി (58)യെ കഴിഞ്ഞ പത്തൊമ്പതിനാണ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്നും വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഒരാഴ്ചക്കിടയില്‍ നിപ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ ശാസ്ത്രക്രിയ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു.
മുറിവ് പഴുക്കാതിരിക്കുന്നതിനു മൂന്നു ദിവസത്തേക്ക് കൂടിയുള്ള ഇഞ്ചക്ഷന്‍ കൃത്യമായി എടുക്കണമെന്നും ശേഷം അവിടുത്തെ ഡോക്ടര്‍ പരിശോധിച്ചശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കണം എന്നുമായിരുന്നു പറഞ്ഞിരുന്നതെന്ന് വാസിനിയുടെ മകളുടെ ഭര്‍ത്താവായ സുരേഷ് കൈതച്ചിറ ഡൂള്‍ന്യൂസിനോട് പറഞ്ഞു.”പക്ഷെ ഇരുപത്തിയേഴിനു രാത്രി പെരിന്തല്‍മണ്ണയിലെത്തിയ ഞങ്ങളെ ഇഞ്ചക്ഷന്‍ തീരാന്‍ ഒരു ദിവസം കൂടി ബാക്കിനില്‍ക്കെ ഡോക്ടര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കുകയായിരുന്നു.”- അദ്ദേഹം പറയുന്നു.
ഇഞ്ചക്ഷന്‍ എടുത്തതെല്ലാം നഴ്‌സുമാര്‍ ആയിരുന്നെന്നും ഒറ്റ തവണപോലും ഡോക്ടര്‍ എത്തി പരിശോധിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇഞ്ചക്ഷനും പരിശോധനയും കഴിഞ്ഞയുടനെ പോകാമെന്നു അറിയിച്ചപ്പോള്‍ “ഇപ്പോള്‍ തന്നെ പോകണം. നിങ്ങള്‍ക്ക് നിപ പിടിപ്പെട്ടിരിക്കാം. അതിനാല്‍ ഇവിടെ നിര്‍ത്താന്‍ സാധിക്കില്ല” എന്ന് ഡോക്ടര്‍ ആക്രോശിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍ ആശുപത്രി അധികൃതര്‍ ആരോപണം പൂര്‍ണമായി നിഷേധിച്ചു. വേണ്ട പരിശോധനകളും ചികിത്സയും നടത്തി മുറിവുണങ്ങിയ ശേഷമാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
“ഇത്തരം സര്‍ജറി കേസുകളില്‍ മുറിവുണങ്ങി കഴിഞ്ഞാല്‍ ഡിസ്ചാര്‍ജ് ചെയ്യുകയാണ് പതിവ്. തുടര്‍ ചെക്ക് അപ്പിനു വേണ്ടി എഴുതികൊടുക്കുകയും ചെയ്തിരുന്നു. അതല്ലാതെ നിപ ആണെന്നെല്ലാം ആരോപിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചു എന്ന് പറയുന്നത് പരാതിക്കാരുടെ മാത്രം ഭാഷ്യമാണ്. വിഷയത്തില്‍ ഡോക്ടറെ നേരിട്ടു വിളിച്ചന്വേഷിച്ചിരുന്നു. സാധാരണരീതിയിലാണ് പെരുമാറിയതെന്നും “ആക്രോശിച്ചു” എന്നെല്ലാമുള്ള വാദങ്ങള്‍ തെറ്റാണെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.” – പെരിന്തല്‍മണ്ണ ജില്ലാശുപത്രി സൂപ്രണ്ട് ഡോ.സുജാത ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പക്ഷെ വാര്‍ഡില്‍ വെച്ച് നിപയെച്ചൊല്ലി ഡോക്ടറുമായി നടന്ന ഈ വാക്കുതര്‍ക്കം മറ്റു രോഗികള്‍ക്കിടയില്‍ ഭീതി പരത്തുന്നതിനു കാരണമായെന്നാണ് രോഗിയുടെ ബന്ധുക്കളുടെ വാദം. “ഇതിനുശേഷം അവിടെ നില്ക്കാന്‍ പോലും കഴിയുമായിരുന്നില്ല. ആകെ ഭയന്ന മറ്റു രോഗികള്‍ ഞങ്ങളെ നോക്കുന്നതുപോലും അത്തരത്തിലായിരുന്നു.” സുരേഷ് പറയുന്നു.
രോഗിയുടെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് പരാതിപ്പെട്ടതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും നേരിട്ട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിഷയത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് ഡി.എം.ഒ ഡോ.സക്കീന ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“സസ്പെന്‍ഷനോ മറ്റു നടപടികളോ വേണമെന്ന് ഞങ്ങള്‍ക്കില്ല. ഈ സാഹചര്യത്തില്‍ ഓരോ ഡോക്ടറും എത്രമാത്രം ആവശ്യമാണെന്നും അറിയാം. പക്ഷെ ഇത്തരം പെരുമാറ്റരീതികളില്‍ ഒരു മാറ്റം വരണം” പരാതിക്കാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
നേരത്തെ കോഴിക്കോട് നിപ ബാധിച്ചു മരിച്ച രാജന്റെ ബന്ധുക്കള്‍ മാസ്‌ക് ആവശ്യപ്പെട്ടപ്പോള്‍ വീട്ടിലേക്ക് തിരിയുന്ന വഴിയില്‍ മാസ്‌കുകള്‍ വെച്ച് ആരോഗ്യപ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നുവെന്ന് വീട്ടുകാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.