എഫ്.ഐ.ആറില്‍ പൊലീസിന്റെ താല്‍പര്യങ്ങള്‍ എഴുതാന്‍ നിര്‍ബന്ധിക്കുന്നു; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ദര്‍ശന്‍ സോളങ്കിയുടെ കുടുംബം
national news
എഫ്.ഐ.ആറില്‍ പൊലീസിന്റെ താല്‍പര്യങ്ങള്‍ എഴുതാന്‍ നിര്‍ബന്ധിക്കുന്നു; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ദര്‍ശന്‍ സോളങ്കിയുടെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th March 2023, 6:09 pm

മുംബൈ: മകന്റെ മരണത്തില്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് ഉപദ്രവിക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്ക് പരാതി നല്‍കി ഐ.ഐ.ടി ബോംബെയില്‍ വെച്ച്‌ ആത്മഹത്യ ചെയ്ത ദര്‍ശന്‍ സോളങ്കിയുടെ കുടുംബം. പൊലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും ഈ മനോഭാവം അത്ഭുതമുണ്ടാക്കുന്നതായും പിതാവ് രമേശ് സോളങ്കി നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവം നടന്ന് ആഴ്ചകളായിട്ടും പൊലീസ് എഫ്.ഐ.ആര്‍ എടുക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും പരാതിയില്‍ പറഞ്ഞു.

അതേസമയം ദളിത് സമുദായമായതിനാല്‍ വിവേചനകള്‍ മകന്‍ അനുഭവിച്ചിട്ടുണ്ടെന്നും മരണത്തില്‍ സംശയമുണ്ടെന്നും കുടുംബം പറഞ്ഞു.

‘മകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 16ന് നല്‍കിയ പരാതിയെ സംബന്ധിച്ചുള്ള എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ കുടുംബസമേതം അഹമ്മദാബാദില്‍ നിന്നും പോവായി സ്‌റ്റേഷനില്‍ പോയ വിവരം താങ്കളെ അറിയിക്കുന്നു.

എന്നാല്‍ ‘പ്രത്യേക അന്വേഷണ സമിതി’ അന്വേഷണം ആരംഭിച്ചതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഞങ്ങളെ തടയുകയായിരുന്നു,’ കത്തില്‍ പറയുന്നു.

മാര്‍ച്ച് 16നും ഇതേ ആവശ്യം ഉന്നയിച്ച് അന്വേഷണ സമിതിയെ സമീപിച്ചിരുന്നെങ്കിലും അന്നും അവര്‍ സഹകരിച്ചില്ലെന്ന് രമേഷ് സോളങ്കി പറഞ്ഞു.

പൊലീസ് എഫ്.ഐ.ആറില്‍ അവരുടെ താല്‍പര്യങ്ങള്‍ എഴുതാന്‍ തങ്ങളെ നിര്‍ബന്ധിക്കുകയാണെന്നും അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

‘ഞങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതെന്നും അന്വേഷണം യാതൊരു വിട്ടുവീഴ്ചയുമില്ലാതെ സ്വതന്ത്രമായി തന്നെ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ മകന് നീതി ലഭിക്കുന്നതിന് വേണ്ടി ഇടപെടണം,’ രമേഷ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ക്യാമ്പസില്‍ ഇത്തരം വിവേചനങ്ങളൊന്നുമില്ലെന്നും അക്കാദമിക പ്രകടനം മോശമായതാണ് ആത്മഹത്യക്ക് നയിച്ചതെന്നും ഐ.ഐ.ടിയിലെ അന്വേഷണ കമ്മിറ്റി പറഞ്ഞു.

അതേസമയം പ്രത്യേക അന്വേഷണ സമിതി അദ്ദേഹത്തിന്റെ ഹോസ്റ്റല്‍ മേറ്റിന്റെ പേര് പരാമര്‍ശിക്കുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പരാതിയുടെ ഒരു കോപ്പി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും മുംബൈ പൊലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാക്കറിനും കുടുംബം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 12നായിരുന്നു ദര്‍ശന്‍ സോളങ്കിയെ ക്യാമ്പസിന്റെ ഹോസ്റ്റല്‍ പരിസരത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

content highlight: Compulsion to write police interest in FIR; Darshan Solanki’s family filed a complaint with the Chief Minister