Entertainment news
ചില ക്ലാഷുകള്‍ കാരണം ഞാന്‍ കംപോസ് ചെയ്ത പാട്ട് ആ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കി; ആകെ തകര്‍ന്ന് പണ്ടാരമടങ്ങിപ്പോയി: ഗൗരി ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 31, 07:21 am
Saturday, 31st December 2022, 12:51 pm

വളരെ ചെറിയ പ്രായത്തില്‍ തന്നെ മ്യൂസിക് ഫീല്‍ഡിലെത്തി കംപോസറായും ഗായികയായും ശ്രദ്ധ നേടിയ ആളാണ് ഗൗരി ലക്ഷ്മി. ഗൗരി ആദ്യമായി എഴുതി കംപോസ് ചെയ്ത ‘സഖിയേ, നിന്‍ കണ്‍മുനകളില്‍’ എന്ന ഗാനം ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

തന്റെ പതിമൂന്നാമത്തെ വയസില്‍ ഗൗരി കംപോസ് ചെയ്ത സഖിയേ എന്ന ഗാനം പിന്നീട് 2012ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍- റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസനോവയിലേക്ക് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ റിലീസ് ചെയ്ത സമയത്ത് ആ പാട്ട് സിനിമയുടെ ഭാഗമായിരുന്നില്ല.

ഇത് തന്നെ വല്ലാതെ ബാധിച്ചെന്നും സിനിമയില്‍ സംഗീത സംവിധാനത്തിന് പിറകെ പോകാതിരിക്കാന്‍ ഇതൊരു കാരണമായെന്നും പറയുകയാണ് ഗൗരി. ഐ ആം വിത്ത് ധന്യ വര്‍മ പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

”ഞാനായിട്ട് മ്യൂസിക് കംപോസിങ്ങിന്റെ പിറകെ പോയിട്ടില്ല. അങ്ങനെ പോകണമെന്ന് എനിക്ക് താല്‍പര്യവും തോന്നിയിട്ടില്ല.

പതിമൂന്നാമത്തെ വയസില്‍, സിനിമയില്‍ മ്യൂസിക് ചെയ്യണം എന്നുള്ള ഒരു ഐഡിയയുമില്ലാത്ത എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി മാത്രമായിരുന്നു ഞാന്‍. പത്ത് വയസ് മുതല്‍ തന്നെ കവിതകള്‍ എഴുതുമായിരുന്നു.

അച്ഛന്റെ സുഹൃത്ത് വഴിയാണ് ഒരു ഫാമില് ഗെറ്റ് ടുഗദറില്‍ വെച്ച് റോഷന്‍ ആന്‍ഡ്രൂസ് സാറിനെ പരിചയപ്പെട്ടത്. അവിടെവെച്ച് ഞാന്‍ പാട്ട് പാടിയപ്പോഴാണ് അവര്‍ സഖിയേ ആദ്യമായി കേള്‍ക്കുന്നത്. അങ്ങനെയാണ് പടത്തിലേക്കത് സെലക്ട് ചെയ്തത്.

ആ സമയത്തെ ബിഗ് ബജറ്റ് സിനിമയാണ് കാസനോവ. പിന്നെ ഫുള്‍ ഡ്രീം സീനുകളാണ്. പുറത്തുള്ള ഏതോ ടുളിപ് തോട്ടത്തില്‍ പോയി മോഹന്‍ലാല്‍ ശ്രിയ ശരണ്‍ കോമ്പോ പാട്ട് ഷൂട്ടിങ്ങും ഭയങ്കര പരിപാടികളുമൊക്കെയായിരുന്നു.

ഞാന്‍ സ്‌കൂളില്‍ പോയി ഫ്രണ്ട്‌സിനോടൊക്കെ പറയും, ഇങ്ങനെയാണ് ഷൂട്ട് അങ്ങനെയാണ് ഷൂട്ട് എന്നൊക്കെ. മൂവീ മാഗസിനുകളിലൊക്കെ കാസനോവയിലെ പുതിയ പാട്ടുകളെ കുറിച്ച് പറയുന്നു.

ഇതൊക്കെ കഴിഞ്ഞ് സിനിമ റിലീസായത് മൂന്നോ നാലോ വര്‍ഷം കഴിഞ്ഞാണ്. എട്ടാം ക്ലാസില്‍ എഴുതിയ പാട്ട്, പത്താം ക്ലാസില്‍ ഓഡിയോ ലോഞ്ച് നടക്കുന്നു ബാംഗ്ലൂര്‍ വെച്ച്. അതിനുശേഷം ഡിഗ്രി ഫസ്റ്റ് ഇയറില്‍ എത്തിയപ്പോഴാണ് പടം റിലീസ് ചെയ്യുന്നത്. പടം പുറത്തുവന്നപ്പോഴേക്കും ഓഡിയോ കാസറ്റില്‍ ‘സഖിയേ… ഗൗരി ലക്ഷ്മി’ എന്നൊക്കെ എഴുതിയിട്ടുണ്ട്. പക്ഷെ സിനിമയില്‍ പാട്ടില്ല.

റിലീസിന്റെ ഒരാഴ്ച മുമ്പ് എനിക്ക് വിവരം കിട്ടി. സിനിമക്കുള്ളിലെ ഫണ്ടിങ് പ്രശ്‌നങ്ങളും എന്തൊക്കെയോ ക്ലാഷും കാരണം പടത്തില്‍ പാട്ട് ഉള്‍പ്പെടുത്തിയില്ല.

എനിക്കന്ന് പതിനേഴ്- പതിനെട്ട് വയസേ പ്രായമുള്ളൂ, ഞാനാകെ തകര്‍ന്ന് പണ്ടാരമടങ്ങിപ്പോയി. പിന്നീട് ആ ഏരിയ ചേസ് ചെയ്യാന്‍ എനിക്ക് തോന്നിയിട്ടില്ല.

ഇങ്ങോട്ട് വരുന്ന അവസരങ്ങള്‍ക്ക് കുറേയൊക്കെ ഓക്കെ പറഞ്ഞു. പക്ഷെ ഞാനായി അതിന്റെ പിറകെ പോയിട്ടില്ല. കാരണം അന്ന് അത്രയും വലിയ ഡ്രീം കെട്ടിപ്പൊക്കിയിരുന്നു. എന്റെ പാട്ടില്‍ മോഹന്‍ലാലും ശ്രിയ ശരണും ടുളിപ് തോട്ടത്തിലൂടെ പോകുന്നത് മൂന്നാല് വര്‍ഷം ഞാനെന്റെ മനസില്‍ കണ്ടിരുന്നു.

ഈ സംഭവം ഭയങ്കര ഇംപാക്ടുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് കംപോസിങ്ങിന് പിറകെ ഞാന്‍ വല്ലാതെ പോയിട്ടില്ല,” ഗൗരി ലക്ഷ്മി പറഞ്ഞു.

Content Highlight: composer, singer and songwriter Gowry Lekshmi about an experience she had with a Mohanlal film