| Tuesday, 3rd April 2018, 4:04 pm

തകര്‍ന്ന വീട് ഓടിട്ടതായതിനാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല; വൃദ്ധ ദമ്പതികള്‍ അന്തിയുറങ്ങുന്നത് ആട്ടിന്‍കൂട്ടില്‍

ആര്യ. പി
സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിലെ കര്‍ക്കശ നിബന്ധനയില്‍ വഴിയാധാരമായ വൃദ്ധദമ്പതികള്‍ അന്തിയുറങ്ങുന്നത് ആട്ടിന്‍കൂട്ടിലെന്ന് പരാതി. പുല്‍പ്പള്ളി പഞ്ചായത്തിലെ 12 ാം വാര്‍ഡിലെ ചീയമ്പം എഴുപത്തിമൂന്നിലെ നെല്ലിക്കാമ്പറമ്പില്‍ രാഘവന്‍, ഭാര്യ സരസു എന്നിവരാണ് തലചായ്ക്കാന്‍ ഇടമില്ലാതെ ആട്ടിന്‍കൂട്ടില്‍ അഭയം തേടിയത്.
വനാതിര്‍ത്തിയിലെ അഞ്ച് സെന്റ് സ്ഥലമാണ് ഇവര്‍ക്ക് ആകെയുള്ളത്. അതിലുണ്ടായിരുന്ന ചെറിയ വീട് കഴിഞ്ഞയാഴ്ചയുണ്ടായ കാറ്റിലും മഴയിലും നിലംപൊത്തി. വീടിനായി ഏറെ നാളായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരാണ് ഇവര്‍. പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിടമൊരുക്കുന്ന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയ്ക്കായി അപേക്ഷയും നല്‍കി.
എന്നാല്‍ കഴുക്കോലും പട്ടികയും ദ്രവിച്ച് വീഴാറായി നില്‍ക്കുന്ന വീടിന് മുകളില്‍ ഓടുണ്ടെന്ന കാരണത്താല്‍ തങ്ങളുടെ അപേക്ഷ  പഞ്ചായത്ത് നിരാകരിക്കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.
തുടര്‍ന്ന് വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കി. ഇതിന് പിന്നാലെ രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധ നടത്താനായി എത്തുകയും ചെയ്തു. ഇവരുടെ ദുരിതകഥ നാട്ടുകാരും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. എന്നാല്‍ മാനദണ്ഡങ്ങളില്‍ വെള്ളംചേര്‍ക്കാനാവില്ലെന്ന് പറഞ്ഞ് തങ്ങളുടെ അപേക്ഷ ഉദ്യോഗസ്ഥര്‍ തള്ളുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.
ഓടിട്ട വീട് വാസയോഗ്യമാണെന്നായിരുന്നു ലൈഫ് പദ്ധതിയുടെ മാനദണ്ഡത്തില്‍ പറഞ്ഞിരുന്നത്. വാസയോഗ്യമായ വീടുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് ഇവരുടെ വീട് കനത്ത മഴയില്‍ തകരുന്നത്. ഉണ്ടായിരുന്ന കൂരയും പോയതോടെ കൂട്ടിലുണ്ടായിരുന്ന ആടിനെ വിറ്റ് പ്ലാസ്റ്റിക് ഷീറ്റ് മറച്ച് താമസം ആട്ടിന്‍കൂട്ടിലാക്കുകയായിരുന്നു ഇവര്‍.
അസുഖബാധിതനായ രാഘവന്‍ അറുപത്തിനാലാം വയസിലും തൊഴിലുറപ്പ് പദ്ധതിക്ക് പോയി ലഭിക്കുന്ന ഏക വരുമാനത്തിലാണ് ഇവരുടെ കുടുംബം മുന്നോട്ട് പോകുന്നത്. മക്കളെല്ലാം വിവിധ ഇടങ്ങളില്‍ കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരാണ്.
സ്വന്തമായി വീടില്ലാത്ത ആളുകളേയും വെറും ഷീറ്റ് കൊണ്ടോ തടികൊണ്ടോ കെട്ടിയുണ്ടാക്കിയവയില്‍ താമസിക്കുന്നവരേയും മാത്രമാണ് ഭവനരഹിതരര്‍ എന്ന ഗണത്തില്‍ പെടുത്തിയിരിക്കുന്നതെന്ന് ലൈഫ് മിഷന്‍ പ്രൊജക്ട് ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് ഓഫീസര്‍ ബിനു ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. 
ഏതെങ്കിലും തരത്തില്‍ സ്‌ട്രെക്ചറുണ്ടെന്നിരിക്കുകയും അതില്‍ കോണ്‍ക്രീറ്റോ ഷീറ്റോ ഓടോ കെട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ ഈവിഭാഗത്തില്‍ വരില്ലെന്നും അദ്ദേഹം പറയുന്നു.
“”ഇത്തരക്കാര്‍ക്ക്  നിലവില്‍ വീടുണ്ട്. അതുകൊണ്ട് തന്നെ സാങ്കേതിക പരിശോധന നടത്തിയിട്ട് മാത്രമേ തീരുമാനമെടുക്കാന്‍ പറ്റുള്ളൂ. അത് ഗുണഭോക്താവ് മനസിലാക്കേണ്ടതാണ്. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവരേയും സ്ഥലമുണ്ടായിട്ടും വീടില്ലാത്തവരേയും പദ്ധതി പ്രകാരം പരിഗണിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
മുകളില്‍ പറഞ്ഞ കേസിലുള്ള വീട് പൊട്ടിപ്പൊളിഞ്ഞ വീടെന്ന വിഭാഗത്തില്‍ വരുന്നതാണ്. അല്ലാതെ വീടില്ലാത്ത വിഭാഗത്തില്‍പ്പെടുന്നതല്ല.പൊട്ടിപ്പൊളിഞ്ഞ വീടുള്ള ഗുണഭോക്താക്കള്‍ വീടും സ്ഥലവും ഇല്ലാത്ത ഗണത്തില്‍ വരണമെന്നാണ്  ആഗ്രഹിക്കുന്നത്. പക്ഷേ അതില്‍ അവരെ ഉള്‍പ്പെടുത്താന്‍ പറ്റില്ല. പക്ഷേ മറ്റൊരു ഗണത്തില്‍ അവര്‍ വരുന്നുണ്ട്. ലൈഫ് പദ്ധതിയുടെ മാനദണ്ഡം നൂറ് ശതമാനം പെര്‍ഫക്ട് ആണെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ മാദണ്ഡം ലഘൂകരിക്കേണ്ട ആവശ്യം ഇല്ല. കേരളത്തില്‍ ഇത്തരത്തില്‍ പൊട്ടിപ്പൊളിഞ്ഞ വീടുള്ള ഏകദേശം അഞ്ചര ലക്ഷം കുടുംബങ്ങള്‍ ഉണ്ട്. അവരെ നമുക്ക് ഭവനരഹിതരുടെ ഗണത്തില്‍പ്പെടുത്താന്‍ പറ്റില്ല.””- അദ്ദേഹം പറയുന്നു.
അതേസമയം റേഷന്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ പദ്ധതിയില്‍ നിന്ന് പുറത്താവുന്നു എന്ന പരാതി ഉണ്ടായിരുന്നെന്നും അതിനും സര്‍ക്കാര്‍ പുതിയ പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവന്നിട്ടുണ്ടെന്നും ബിനു പ്രതികരിച്ചു. അഗതികളായിട്ടുള്ളവരാണെങ്കില്‍ അവരെ പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ത്തീകരിക്കാത്ത ഭവനങ്ങള്‍ ഉള്ളവരെ, ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കേണ്ടതില്ലെന്നാണ് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പറയുന്നത്. ഇവരുടെ പട്ടിക ലൈഫ് മിഷന്‍ പ്രത്യേകം ശേഖരിച്ചിട്ടുണ്ടെന്നും ഇവരെ അപ്പീലിലും പരിഗണിക്കേണ്ടതില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ലൈഫ് മിഷന്‍ നല്‍കുന്ന മറുപടി.
തടി, ഷീറ്റ് എന്നിവ കൊണ്ട് മാത്രം നിര്‍മ്മിച്ചിട്ടുള്ള താത്ക്കാലിക ഭവനങ്ങളെ ഭവനരഹിതരായി പരിഗണിച്ച് പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കേണ്ടതാണെന്നും എന്നാല്‍ വാസയോഗ്യമല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്നവരെ ഈ ഘട്ടത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ പാടില്ലെന്നുമാണ് പദ്ധതി പ്രകാരം പറയുന്നത്.
വാസയോഗ്യമല്ലാത്ത ഭവനങ്ങള്‍ കണ്ടെത്തുന്നതിന് സാങ്കേതിക പരിശോധന ആവശ്യമാണെന്നും ഇത്തരം ഭവനങ്ങള്‍ കണ്ടെത്തി ധനസഹായം നല്‍കുന്നതിന് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്നീട് നല്‍കുന്നതാണെന്നുമാണ് പദ്ധതിയുടെ വെബ്‌സൈറ്റില്‍ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി.
അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ ഇന്നും ഭവന രഹിതരായി നമ്മുടെ സംസ്ഥാനത്തുണ്ട്. വിവിധ ഭവന പദ്ധതികളുടെ ഭാഗമായി പണി തുടങ്ങി പൂര്‍ത്തീകരിക്കാതെ കിടക്കുന്ന ആയിരക്കണക്കിന് വീടുകളുമുണ്ട്. വീടില്ലാത്തവരില്‍ പകുതിയോളം പേരെങ്കിലും ഭൂമിയില്ലാത്തവര്‍ കൂടിയാണ്. പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി സമഗ്രമായി ഈ പ്രശ്നം പരിഹരിക്കാനാണ്  ശ്രമിക്കുന്നതായിരുന്നു സര്‍ക്കാര്‍ വാദം.
എന്താണ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി – ലൈഫ്
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതര്‍ക്കും, സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നതിനും സാമൂഹിക പ്രക്രിയകളില്‍  മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം കേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെ ലക്ഷ്യം.
ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍, എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭവനപദ്ധതികള്‍ സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നടത്തിപ്പിനായി മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സഹ അദ്ധ്യക്ഷനുമായ സംസ്ഥാനതല പാര്‍പ്പിടമിഷനാണ് രൂപീകരിച്ചത്.
ഗുണഭോക്താക്കളുടെ മുന്‍ഗണനാ മാനദണ്ഡം എന്താണ്?
മാനസിക വെല്ലുവിളി നേരിടുന്നവര്‍ / അന്ധര്‍ / ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍
അഗതികള്‍
അംഗവൈകല്യമുള്ളവര്‍
ഭിന്നലിംഗക്കാര്‍
ഗുരുതര / മാരക രോഗമുള്ളവര്‍
അവിവാഹിതരായ അമ്മമാര്‍
രോഗം / അപകടത്തില്‍പ്പെട്ട് ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ പ്രാപ്തിയില്ലാത്തവര്‍
വിധവകള്‍എന്നിവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്
ഗുണഭോക്താക്കളെ കണ്ടെത്തുന്നത് 
കേന്ദ്ര സര്‍ക്കാര്‍ 2011ല്‍ നടത്തിയ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം (എസ്.ഇ.സി.സി) ലഭ്യമായ ഭൂരഹിത-ഭവനരഹിതരുടെ പട്ടികയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പക്കല്‍ വിവിധ പദ്ധതികളിലേയ്ക്കായി തയ്യാറാക്കിയ ഭൂരഹിതര്‍/ഭവനരഹിതരുടെ പട്ടികയും സൂചകങ്ങളായി ഉപയോഗിച്ച് സര്‍വ്വേ നടത്തി അര്‍ഹരായവരെ കണ്ടെത്തുന്നു. കൂടാതെ ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ട് കണ്ടെത്തുന്നതാണ്
ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more